Tech

വിവോയ്ക്കും ഷവോമിക്കും തിരിച്ചടി; ഇന്ത്യന്‍ വിപണി പിടിച്ചുകുലുക്കി 'നത്തിംഗ്', ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വന്‍ ഇടിവ്

തുടര്‍ച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ഉപയോക്താക്കള്‍ ഫോണ്‍ മാറ്റുന്ന ഇടവേള വര്‍ധിപ്പിച്ചു. ഇത് വില്പനയിലും പ്രതിഫലിച്ചു

Dhanam News Desk

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടിയെന്ന് പുതിയ റിപ്പോര്‍ട്ട്. 2026ലെ ജൂണ്‍ പാദത്തില്‍ ചൈനീസ് കമ്പനികളുടെ സംയുക്ത വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കി. വിലവര്‍ധനയും ബജറ്റ് ഫോണുകളുടെ ആവശ്യകതയിലെ ഇടിവുമാണ് പ്രധാന കാരണങ്ങളിലൊന്ന്.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഷിപ്‌മെന്റുകള്‍ ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജൂണ്‍ പാദ ഇടിവാണിത്.

ഏറ്റവും കൂടുതല്‍ ആഘാതം നേരിട്ടത് 15,000 രൂപയില്‍ താഴെയുള്ള ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗമാണ്. ഈ വിഭാഗത്തിലെ ഷിപ്‌മെന്റുകള്‍ ഒരു വര്‍ഷത്തിനിടെ 45 ശതമാനം വരെ ഇടിഞ്ഞു.

മെമ്മറി ചിപ്പ് വിലക്കയറ്റം തിരിച്ചടി

സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന NAND, DRAM മെമ്മറി ചിപ്പുകളുടെ വില 2025 സെപ്റ്റംബറിന് ശേഷം ഏകദേശം നാലിരട്ടിയായി ഉയര്‍ന്നതാണ് പ്രധാന വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരും മാസങ്ങളില്‍ ഇത് അഞ്ചിരട്ടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

മെമ്മറി ചിപ്പുകളുടെ ചെലവ് വര്‍ധിച്ചതോടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടേണ്ട സാഹചര്യമുണ്ടായി. ജൂണ്‍ പാദാവസാനത്തോടെ സ്മാര്‍ട്ട്ഫോണുകളുടെ ശരാശരി വില ഏകദേശം 15 ശതമാനം ഉയര്‍ന്നു.

വില ഉയര്‍ന്നതോടെ ഉപയോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങാനുള്ള തീരുമാനം നീട്ടിവച്ചു. ഇതോടെ വിവോ, ഓപ്പോ, ഷവോമി, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം നഷ്ടമായി.

തിളങ്ങി നത്തിംഗും ഗൂഗിള്‍ പിക്സലും

വിപണി മന്ദഗതിയിലായിരുന്നിട്ടും ചില ബ്രാന്‍ഡുകള്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ശ്രദ്ധ നേടിയ നത്തിംഗ് (Nothing) വാര്‍ഷിക അടിസ്ഥാനത്തില്‍ 105 ശതമാനം വളര്‍ച്ച നേടി.

45,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തില്‍ ഗൂഗിള്‍ പിക്‌സല്‍ (Google Pixel) ഫോണുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്ഥിരതയാര്‍ന്ന വിലനയവും ശക്തമായ മാര്‍ക്കറ്റിംഗും കമ്പനിക്ക് 68 ശതമാനം വളര്‍ച്ച നേടിക്കൊടുത്തു.

ഇഎംഐ വില്‍പന ഉയരുന്നു

തുടര്‍ച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ഉപയോക്താക്കള്‍ ഫോണ്‍ മാറ്റുന്ന ഇടവേള വര്‍ധിപ്പിച്ചു. ഇത് വില്പനയിലും പ്രതിഫലിച്ചു. കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളും ഇഎംഐ സ്‌കീമുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും വിപണി ഇപ്പോഴും മന്ദഗതിയിലാണ്. നിലവില്‍ ഓഫ്ലൈന്‍ റീട്ടെയില്‍ വിപണിയിലെ വില്‍പനയുടെ പകുതിയിലധികവും ഇഎംഐ അല്ലെങ്കില്‍ എന്‍ബിഎഫ്സി ഫിനാന്‍സിംഗ് വഴിയാണ് നടക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ നിലവിലെ മന്ദഗതി ഈ വര്‍ഷം മുഴുവന്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. 2026ല്‍ ഇന്ത്യയിലെ വാര്‍ഷിക സ്മാര്‍ട്ട്ഫോണ്‍ ഷിപ്‌മെന്റില്‍ ആകെ 13 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT