മനുഷ്യര്‍ പതിവായി ചെയ്യുന്ന ശാരീരിക ജോലികള്‍ റെക്കോര്‍ഡ് ചെയ്ത് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പരിശീലിപ്പിക്കുന്ന പുതിയ ഡേറ്റാ ശേഖരണരീതി ഇന്ത്യയില്‍ വ്യാപകമാകുന്നു. തലയില്‍ ഘടിപ്പിച്ച സ്മാര്‍ട്ട്ഫോണുകളും ഗോപ്രോ ക്യാമറകളും സ്മാര്‍ട്ട് ഗ്ലാസുകളും ഉപയോഗിച്ച് തൊഴിലാളികളുടെ കൈചലനങ്ങളും ജോലി ചെയ്യുന്ന രീതികളും പകര്‍ത്തുകയാണ് കമ്പനികള്‍. ഇതിന് പ്രതിഫലമായി ചില തൊഴിലാളികള്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ അധികവരുമാനവും ലഭിക്കുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കരണ്‍ വിഹാറില്‍ മാലിന്യപ്ലാസ്റ്റിക് തരംതിരിക്കുന്നവരും ഈ ഡേറ്റാ ശൃംഖലയുടെ ഭാഗമാണ്. പ്ലാസ്റ്റിക് കവറുകളിലെ ലേബലുകള്‍ നീക്കുന്നതും മാലിന്യം ഗുണനിലവാരമനുസരിച്ച് വേര്‍തിരിക്കുന്നതും ചാക്കുകളിലാക്കുന്നതുമെല്ലാം തലയില്‍ ഘടിപ്പിച്ച ഐഫോണ്‍ പകര്‍ത്തുന്നു. വ്യക്തികളുടെ മുഖങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടാതിരിക്കാന്‍ നിര്‍ദേശമുണ്ടെന്നും ആരെങ്കിലും വിളിച്ചാല്‍ ഇവര്‍ ക്യാമറ ഓഫ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലിയില്‍നിന്ന് പ്രതിമാസം ഏകദേശം 20,000 രൂപ ലഭിക്കുന്ന സുനിതയ്ക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് മണിക്കൂറിന് 150 രൂപ അധികമായി കിട്ടുന്നു. നാലു മക്കളുടെ വിദ്യാഭ്യാസത്തിനായി പണം മാറ്റിവയ്ക്കാന്‍ ഈ വരുമാനം സഹായിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ തന്റെ ദൃശ്യങ്ങള്‍ ഏത് കമ്പനിയാണ് ഉപയോഗിക്കുന്നതെന്നോ അവയുടെ അന്തിമ ഉപയോഗം എന്താണെന്നോ സുനിതയ്ക്ക് വ്യക്തമായ ധാരണയില്ല.
ഇത്തരത്തിലുള്ള ദൃശ്യങ്ങളെ 'ഈഗോസെന്‍ട്രിക് ഡേറ്റ' അഥവാ വ്യക്തിയുടെ കാഴ്ചപ്പാടില്‍നിന്നുള്ള ഡേറ്റ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓണ്‍ലൈനില്‍നിന്ന് ശേഖരിക്കുന്ന വാചകങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ഭാഷാ-ഇമേജ് മോഡലുകളെ പരിശീലിപ്പിക്കാനാകുമെങ്കിലും യഥാര്‍ഥ സാഹചര്യങ്ങളില്‍ വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ റോബോട്ടുകളെ പഠിപ്പിക്കുന്നത് കൂടുതല്‍ സങ്കീര്‍ണമാണ്. വസ്ത്രം മടക്കല്‍, ഭക്ഷണം പാകംചെയ്യല്‍, സാധനങ്ങള്‍ അടുക്കിവയ്ക്കല്‍, മാലിന്യം തരംതിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളുടെ ഫസ്റ്റ് പേഴ്സണ്‍ ദൃശ്യങ്ങള്‍ ഈ പരിമിതി മറികടക്കാന്‍ സഹായിക്കുമെന്നാണ് ഡെവലപ്പര്‍മാരുടെ പ്രതീക്ഷ.
ചെന്നൈയില്‍ വീട്ടുജോലികള്‍ ചിത്രീകരിക്കുന്ന 25കാരിയായ നാഗിറെഡ്ഡി ശ്രീരാമ്യചന്ദ്രയ്ക്ക് ഒരു മണിക്കൂര്‍ വീഡിയോയ്ക്ക് 250 രൂപ ലഭിക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടുകള്‍ക്കു പുറമേ ഫാക്ടറികളിലും പ്രത്യേക സ്റ്റുഡിയോകളിലും ക്യാമറകളും മോഷന്‍ സെന്‍സറുകളും ധരിച്ച് ആളുകള്‍ ഡേറ്റ ശേഖരിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡേറ്റാ കമ്പനിയായ ഒബ്ജക്ട്വെയ്സിന് ഇവര്‍ പ്രത്യേക ആപ്പിലൂടെ ദൃശ്യങ്ങള്‍ കൈമാറുന്നതായും എഎഫ്പി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുറഞ്ഞ ചെലവില്‍ വൈവിധ്യമാര്‍ന്ന ശാരീരിക ജോലികളുടെ ദൃശ്യങ്ങള്‍ വന്‍തോതില്‍ ശേഖരിക്കാനാകുമെന്നതാണ് ഇന്ത്യയെ ഈ രംഗത്തെ പ്രധാന കേന്ദ്രമാക്കുന്നത്. ടെക്‌സ്‌റ്റൈല്‍ ഫാക്ടറികള്‍, നിര്‍മാണമേഖല, വെയര്‍ഹൗസുകള്‍, വീടുകള്‍, തെരുവുകച്ചവടം തുടങ്ങിയ മേഖലകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്ക് റോബോട്ടിക്സ് കമ്പനികള്‍ക്കിടയില്‍ ആവശ്യകത വര്‍ധിക്കുകയാണ്.
പുതിയ വരുമാനമാര്‍ഗം ഗൗരവമുള്ള തൊഴില്‍-സ്വകാര്യതാ ചോദ്യങ്ങളും ഉയര്‍ത്തുന്നു. ചില തൊഴിലാളികള്‍ക്ക് നേരിട്ട് പണം ലഭിക്കുമ്പോള്‍ മറ്റു ചില ഫാക്ടറികളില്‍ പ്രതിഫലം സ്ഥാപന ഉടമകള്‍ക്കു മാത്രമാണെന്നും ക്യാമറ ധരിക്കുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക തുക ലഭിക്കുന്നില്ലെന്നും അന്വേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ ഉല്‍പ്പാദനക്ഷമത വിലയിരുത്താനും തൊഴിലാളികളുടെ ഇടവേളകളും സംഭാഷണങ്ങളും നിരീക്ഷിക്കാനും ഉപയോഗിച്ച സംഭവങ്ങളുമുണ്ട്. തൊഴിലാളികളുടെ വ്യക്തമായ സമ്മതം, ഡേറ്റയുടെ ഉടമസ്ഥത, ഭാവിയിലെ വാണിജ്യ ഉപയോഗത്തില്‍നിന്നുള്ള വിഹിതം എന്നിവ സംബന്ധിച്ച് നിലവിലെ സംവിധാനങ്ങളില്‍ വ്യക്തത കുറവാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അധികവരുമാനം നല്‍കുന്ന അതേ ദൃശ്യങ്ങള്‍ ഭാവിയില്‍ അവരുടെ ജോലികള്‍ യന്ത്രവല്‍ക്കരിക്കാന്‍ ഉപയോഗിക്കപ്പെടാമെന്നതാണ് ഇതിലെ വിരോധാഭാസം. സാങ്കേതികവിദ്യ തൊഴിലാളികളുടെ കഴിവുകള്‍ ഇല്ലാതാക്കുന്നതിന് പകരം അവയെ ശക്തിപ്പെടുത്തുന്ന രീതിയിലാകണമെന്ന് 49 കോടി അനൗപചാരിക തൊഴിലാളികളെ സംബന്ധിച്ച നിതി ആയോഗിന്റെ എഐ രൂപരേഖ നിര്‍ദേശിക്കുന്നു. റോബോട്ടിക്സ് ഡേറ്റയുടെ ആവശ്യകത ഉയരുമ്പോള്‍ തൊഴിലാളികളുടെ അറിവിനും ചലനങ്ങള്‍ക്കും ന്യായമായ പ്രതിഫലവും സ്വകാര്യതാ സംരക്ഷണവും ഉറപ്പാക്കുന്ന നയങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine