പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗത്തില്‍ ഇന്ത്യ മുന്നിലായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് (Microsoft) ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (CEO) സത്യ നാദെല്ല പറഞ്ഞു. രാജ്യത്ത് വളരുന്ന സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളുടെ എണ്ണം, എഐ പ്രോജക്ടുകളുടെ ഉയര്‍ച്ച, ഇന്ത്യന്‍ യുവാക്കളുടെ നൈപുണ്യത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ സാങ്കേതികവിദ്യാ മേഖലയില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും അനിശ്ചിതത്വത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനാല്‍ കമ്പനികള്‍ കുറഞ്ഞശേഷി കൊണ്ടും കൂടുതല്‍ നേട്ടമുണ്ടാക്കേണ്ടത് പ്രധാനമാണെന്ന് നദെല്ല പറഞ്ഞു. ക്ലൗഡ് ഒരു ഗെയിം ചേയ്ഞ്ചറാണ്. തങ്ങള്‍ ക്ലൗഡ് എല്ലായിടത്തും ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടെ മിക്ക ആപ്ലിക്കേഷനുകളും ക്ലൗഡ്-നേറ്റീവ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിര്‍മ്മിക്കപ്പെടും.
ചാറ്റ്ജിപിടി, ഡാള്‍-ഇ തുടങ്ങിയ എഐ പവര്‍ മോഡലുകള്‍ തൊഴിലാളികളെ സഹായിക്കുമെന്നും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലൗഡിലേക്ക് മാറുക, ഡാറ്റ ഏകീകരിക്കുകയും എഐ മോഡലുകളെ പ്ലാറ്റ്ഫോമാക്കി മാറ്റുക, തൊഴിലാളികളെ വീണ്ടും ഊര്‍ജ്ജസ്വലമാക്കുക, സഹകരണപരമായ ബിസിനസ്സ് പ്രക്രിയകള്‍ സ്വീകരിക്കുക, സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ബിസിനസ്സുകള്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് നദെല്ല പറഞ്ഞു. ലോകമെമ്പാടുമുള്ള 60-ലധികം പ്രദേശങ്ങളിലും 200-ലധികം ഡാറ്റാ സെന്ററുകളിലും മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തുന്നുണ്ടെന്ന് നാദെല്ല പറഞ്ഞു. മുംബൈയില്‍ മൈക്രോസോഫ്റ്റ് ഫ്യൂച്ചര്‍ റെഡി ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതാണ് സത്യ നാദെല്ല.
Read DhanamOnline in English
Subscribe to Dhanam Magazine