Image created with Chatgpt
Tech

യൂസര്‍നെയിം ഫീച്ചറിന് കുരുക്ക്, കടുപ്പിച്ച് കേന്ദ്രം; നോട്ടീസിന് പിന്നാലെ വിശദീകരണവുമായി വാട്‌സാപ്പ്

യൂസര്‍ നെയിം ഫീച്ചര്‍ മാത്രമായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക

Dhanam News Desk

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ യൂസര്‍നെയിം ഫീച്ചര്‍ കൊണ്ടുവരാനുള്ള നീക്കം വിവാദത്തിലേക്ക്. ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ അക്കൗണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന യൂസര്‍നെയിം ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം നോട്ടീസ് നല്കിയതിന് പിന്നാലെ വിശദീകരണവുമായി വാട്‌സാപ്പ് വിശദീകരണവുമായി രംഗത്തെത്തി.

യൂസര്‍ നെയിം ഫീച്ചര്‍ മാത്രമായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക. അതേസമയം, തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ യൂസര്‍നെയിമുകളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഒരു വ്യക്തിയ്ക്ക് സന്ദേശമയക്കാന്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഒരു അക്കൗണ്ടിന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും.

ഒരാളുടെ യൂസര്‍നെയിം ഊഹിച്ചെടുക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ തടയുമെന്നും വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെന്നും വാട്‌സാപ്പ് അവകാശപ്പെടുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

ഏതെങ്കിലുമൊരു ഉപയോക്താവ് യൂസര്‍നെയിം വഴി ആദ്യമായി സന്ദേശം അയക്കുമ്പോള്‍ അവര്‍ നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്ള വ്യക്തിയാണോ, അത് പുതിയ അക്കൗണ്ടാണോ, അവര്‍ ഏതെങ്കിലും പൊതുവായ ഗ്രൂപ്പുകളില്‍ ഉണ്ടോ, അവര്‍ മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തിയാണോ തുടങ്ങിയ വിവരങ്ങള്‍ വാട്‌സാപ്പ് പ്രദര്‍ശിപ്പിക്കും. ഇത് വഴി അതിന് മറുപടി നല്‍കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്ന് കമ്പനി അറിയിച്ചു.

വാട്സാപ്പിന്റെ പദ്ധതി നിരീക്ഷിച്ചു വരികയാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുകയാണെന്നും നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. സൈബര്‍ സുരക്ഷാ വിദഗ്ധര്‍, നിയമ വിദഗ്ധര്‍, ഉപയോക്താക്കള്‍ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആശങ്ക കണക്കിലെടുത്താണ് ഇടപെടല്‍.

വാട്‌സാപ്പ് പറയുന്നതിങ്ങനെ

വാട്സാപ്പ് പങ്കുവെച്ച പ്രധാന വിശദീകരണങ്ങള്‍ താഴെ പറയുന്നവയാണ്

യൂസര്‍നെയിം നിര്‍ബന്ധമല്ല: വാട്സാപ്പില്‍ യൂസര്‍നെയിം ക്രിയേറ്റ് ചെയ്യുക എന്നത് ഉപയോക്താക്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇത് നിര്‍ബന്ധമല്ല, തികച്ചും ഓപ്ഷണലാണ്.

പ്രമുഖരുടെ പേരുകള്‍ റിസര്‍വ് ചെയ്യാനാകില്ല: പ്രമുഖ വ്യക്തികള്‍, സെലിബ്രിറ്റികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകള്‍ എന്നിവരുടെ പേരുകളും അവയോട് സാദൃശ്യമുള്ളവയും മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കാത്ത വിധം വാട്സാപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഇവ അതാത് യഥാര്‍ത്ഥ ഉടമകള്‍ക്ക് മാത്രമേ ക്ലെയിം ചെയ്യാനാകൂ. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ യൂസര്‍നെയിമുകള്‍ ആവശ്യമുള്ളവര്‍ അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്ത് ഉടമസ്ഥത തെളിയിക്കേണ്ടതുണ്ട്.

യൂസര്‍നെയിം സെര്‍ച്ച് ചെയ്യാനാകില്ല: ഫോണ്‍ നമ്പറുകള്‍ വാട്സാപ്പില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കാത്തതുപോലെ, യൂസര്‍നെയിമുകളും പ്ലാറ്റ്ഫോമില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയില്ല. ഒരാള്‍ക്ക് നിങ്ങളെ ബന്ധപ്പെടണമെങ്കില്‍ നിങ്ങളുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണം.

പുതിയ സന്ദേശങ്ങള്‍ക്ക് മുന്നറിയിപ്പ്: യൂസര്‍നെയിം വഴി അപരിചിതനായ ഒരാള്‍ ആദ്യമായി മെസേജ് അയക്കുമ്പോള്‍, സന്ദേശം അയച്ചയാളുടെ രാജ്യം, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന് മുന്നറിയിപ്പായി ലഭിക്കും. ഇതിലൂടെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

WhatsApp explains its security safeguards for the upcoming username feature after the Indian government's concerns over potential fraud and cyber security risks

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT