Tech

ഡിജിറ്റല്‍ പരസ്യ മര്യാദകള്‍ പാലിച്ചില്ല; ഗൂഗ്‌ളിന് വീണ്ടും കോടികളുടെ പിഴ

1950 കോടി രൂപയാണ് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി പിഴ വിധിച്ചത്.

Dhanam News Desk

ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) ഗൂഗ്‌ളിന് പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി. റൂബെര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗ്ള്‍ ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് ഉത്തരവ്. ഗൂഗ്ള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് അതോറിറ്റി കണ്ടെത്തിയത്.

ഉയര്‍ന്ന തുക മുടക്കി മാധ്യമങ്ങളിലെത്തുന്ന മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകളുടെയും മറ്റും വാര്‍ത്ത മറയക്കുന്നതായി ഈ പരാതിയില്‍ പറയുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗ്‌ളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമ്മിഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തി. ഉത്തരവിനനുസരിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗ്‌ളിന്റെ പ്രതികരണം.

ഗൂഗ്‌ളിന് മുമ്പും ഫ്രാന്‍സില്‍ നിന്നും പിഴ ലഭിച്ചിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് അന്ന് ഗൂഗ്ള്‍ പിഴ അഠച്ചത്. 2018 ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിനു ഗൂഗ്ള്‍ 34,500 കോടി രൂപ പിഴ നല്‍കണമെന്നു യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വന്‍ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകള്‍ അടയ്ക്കുന്നുവെന്നാണ് അന്ന് കമ്മിഷന്‍ തെളിയിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT