image created with chatgpt
Tech

മെമ്മറി ചിപ്പുകള്‍ക്ക് ക്ഷാമം, നിര്‍മാണചെലവ് ഉയര്‍ന്നപ്പോള്‍ വിലയും കുതിച്ചു; 14 വര്‍ഷത്തെ വലിയ വീഴ്ച്ചയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി

ആഗോള വിപണിയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് സാംസാംഗ് ആണ്. 23 ശതമാനം വിപണി വിഹിതം

Dhanam News Desk

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തിരിച്ചടിയായി മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനസൗകര്യ പദ്ധതികളില്‍ നിന്നുള്ള ശക്തമായ ആവശ്യം മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.

പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം, 2026-ലെ മൂന്നാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഇടിഞ്ഞത്. 2012ന് ശേഷമുള്ള ഏറ്റവും താഴ്ന്ന മൂന്നാം പാദ നിലയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിപ്പുകളുടെ വില വര്‍ധിച്ചതോടെ മോഡലുകളുടെ നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഫോണ്‍ വില ഉയര്‍ന്നതോടെ ഷിപ്പ്‌മെന്റും വില്‍പനയും കുറയുകയും ചെയ്തു. ഉപഭോക്താക്കള്‍ കൂടുതല്‍ കാലം നിലവിലെ ഫോണുകള്‍ ഉപയോഗിക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ട്.

സാംസംഗ് ഒന്നാം സ്ഥാനത്ത്

ആഗോള വിപണിയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് സാംസംഗ് ആണ്. 23 ശതമാനം വിപണി വിഹിതം. എന്നാല്‍ സാംസംഗിന്റെ ഷിപ്പ്മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറഞ്ഞു.

ആപ്പിളാണ് വിപണിയില്‍ രണ്ടാംസ്ഥാനത്ത്. 22 ശതമാനം വിപണി വിഹിതം അവര്‍ക്കുണ്ട്. ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു മൂന്നാംപാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 20 ശതമാനം കടക്കുന്നത്. അതേസമയം, കമ്പനിയുടെ മൊത്തം ഷിപ്പ്മെന്റില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഇടിവുണ്ടായി.

ഷവോമിക്ക് 30 % ഇടിവ്

ഓപ്പോ, വിവോ എന്നിവയുടെ ഷിപ്പ്മെന്റ് 20 ശതമാനത്തിലധികം കുറഞ്ഞു. ഷവോമിക്ക് 30 ശതമാനത്തിലധികം ഇടിവുണ്ടായി. ഇതോടെ കമ്പനിയുടെ ആഗോള വിപണി വിഹിതം 10 ശതമാനമായി കുറഞ്ഞു. അടുത്ത കാലത്ത് വലിയ തിരിച്ചടിയാണ് ഷവോമി നേരിടുന്നത്. ലാഭം വര്‍ധിപ്പിക്കാനായി കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്ഫോണുകളിലും ചില വിദേശ വിപണികളിലും സാന്നിധ്യം കുറച്ചതാണ് കമ്പനിക്ക് തിരിച്ചടിയായത്.

ഈ വര്‍ഷം മുഴുവനും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഉല്‍പാദനം വെട്ടിക്കുറയ്ക്കല്‍, മോഡലുകള്‍ ചുരുക്കുന്നത്, പ്രീമിയം ഫോണുകളിലേക്ക് കൂടുതല്‍ ശ്രദ്ധ എന്നിവ തുടര്‍ന്നേക്കും. അതേസമയം, ഉയര്‍ന്ന വിലയും ഘടകങ്ങളുടെ പരിമിതമായ ലഭ്യതയും കാരണം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാനും സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT