Canva
Tech

ഇന്ത്യയെ കാത്തിരിക്കുന്നത് എ.ഐ ബ്ലാക്ക്ഔട്ട്? ഉടൻ ഉണർന്നില്ലെങ്കിൽ കളി മാറുമെന്ന് ബേൺസ്റ്റൈൻ

സാങ്കേതികവിദ്യയുടെ വികസനത്തിനപ്പുറം ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉത്പന്നങ്ങൾ ഇന്ന് വലിയൊരു ജിയോപൊളിറ്റിക്കൽ സമ്മർദ തന്ത്രമായും മാറിയിട്ടുണ്ട്

Dhanam News Desk

വിദേശ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും സാങ്കേതിക സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ (Bernstein). കൃത്യമായ പ്രതിരോധ നടപടികൾ ഇല്ലെങ്കിൽ ഭാവിയിൽ ഇന്ത്യ ഒരു 'എ.ഐ ബ്ലാക്ക്ഔട്ട്' നേരിടേണ്ടി വന്നേക്കാമെന്നും ബേൺസ്റ്റൈൻ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് എ.ഐ ബ്ലാക്ക്ഔട്ട്?

സാങ്കേതികവിദ്യയുടെ വികസനത്തിനപ്പുറം ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉത്പന്നങ്ങൾ ഇന്ന് വലിയൊരു ജിയോപൊളിറ്റിക്കൽ സമ്മർദ തന്ത്രമായും മാറിയിട്ടുണ്ട്. ആഗോള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ നിയന്ത്രിക്കുന്ന ഫൗണ്ടേഷണൽ എ.ഐ മോഡലുകൾ പൂർണമായും വിദേശ കമ്പനികളുടെ കൈകളിലാണ്. അമേരിക്ക പോലുള്ള രാജ്യങ്ങൾ വിദേശ പൗരന്മാർക്ക് അത്യാധുനിക എ.ഐ മോഡലുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ, ഇന്ത്യൻ ഐ.ടി മേഖലയുടെയും കമ്പനികളുടെയും പ്രവർത്തനം ഒറ്റരാത്രികൊണ്ട് സ്തംഭിച്ചേക്കാം (ബ്ലാക്ക്ഔട്ട്). ഡാറ്റാ ചോർച്ചയും അമിത വിലയും ഇതിന്റെ മറ്റ് വെല്ലുവിളികളാണെന്നും ബേൺ​സ്റ്റൈന്റെ റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ 'ഡീപ്‌സീക്ക്' മാതൃക

പാശ്ചാത്യ രാജ്യങ്ങളുടെ സാങ്കേതിക മേധാവിത്വത്തെ മറികടക്കാൻ ചൈന സ്വന്തമായി വികസിപ്പിച്ചെടുത്ത ഫൗണ്ടേഷണൽ മോഡലാണ് 'ഡീപ്‌സീക്ക്' (DeepSeek). ഇത് ചൈനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പരമാധികാരം നേടാൻ സഹായിച്ചു. സോഫ്റ്റ്‌‍വെയർ ഡെവലപ്മെന്റ് മേഖലയിൽ മികച്ച പ്രതിഭകളും വലിയ ഡിജിറ്റൽ വിപണിയുമുണ്ടായിട്ടും ഇന്ത്യയ്ക്ക് ഇതുവരെ സമാനമായ ഒരു നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി മോഡലുകൾ നിർമ്മിച്ചില്ലെങ്കിൽ ഇന്ത്യ വെറുമൊരു എ.ഐ ഉപഭോക്താവ് മാത്രമായി ഒതുങ്ങുമെന്നും ബേൺ​സ്റ്റെന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടെലികോം, പ്രതിരോധ മേഖലകളിൽ നേരത്തെ നേരിട്ടതുപോലെ, എ.ഐ രംഗത്തെ വൈകിയുള്ള നടപടികൾ ഇന്ത്യയുടെ തന്ത്രപരമായ മേധാവിത്വം നഷ്ടപ്പെടുത്തിയേക്കാം. ആഗോള എ.ഐ വിപണി ചുരുക്കം ചില വൻകിട കമ്പനികളിലേക്ക് ചുരുങ്ങുന്നതിന് മുൻപ് ഇന്ത്യ സ്വന്തം ഫൗണ്ടേഷണൽ മോഡലുകൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം പറഞ്ഞുവെക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT