Google, Canva
Tech

ആപ്പിളിനെ റോസ്റ്റ് ചെയ്ത് ഗൂഗ്ള്‍! മടങ്ങുന്നത് ഉള്‍പ്പെടെ നാല് പിക്‌സല്‍ ഫോണുകളെത്തി, വില ₹80,000 മുതല്‍ ₹1,73,000 വരെ

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും പിക്‌സല്‍ സീരീസ് ഫോണുകളായിരുന്നു ഇവന്റിലെ താരം

Dhanam News Desk

പിക്‌സല്‍ 10 സീരീസില്‍ നാല് സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം പിക്‌സല്‍ വാച്ച് 4, ബഡ്‌സ് 2എ എന്നിവയും പുറത്തിറക്കി ഗൂഗ്ള്‍. കഴിഞ്ഞ ദിവസം നടന്ന മെയ്ഡ് ബൈ ഗൂഗ്ള്‍ ഇവന്റിലായിരുന്നു ലോഞ്ച്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും പിക്‌സല്‍ സീരീസ് ഫോണുകളായിരുന്നു ഇവന്റിലെ താരം. ഗൂഗ്‌ളിന്റെ ജെമിനി എ.ഐക്കൊപ്പം ഹാര്‍ഡ്‌വെയറിലും കമ്പനി അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. ഗൂഗ്‌ളിന്റെ ടെന്‍സര്‍ ജി4 ചിപ്പ് സെറ്റിനേക്കാള്‍ 34 ശതമാനം വേഗതയുള്ള പുതിയ ടെന്‍സര്‍ ജി5 ചിപ്പ് സെറ്റുകള്‍ ഉള്‍പ്പെടുത്തിയെന്നതാണ് പ്രധാന മാറ്റം.

നാല് ഫോണുകള്‍

പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്.എല്‍, പിക്‌സല്‍ പ്രോ ഫോള്‍ഡ് എന്നീ ഫോണുകളാണ് വിപണിയിലെത്തിയത്. 6.3 ഇഞ്ച് വലിപ്പത്തില്‍ കോംപാക്ട് വലിപ്പത്തിലാണ് പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ പതിപ്പുകളുടെ വരവ്. 8 ഇഞ്ച് വലിപ്പത്തിലുള്ള ഇന്നര്‍ സ്‌ക്രീനുമായി മസില് പെരുക്കിയാണ് കൂട്ടത്തിലെ വല്യേട്ടനായ പിക്‌സല്‍ 10 പ്രോ ഫോള്‍ഡിന്റെ വരവ്. ഐഫോണുകളും ഗ്യാലക്‌സി ഫോണുകളും വിലസുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഗൂഗ്‌ളിന്റെ പുത്തന്‍ ലോഞ്ചുകളെന്ന് വ്യക്തം. എല്ലാ പിക്‌സല്‍ ഫോണുകള്‍ക്കും ഒപ്പം ഒരു വര്‍ഷത്തേക്ക് ഗൂഗ്ള്‍ എ.ഐ പ്രോ പ്ലാന്‍ കൂടി സൗജന്യമായി നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫീച്ചറുകളാല്‍ സമ്പന്നം

പിക്‌സല്‍ ലൈനപ്പിലെ ഏതാണ്ടെല്ലാ ഫോണുകളിലും സമാനമായ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. എ.ഐ ഫീച്ചറുകളായ മാജിക്ക് ക്യൂ, കോളുകള്‍ക്കിടയിലെ ലൈവ് തര്‍ജമ, ക്യാമറ കോച്ച് എന്നിവ എല്ലാ ഫോണുകളിലും ലഭിക്കും. കോര്‍ണിംഗ് ഗ്ലാസ് വിക്ടസ് 2ന്റെ സുരക്ഷ, വയര്‍ലെസ് ചാര്‍ജിംഗ്, സ്‌പേസ്‌ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ഫ്രെയിം, ആന്‍ഡ്രോയ്ഡ് 16, ഐ.പി 68 റേറ്റിംഗ്, 256 ജി.ബി സ്റ്റോറേജ് എന്നീ ഫീച്ചറുകളും എല്ലാ ഫോണുകളിലും നല്‍കിയിട്ടുണ്ട്. ഓരോ ഫോണുകള്‍ക്കും എത്ര വിലയാകുമെന്നും ഇന്ത്യയിലെ ലഭ്യത എങ്ങനെയാണെന്നും നോക്കാം.

പിക്‌സല്‍ 10

60-120 ഹെര്‍ട്‌സ് വരെ റിഫ്രഷിംഗ് റേറ്റുള്ള 6.3 ഇഞ്ച് ആക്ട്വ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. പിന്നില്‍ 48 എം.പി പ്രൈമറി ക്യാമറയും 13 എം.പി അള്‍ട്രാ വൈഡ് ക്യാമറയും 10.8 എം.പിയുടെ ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുത്തി. 10.5 എം.പിയുടെ സെല്‍ഫി ക്യാമറയാണ് ഫോണിലുള്ളത്. 12 ജി.ബി റാമും പുതിയ ചിപ്പ് സെറ്റും മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കും. 79,999 രൂപയാണ് ഫോണിന്റെ വില. ഇന്‍ഡിഗോ, ഫ്രോസ്റ്റ്, ലെമന്‍ഗ്രാസ്, ഒബ്‌സിഡിയന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

പിക്‌സല്‍ 10 പ്രോ

പിക്‌സല്‍ 10ന് സമാനമായ ഡിസ്‌പ്ലേയാണ് ഇതിലുമുള്ളത്. 50 എം.പി പ്രാഥമിക ലെന്‍സ്, 48 എം.പി അള്‍ട്രാ വൈഡ് ലെന്‍സ്, മൈക്രോ , 48 എം.പി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പിന്നിലുള്ളത്. ഓട്ടോഫോക്കസ് സംവിധാനമുള്ള 48 എം.പി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 4,870 എം.എ.എച്ച് ബാറ്ററി ദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കും. 16 ജി.ബി റാമുള്ള ഫോണിന് 1,09,999 രൂപയാണ് ഇന്ത്യയിലെ വില. മൂണ്‍സ്റ്റോണ്‍, ജേഡ്, പോര്‍സെലൈന്‍, ഒബ്‌സിഡിയന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.

പിക്‌സല്‍ പ്രോ എക്‌സ്.എല്‍

3,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നല്‍കുന്ന 6.8 ഇഞ്ചിന്റെ ഡിസ്‌പ്ലൈയാണ് ഫോണിലുള്ളത്. പിന്നില്‍ 50 എം.പി പ്രൈമറി ലെന്‍സും 48 എം.പിയുടെ അള്‍ട്രാ വൈഡ് മാക്രോ ലെന്‍സും 48 എം.പിയുടെ ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുത്തി. സെല്‍ഫി ക്യാമറക്കായി 42 എം.പിയുടെ ഫ്രണ്ട് ക്യാമറയും നല്‍കിയിട്ടുണ്ട്. 4,200 എം.എ.എച്ചിന്റെ ബാറ്ററിയാണുള്ളത്. 45 വാട്ടിന്റെ ചാര്‍ജിംഗും 25 വാട്ടിന്റെ പിക്‌സല്‍നാപ് വയര്‍ലെസ് ചാര്‍ജിംഗും ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. 16 ജി.ബി റാം പതിപ്പിന് 1,24,999 രൂപയാണ് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്.

പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്

2025ല്‍ ടെക് പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഫോണുകളിലൊന്നാണിത്. ഗൂഗ്ള്‍ എഞ്ചിനീയറിംഗിന്റെ മികവ് വിളിച്ചോതുന്ന ഫോണ്‍ മെച്ചപ്പെട്ട എ.ഐ ഫീച്ചറുകളും മികച്ച ക്യാമറയുമായാണ് വിപണിയിലെത്തുന്നത്. മുന്‍ മോഡലുകളേക്കാള്‍ ഇരട്ടി ഈടുനില്‍ക്കുന്നതാണ് പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നാണ് കമ്പനിയുടെ അവകാശവാദം. പുറത്തെ സ്‌ക്രീന്‍ 6.4 ഇഞ്ച് വലിപ്പത്തിലും അകത്ത് 8 ഇഞ്ചിന്റെ ടാബ്‌ലെറ്റ് വലിപ്പത്തിലുള്ള സ്‌ക്രീനും നല്‍കി. ഒരേസമയം ഫോണായും ടാബ്‌ലെറ്റായും ഉപയോഗിക്കാമെന്ന് സാരം. കൂട്ടത്തിലെ ഏറ്റവും വലിയ ബാറ്ററിയും ഇതിലുണ്ട്. 5,015 എം.എ.എച്ച് ബാറ്ററി 30ലധികം മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്. 48 എം.പിയുടെ മെയിന്‍ ക്യാമറ, 10.5 എം.പിയുടെ അള്‍ട്രാ വൈഡ് ക്യാമറ, 10.8 എം.പിയുടെ ടെലിഫോട്ടോ എന്നിവക്കൊപ്പം ഓരോ സ്‌ക്രീനിലും 10 എം.പിയുടെ രണ്ട് സെല്‍ഫി ക്യാമറയും നല്‍കി. 16 ജി.ബി റാം പതിപ്പിന് 1,72,999 രൂപയാണ് ഇന്ത്യയിലെ വില. മൂണ്‍സ്റ്റോണ്‍ എന്ന നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭിക്കുക.

വാച്ച് 4

പിക്‌സല്‍ ഫോണുകള്‍ക്കൊപ്പം പുറത്തിറക്കിയ പിക്‌സല്‍ വാച്ച് 4, പിക്‌സല്‍ ബഡ്‌സ് 2എ എന്നിവയും ടെക് ലോകത്ത് സംസാരമായി. കേടുപാടുണ്ടായാല്‍ അറ്റകുറ്റപ്പണി നടത്താവുന്ന വിധത്തിലാണ് വാച്ചിന്റെ വരവ്. ജെമിനിയുടെ സഹായത്താല്‍ എ.ഐ ഫീച്ചറുകളും ഉപയോഗിക്കാം.15 മിനിറ്റില്‍ 60 ശതമാനം ചാര്‍ജ് ചെയ്യാമെന്നും ഗൂഗ്ള്‍ പറയുന്നു. 41 എം.എം പതിപ്പിന് 39,999 രൂപയും 45 എം.എം പതിപ്പിന് 43,900 രൂപയുമാണ് വില.

ബഡ്‌സ് 2എ

11 എം.എം ഡൈനാമിക് ഡ്രൈവറുള്ള ബഡ്‌സ് 2എയില്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ട്രാന്‍സ്പരന്‍സി മോഡ്, കൂടുതല്‍ കാലം ഉപയോഗിക്കാനാവുന്ന ഡിസൈന്‍ എന്നിവയുണ്ടെന്ന് ഗൂഗ്ള്‍ പറയുന്നു. മികച്ച കോളിംഗ് അനുഭവത്തിനായി ബ്ലൂടൂത്ത് സൂപ്പര്‍ വൈഡ്ബാന്‍ഡ് സപ്പോര്‍ട്ട്, ഇരട്ട മൈക്രോഫോണ്‍, കാറ്റിനെ തടയുന്ന മെഷ് സപ്പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്തി. എ.ഐ ഫീച്ചറുകള്‍ വോയിസ് കമാന്റിലൂടെ ഉപയോഗിക്കാം. 12,999 രൂപയാണ് വില.

ഇനി ലിമിറ്റില്ല

മുഖ്യ എതിരാളികളിലൊന്നായ ആപ്പിളിനെ കളിയാക്കുന്നതിന് കൂടി മെയ്ഡ് ബൈ ഗൂഗ്ള്‍ ഇവന്റ് ഉപയോഗിച്ചുവെന്നാണ് ടെക് ലോകത്തെ സംസാരം. യു.എസ് കൊമേഡിയനും ചലച്ചിത്ര അവതാരകനുമായ ജിമ്മി ഫാളനാണ് ഇവന്റ് നയിച്ചത്. എന്നാല്‍ ഗൂഗ്ള്‍ ജീവനക്കാരിയായ അഡ്രിയാന്‍ ലോഫ്റ്റന്റെ അവതരണമായിരുന്നു സദസിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോക്താക്കള്‍ക്ക് പരിമിതമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും ഗൂഗ്‌ളിന്റെ ആന്‍ഡ്രോയ്ഡ് ഇതിനൊരു പരിഹാരമാണെന്നുമായിരുന്നു അഡ്രിയാന്റെ സംസാരത്തിന്റെ സാരം. ആപ്പിള്‍ ഫോണുകളിലെ പല ഫീച്ചറുകളെയും കവച്ചുവെക്കുന്നതും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതുമാണ് പിക്‌സല്‍ ഫോണുകളെന്നാണ് ഗൂഗ്ള്‍ പറയാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍. നിങ്ങളുടെ ഫോണിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കൂ (Ask more of your phone) എന്ന ടാഗ് ലൈന്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും ടെക് വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ഐഫോണ്‍ 17ന്റെ ലോഞ്ച് ഇവന്റില്‍ ആപ്പിള്‍ ഇതിന് മറുപടി പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Google launches its Pixel 10 smartphones in India alongside Watch 4 and Buds 2a. Packed with advanced features, improved battery life, AI-powered cameras, and seamless connectivity, the new Pixel devices aim to enhance productivity and entertainment for users.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT