Image courtesy: Canva
Tech

ഉളളടക്കത്തിന് എ.ഐ കമ്പനികൾ പ്രതിഫലം നല്‍കണം, ചെറുകിട എഴുത്തുകാർക്കും സംഗീതജ്ഞർക്കും നേട്ടം; ശുപാര്‍ശയുമായി കേന്ദ്ര പാനല്‍

പൊതുവായി ലഭ്യമായ ഉള്ളടക്കം ഉപയോഗിച്ച് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് നിരക്കുകൾ ഈടാക്കരുതെന്ന് കമ്പനികള്‍

Dhanam News Desk

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ ഉപയോഗിക്കുമ്പോൾ, അതിൻ്റെ സ്രഷ്ടാക്കള്‍ക്ക് എ.ഐ കമ്പനികൾ റോയൽറ്റി നൽകണമെന്ന് ശുപാർശ ചെയ്ത് കേന്ദ്ര സർക്കാർ പാനൽ. ഈ റോയൽറ്റി നിരക്കുകൾ സർക്കാർ നിശ്ചയിച്ച ഒരു സമിതിയായിരിക്കും തീരുമാനിക്കുക. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികള്‍ക്ക് ഇത് ബാധകമാകും.

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡിൻ്റെ (DPIIT) നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് 'വൺ നേഷൻ, വൺ ലൈസൻസ്, വൺ പേയ്‌മെൻ്റ്: ബാലൻസിങ് എഐ ഇന്നൊവേഷൻ ആൻഡ് കോപ്പിറൈറ്റ്' എന്ന വർക്കിംഗ് പേപ്പറിൽ ഈ ശുപാർശ മുന്നോട്ട് വെച്ചത്.

ശുപാർശയുടെ പ്രധാന ഘടകങ്ങൾ

നിർബന്ധിത ലൈസൻസ്: നിര്‍മ്മിത ബുദ്ധി പരിശീലനത്തിനായി പകർപ്പവകാശമുള്ള എല്ലാ സൃഷ്ടികളും ഉപയോഗിക്കുന്നതിന് എ.ഐ കമ്പനികൾക്ക് ഒരു മാൻഡേറ്ററി ബ്ലാങ്കറ്റ് ലൈസൻസ് നിർബന്ധമാക്കും.

റോയൽറ്റി നിശ്ചയിക്കൽ: റോയൽറ്റി നിരക്കുകൾ നിശ്ചയിക്കുന്നത് സർക്കാർ നിയമിക്കുന്ന ഒരു സമിതിയായിരിക്കും. സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ഈ പാനൽ എ.ഐ കമ്പനികളുടെ ആഗോള വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം റോയൽറ്റിയായി നിശ്ചയിക്കാൻ ശുപാർശ ചെയ്യുന്നു.

ചെറുകിട എഴുത്തുകാർക്കും സംഗീതജ്ഞർക്കും വാർത്താ പ്രസാധകർക്കും അവരുടെ ഉള്ളടക്കത്തിന് കൃത്യമായ പ്രതിഫലം ഉറപ്പാക്കാനും എ.ഐ കമ്പനികൾക്ക് ഡാറ്റാ ലഭ്യത ഉറപ്പുവരുത്തി നവീകരണം പ്രോത്സാഹിപ്പിക്കാനും ഈ മാതൃക സഹായിക്കുമെന്നാണ് സർക്കാർ പാനലിൻ്റെ വിലയിരുത്തൽ. ഈ ഫ്രെയിംവർക്ക് നടപ്പിലാക്കുകയാണെങ്കിൽ, എ.ഐ ഡെവലപ്പർമാർക്ക് നിയമപരമായ ലൈസൻസിങ് വ്യവസ്ഥ നിർബന്ധമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.

എതിര്‍പ്പ്

അതേസമയം പൊതുവായി ലഭ്യമായ ഉള്ളടക്കം ഉപയോഗിച്ച് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നത് ന്യായമായ ഉപയോഗ രീതിയാണെന്നും അതിന് നിരക്കുകൾ ഈടാക്കരുതെന്നുമാണ് എ.ഐ കമ്പനികളുടെ നിലപാട്. ഗൂഗിളും മൈക്രോസോഫ്റ്റും അംഗങ്ങളായിയുളള പ്രമുഖ ടെക് വ്യവസായ സംഘടനയായ നാസ്കോം നിർബന്ധിത ഫീസ് നിര്‍ദേശത്തെ എതിര്‍ത്തു. കണ്ടുപിടിത്തത്തിന് നികുതിയോ ലെവിയോ ചുമത്തുന്നതിന് തുല്യമാണ് നടപടിയെന്നാണ് സംഘടന വിശേഷിപ്പിച്ചത്.

കമ്പനികള്‍ക്കും പൊതുജനങ്ങൾക്കും നിര്‍ദേശത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ 30 ദിവസത്തെ സമയം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.

Govt panel proposes royalties to creators for AI training.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT