വീട്ടില്‍ സ്വന്തമായി പേഴ്‌സണല്‍ കംപ്യൂട്ടര്‍ (പി.സി) വാങ്ങുന്നവരുടെ എണ്ണത്തില്‍ കൊവിഡിന് ശേഷം കുതിച്ചുചാട്ടമെന്ന് കണക്കുകള്‍. ഗാര്‍ഹിക പി.സി വ്യാപനം 2019ല്‍ 6-8 ശതമാനമായിരുന്നെങ്കില്‍ 2024ല്‍ ഇത് 13-15 ശതമാനമായി വര്‍ധിച്ചു. സമാന കാലയളവില്‍ വാര്‍ഷിക പി.സി വില്‍പ്പനയിലും കാര്യമായ മാറ്റമുണ്ട്. 2019ല്‍ 40 ലക്ഷം പി.സികളാണ് പ്രതിവര്‍ഷം വിറ്റിരുന്നത്. 2024ലെത്തിയപ്പോള്‍ വില്‍പ്പന 70 ലക്ഷം കടന്നു. ഇക്കൊല്ലത്തെ വില്‍പ്പനയില്‍ 2.5 ശതമാനവും 2026ല്‍ 4.2 ശതമാനവും വര്‍ധനയുണ്ടാകുമെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് മഹാമാരിയില്‍ മിക്കവരും വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ വില്‍പ്പന വീണ്ടും ഉയരാന്‍ തുടങ്ങിയത്. കൊവിഡ് കാലം കഴിഞ്ഞതോടെ ചെറുതായി മങ്ങിയ വില്‍പ്പന ഇപ്പോള്‍ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ പി.സി വിപണി ഘടനാപരമായ മാറ്റത്തിലൂടെ കടന്നുപോവുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കാലപ്പഴക്കം ചെന്ന കംപ്യൂട്ടറുകള്‍ മാറ്റിവാങ്ങിക്കുന്നതും മികച്ച വായ്പാ ഓപ്ഷനുകളും എ.ഐ പി.സികളുടെ രംഗപ്രവേശവുമെല്ലാം ഇതിനുള്ള കാരണങ്ങളായി. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളില്‍ ഓഫീസ് സ്‌പേസ് സ്ഥാപിക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചു. താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച പെര്‍ഫോമന്‍സുള്ള കംപ്യൂട്ടറുകള്‍ വിപണിയില്‍ ലഭ്യമാണെന്നതും വില്‍പ്പനയെ സ്വാധീനിച്ചു. ഉപയോഗത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമെന്നതാണ് പി.സികളുടെ മറ്റൊരു പ്രത്യേകത. വലിയ മോണിറ്ററുകള്‍ ഉപയോഗിക്കാമെന്നതും മറ്റൊരു ഉപയോക്താക്കളെ സ്വാധീനിക്കുന്ന ഘടകമാണെന്നും വിലയിരുത്തലുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പി.സി വ്യാപനത്തില്‍ ഇന്ത്യക്കാര്‍ പല രാജ്യക്കാരേക്കാളും പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ചെറുനഗരങ്ങളിലെ ആളുകളുടെ വാങ്ങല്‍ ശേഷി (Purchasing Power) കുറഞ്ഞതാണ് തിരിച്ചടിയാകുന്നത്. എന്നാല്‍ മികച്ച ഓഫറുകളും വിലക്കുറവും മാസത്തവണകളായി തിരിച്ചടക്കാനുള്ള ഓപ്ഷനുകളും നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ ഇനിയും ആളുകളുള്ളത് കമ്പനികള്‍ക്ക് മികച്ച അവസരമാകുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. ടിയര്‍ 2,3 നഗരങ്ങളില്‍ ഡിജിറ്റല്‍വത്കരണം വര്‍ധിച്ചത് പോസിറ്റീവായ മാറ്റമാണെന്ന് കമ്പനികളും സമ്മതിക്കുന്നുണ്ട്.
നിര്‍മിത ബുദ്ധി സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ കഴിയുന്ന ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും അടങ്ങിയ പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ കാലമാണ് ഇനി വരുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. രണ്ട് കൊല്ലത്തിനുള്ളില്‍ ലോകത്ത് വില്‍ക്കപ്പെടുന്ന പകുതിയും എ.ഐ പേഴ്‌സണല്‍ കംപ്യൂട്ടറുകളായിരിക്കും. ഇന്ത്യയില്‍ ഉടന്‍ തുടങ്ങാനിരിക്കുന്ന ഉത്സവ സീസണില്‍ ഇവയുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വമ്പന്‍ ഓഫറുകളുമായി കമ്പനികളും ഇതിന് തയ്യാറെടുക്കുകയാണ്. ഇവക്ക് പുറമെ ഗെയിമിംഗ് കംപ്യൂട്ടറുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുന്നതായാണ് ടെക് ലോകത്തെ സംസാരം.
India's household PC penetration has nearly doubled to 13–15% in 2024 from 6–8% in 2019, driven by rising demand, affordability, and growing interest in AI PCs.
Read DhanamOnline in English
Subscribe to Dhanam Magazine