ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി ഉപയോഗിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ കേസ്. തങ്ങളുടെ അനുമതിയില്ലാതെ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളായ ജിമെയില്‍, ചാറ്റ്, മീറ്റ് (Gmail, Chat, Meet) തുടങ്ങിയ വർക്ക്‌സ്പേസ് പ്ലാറ്റ്‌ഫോമുകളിലുടനീളം ജെമിനി എ.ഐ (Gemini AI) അസിസ്റ്റൻ്റിനെ രഹസ്യമായി പ്രവർത്തനക്ഷമമാക്കിയെന്നും, ഇത് ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങൾ സ്കാൻ ചെയ്യാനും ചൂഷണം ചെയ്യാനും ഉപയോഗിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
ഇമെയിലുകളും അറ്റാച്ച്മെന്റുകളും ഉൾപ്പെടെയുള്ള സ്വകാര്യ ഡാറ്റ ജെമിനി "കൈക്കലാക്കി" എന്നും, ഇത് ഇൻവേഷൻ ഓഫ് പ്രൈവസി ആക്ടിൻ്റെ ലംഘനമാണെന്നും ഹർജിയില്‍ പറയുന്നു. ജെമിനി ഫീച്ചർ ഓൺ ചെയ്യാൻ ഉപയോക്താക്കൾ വ്യക്തമായി സമ്മതം (Opt-in) നൽകിയിട്ടില്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ ആഴത്തിലുള്ള പ്രൈവസി സെറ്റിങ്സുകളിലൂടെ കടന്നുപോകേണ്ടി വരുന്നുവെന്നതും, കമ്പനി ഉപയോക്താക്കൾക്ക് വേണ്ടത്ര വിവരങ്ങൾ നൽകാതെയാണ് പ്രവർത്തിച്ചതെന്നതിൻ്റെ തെളിവായി ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ടെക് ഭീമൻമാർ എ.ഐ (AI) സംവിധാനങ്ങൾ ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ സംയോജിപ്പിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന നിയമപരവും നിയന്ത്രണപരവുമായ പരിശോധനകളുടെ ഭാഗമാണ് ഈ പുതിയ കേസ്. Gmail/Workspace-ൻ്റെ വലിയ യൂസർ ബേസ് പരിഗണിച്ച്, യു.എസ് കോടതിയില്‍ കേസ് ക്ലാസ്-ആക്ഷനായി അംഗീകരിക്കപ്പെട്ടാൽ നിയമനടപടികൾ അതിവേഗം പുരോഗമിക്കാന്‍ സാധ്യതയുണ്ട്. ഉപയോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ കാരണം ഗൂഗിൾ അടുത്തിടെ നിരവധി സ്വകാര്യതാ കേസുകള്‍ നേരിട്ടിരുന്നു.
Gemini AI secretly operated on Gmail, Chat, Meet platforms; Google sued for leaking private information.
Read DhanamOnline in English
Subscribe to Dhanam Magazine