image: @ youtube 
Tech

ജീവനക്കാര്‍ ഓഫീസില്‍ ഇരുന്ന് പണിയെടുക്കണം : സ്വരം കടുപ്പിച്ച് ഗൂഗ്ള്‍

ആഴ്ചയില്‍ മൂന്നു ദിവസം ഓഫീസില്‍ എത്തണമെന്ന നിര്‍ദേശം നേരത്തേയുണ്ടെങ്കിലും പലരും പാലിക്കുന്നില്ല

Dhanam News Desk

ജീവനക്കാര്‍ ഓഫീസില്‍ എത്തി ജോലിചെയ്യണമെന്നത് കര്‍ശനമാക്കി ഗൂഗ്ള്‍.കോവിഡ് കാലത്ത് പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗൂഗ്ള്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. പിന്നീട് അത് മൂന്നു ദിവസം ഓഫീസില്‍ എത്തണമെന്ന രീതിയിലേക്ക് മാറ്റിയിരുന്നു.പക്ഷെ, പലരും വീട്ടില്‍ തന്നെ ജോലി തുടരുന്ന രീതിയിലാണുള്ളത്.

പ്രവർത്തന മികവിനു ഹാജർ വേണം 

എല്ലാ ജീവനക്കാരും  മൂന്നു ദിവസം നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്നാണ് കഴിഞ്ഞ ആഴ്ച ഗൂഗ്ള്‍ അറിയിച്ചിരിക്കുന്നത്. പ്രവര്‍ത്തനമികവ് പരിശോധനയില്‍  അറ്റന്റന്‍സും ബാഡ്ജ് ട്രാക്കിംഗും നിര്‍ബന്ധമാക്കുമെന്നും ഗൂഗ്ള്‍ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.  പൂര്‍ണമായും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുള്ളവരുടെ കാര്യവും പുന:പരിശോധിക്കും.

വ്യക്തികള്‍ ഒരുമിച്ചു ചേരുന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെന്നാണ് ജോലി നയം പരിഷ്‌കരിച്ചുകൊണ്ട് ഗൂഗ്ള്‍ ചീഫ് പീപ്പ്ള്‍ ഓഫീസര്‍ ഫിയോണ സിക്കോണി പറഞ്ഞത്.

ജീവനക്കാര്‍ക്ക് മടി

ഗൂഗ്‌ളിന്റെ ഈ തിരിച്ചു വിളി ജീവനക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. 'വര്‍ക്ക്' നോക്കിയാല്‍ മതി 'ബാഡ്ജ്'നോക്കണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും ഇപ്പോഴും വീട്ടില്‍ തന്നെ ജോലി തുടരുന്നത്. പൂര്‍ണമായും വീട്ടിലിരുന്ന ജോലി അനുവദിച്ചതോടെ മിക്കവരും ഓഫീസിന് സമീപമുള്ള താമസം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്കും ഗ്രാമങ്ങളിലേക്കുമൊക്കെ മടങ്ങിയിരുന്നു. ഓഫീസിൽ എത്തണമെന്നത് നിർബന്ധമാക്കിയാൽ വീണ്ടും പുതിയ വീടുകള്‍ കണ്ടെത്തേണ്ടി വരും.

വീട്ടിലിരുന്നും ഓഫീസില്‍ വന്നും ജോലി ചെയ്യാവുന്ന ഹൈബ്രിഡ് മോഡലാണ് നടപ്പാക്കിയിരിക്കുന്നത് എന്നതിനാല്‍ ജീവനക്കാരുടെ വരവും പോക്കും നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം ലീഡര്‍മാര്‍ക്കുണ്ടെന്നാണ് കമ്പനി വക്താക്കളും പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT