മറ്റൊരാളുടെ ജീവിതത്തിലേക്ക് അനിയന്ത്രിതമായ കടന്നുകയറ്റം നടത്തിയതിന് ഗൂഗ്ളിനോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറയിൽ വീട്ടുമുറ്റത്ത് നഗ്നനായി നിൽക്കുന്ന ഒരാളുടെ ചിത്രം ഇന്റർനെറ്റിൽ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിക്ക് അന്തസ്സിന് നേരെയുണ്ടായ അതിക്രമത്തിന് ഗൂഗ്ൾ 12,500 ഡോളറാണ് (10 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകേണ്ടത്.
അർജന്റീനയിലെ ഒരു ചെറിയ പട്ടണത്തിൽ 2017 ലാണ് സംഭവം നടക്കുന്നത്. തന്റെ നഗ്നചിത്രം വീട്ടുനമ്പറും തെരുവിന്റെ പേരും സഹിതമാണ് ഗൂഗ്ൾ ക്യാമറ പകർത്തിയതെന്ന ആരോപണവുമായാണ് ഇയാള്‍ കോടതിയിലെത്തിയത്. ഈ ചിത്രവും സംഭവവും പിന്നീട് അർജന്റീനിയൻ ടി.വി യിൽ സംപ്രേഷണം ചെയ്യുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കുകയും ചെയ്തു. ഈ പരസ്യ വെളിപ്പെടുത്തൽ ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും പരിഹാസത്തിന് കാരണമായെന്നും തന്റെ അന്തസ്സിന് കോട്ടം വരുത്തിയെന്നും കോടതിയില്‍ ഇയാള്‍ വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ വീടിന്റെ ചുറ്റു മതിലിന് വേണ്ടത്ര ഉയരമില്ലെന്ന ഗൂഗ്ളിന്റെ വാദം കോടതി നിരസിച്ചു. സ്വകാര്യ ഉടമസ്ഥതയിലുളള വാദിയുടെ വീട്ടിലേക്ക് കടന്നുകയറി, അദ്ദേഹത്തിന്റെ അന്തസ്സിനെ അട്ടിമറിച്ചുകൊണ്ട് നടത്തിയ ഗുരുതരമായ തെറ്റിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഗൂഗ്ളിന് ഒഴിഞ്ഞുമാറാൻ ഒരു ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതയിലേക്കുളള കടന്നു കയറ്റം കമ്പനി ഒഴിവാക്കേണ്ടതായിരുന്നു. സ്ട്രീറ്റ് വ്യൂവിൽ ആളുകളുടെയും വാഹനങ്ങളുടെയും മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും മങ്ങിയ തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നിലവിലുള്ള നയം ഗൂഗ്ള്‍ പിന്തുടരേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസിൽ അദ്ദേഹത്തിന്റെ മുഖമല്ല, മറിച്ച് മുഴുവൻ നഗ്നശരീരവുമാണ് ദൃശ്യമായതെന്നും കോടതി പറഞ്ഞു.
Google ordered to pay ₹10 lakh compensation for violating a man's privacy through Street View in Argentina.
Read DhanamOnline in English
Subscribe to Dhanam Magazine