Image courtesy: Canva
Tech

ഗൂഗിൾ മാപ്‌സ് ഫോൺ സ്റ്റോറേജ് നിമിഷനേരം കൊണ്ട് നിറയ്ക്കുന്നു; മെമ്മറി തിരികെ പിടിക്കാൻ വഴികൾ

നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും റൂട്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ടൈംലൈൻ ആയി ഓരോ ഡിവൈസിലും സേവ് ചെയ്യപ്പെടുന്നുണ്ട്

Dhanam News Desk

ഫോണിലെ സ്റ്റോറേജ് പെട്ടെന്ന് തീർന്നുപോകുന്നുണ്ടെങ്കിൽ പലപ്പോഴും നാം ഫോട്ടോകളെയോ വീഡിയോകളെയോ ആണ് കുറ്റപ്പെടുത്താറുള്ളത്. എന്നാൽ ഗൂഗിൾ മാപ്‌സ് നിങ്ങളുടെ ഫോണിലെ സ്ഥലം നിശബ്ദമായി അപഹരിക്കുന്നുണ്ടാകാം. പ്രധാനമായും ഓഫ്‌ലൈൻ മാപ്പുകൾ, കാഷെ (Cache), ടൈംലൈൻ ഡാറ്റ എന്നിവ വഴിയാണ് പശ്ചാത്തലത്തിൽ ആപ്പ് വലിയ അളവിൽ ഡാറ്റ സൂക്ഷിക്കുന്നത്. ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇത്തരം ഡാറ്റകൾ നീക്കം ചെയ്ത് സ്റ്റോറേജ് സ്വതന്ത്രമാക്കാൻ സാധിക്കും.

ഓഫ്‌ലൈൻ മാപ്പുകൾ

യാത്രാ ആവശ്യങ്ങൾക്കായി നാം ഡൗൺലോഡ് ചെയ്യുന്ന മാപ്പുകൾ വലിയ അളവിൽ സ്റ്റോറേജ് എടുത്തേക്കാം. ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് 'Offline Maps' എന്ന ഓപ്ഷനിൽ പോയി, മുമ്പ് ഡൗൺലോഡ് ചെയ്തതും ഇപ്പോൾ ആവശ്യമില്ലാത്തതുമായ മാപ്പുകൾ ഡിലീറ്റ് ചെയ്യുക.

ടൈംലൈൻ ഡാറ്റ: നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും റൂട്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ടൈംലൈൻ ആയി ഓരോ ഡിവൈസിലും സേവ് ചെയ്യപ്പെടുന്നുണ്ട്. വർഷങ്ങളായുള്ള ഇത്തരം വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമില്ലാത്തവ നീക്കം ചെയ്യുകയും ചെയ്യുന്നത് സ്റ്റോറേജ് ലാഭിക്കാൻ സഹായിക്കും. വിവരങ്ങൾ പൂർണമായി നഷ്ടപ്പെടാതിരിക്കാൻ ഗൂഗിൾ സെർവറുകളിലേക്ക് ഇവ ബാക്കപ്പ് ചെയ്യാനും സൗകര്യമുണ്ട്.

കാഷെ (Cache) മെമ്മറി

മാപ്പ് ടൈലുകൾ, സെർച്ചുകൾ, ഡയറക്ഷനുകൾ എന്നിവ കാഷെയായി ഫോണിൽ അവശേഷിക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫോൺ സെറ്റിങ്‌സിലെ 'Apps' വിഭാഗത്തിൽ പോയി മാപ്‌സ് തിരഞ്ഞെടുത്ത ശേഷം 'Clear cache' നൽകാവുന്നതാണ്. ഐഫോൺ (iPhone) ഉപയോക്താക്കൾക്ക് മാപ്‌സ് ആപ്പിലെ പ്രൊഫൈൽ ചിത്രം വഴി 'Settings' തുറന്ന് 'About & terms' എന്നതിലെ 'Clear application data' ഉപയോഗിച്ച് ഇത് ചെയ്യാം.

കൂടുതൽ സ്റ്റോറേജ് ഉള്ള പുതിയ ഫോൺ വാങ്ങുന്നതിനോ അല്ലെങ്കിൽ പ്രിയപ്പെട്ട ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നതിനോ മുൻപ് ഗൂഗിൾ മാപ്‌സ് പരിശോധിക്കുന്നത് വഴി കൂടുതല്‍ ഫോണ്‍ സ്റ്റോറേജ് വീണ്ടെടുക്കാൻ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT