ഇന്ത്യയിൽ 18 വയസിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെ അനുമതിയില്ലാതെ സ്വതന്ത്രമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൈൻ അപ്പ് ചെയ്യുന്നതും അക്കൗണ്ടുകൾ ആരംഭിക്കുന്നതും തടയാൻ നിയമനിർമ്മാണം അല്ലെങ്കിൽ കർശന മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' (Just Rights for Children Alliance) സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസിന് താഴെയുള്ളവർ സ്വതന്ത്രമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിബന്ധനകള്‍ അംഗീകരിക്കുന്നതിന്റെ നിയമസാധുതയാണ് ഹർജിയിലെ പ്രധാന വിഷയം.
ഇന്ത്യൻ നിയമപ്രകാരം 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ നടത്തുന്ന കരാറുകൾക്ക് നിയമസാധുതയില്ല (void). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിബന്ധനകളും വ്യവസ്ഥകളും (Terms and Conditions) കുട്ടികൾക്ക് സ്വയം അംഗീകരിക്കാൻ കഴിയില്ലെന്നും, അതിനാൽ പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികളുടെ സമ്മതം നേരിട്ട് സ്വീകരിക്കാൻ സാധിക്കില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക ചൂണ്ടിക്കാട്ടി. പുതിയ നിയമചട്ടക്കൂട് നിലവിൽ വരുന്നതോടെ കുട്ടികൾക്ക് പകരം മാതാപിതാക്കൾ നിയമപരമായി നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കൂ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ആക്ടിൽ കുട്ടികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കുന്നതിനുമുള്ള വകുപ്പുകൾ അടങ്ങിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട നിയമപരമായ വഴികൾ പരിശോധിച്ചു വരികയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine