ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ വന്‍ തിരക്ക്. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഇന്നലെ രാത്രി മുതല്‍ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ഐഫോണ്‍ മോഡലുകളുടെ വിലയില്‍ വലിയ വര്‍ധന വരുത്തിയതൊന്നും ഇന്ത്യന്‍ ഉപയോക്താക്കളെ നിരാശാക്കിയില്ലെന്നതിന്റെ സൂചനയാണ് ആദ്യ ദിനം തന്നെ ദൃശ്യമായത്.
ന്യൂഡല്‍ഹിയിലെ സാകേത്, നോയിഡ, മുംബൈയിലെ ബികെസി, ബോറിവലി, ബെംഗളൂരുവിലെ ഹെബ്ബാള്‍ എന്നിവിടങ്ങളിലെല്ലാം ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ തന്നെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ മോഡല്‍ വാങ്ങുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വില കൂടിയതൊന്നും പ്രശ്‌നമല്ലാത്ത ഉപയോക്താക്കളെയാണ് തങ്ങള്‍ക്ക് ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ കാണാന്‍ സാധിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി സ്വദേശിയായ ഒരാള്‍ ഭാര്യയ്ക്ക് സമ്മാനമായി നല്കാനാണ് ഐഫോണ്‍ 18 വാങ്ങാനെത്തിയത്. സ്വര്‍ണം വിറ്റാണ് ഇതിനായി പണംകണ്ടെത്തിയതത്രേ.
പഞ്ചാബ് സ്വദേശിയായ ഒരാള്‍ നോയിഡയിലെ സ്‌റ്റോറിന് മുന്നിലെത്തിയത് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കായി ഫോണ്‍ വാങ്ങുന്നതിനാണ്. രണ്ടു ഐഫോണ്‍ 18 പ്രോ വാങ്ങി 11 മണിക്കുള്ള ട്രെയിനിന് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങും.
വില ഉയര്‍ന്നിട്ടും ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോയ്ക്ക് ആവശ്യക്കാര്‍ കുറയാത്തതിന് പിന്നില്‍ ആപ്പിളിന്റെ ശക്തമായ ബ്രാന്‍ഡ് മൂല്യവും പ്രീമിയം ഉപയോക്തൃ അനുഭവവുമാണ്. മികച്ച ക്യാമറ, ഉയര്‍ന്ന പ്രകടനം, ദീര്‍ഘകാല സോഫ്റ്റ്വെയര്‍ പിന്തുണ, സുരക്ഷാ സവിശേഷതകള്‍, ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മിലുള്ള തടസമില്ലാത്ത കണക്ടിവിറ്റി എന്നിവ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഒരു സാങ്കേതിക ഉപകരണം മാത്രമല്ല, സാമൂഹിക പദവിയുടെ പ്രതീകം കൂടിയാണെന്ന ധാരണയും ഐഫോണിന്റെ വില്‍പനയ്ക്ക് കരുത്താകുന്നു.
ബാങ്ക് കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, പലിശരഹിത ഇഎംഐ എന്നിവയും വില്പന ഉയരാന്‍ കാരണമാകുന്നു. പഴയ ഐഫോണുകള്‍ക്ക് താരതമ്യേന മികച്ച പുനര്‍വില്‍പ്പന മൂല്യം ലഭിക്കുന്നതും പുതിയ മോഡലിലേക്ക് മാറുന്നത് എളുപ്പമാക്കുന്നു. രാജ്യത്തെ ഉയര്‍ന്ന വരുമാനമുള്ള ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതും പ്രീമിയം ഫോണുകളോടുള്ള യുവാക്കളുടെ താല്‍പര്യവും വില്പനയില്‍ പ്രതിഫലിക്കുന്നു.
ബ്ലാക്ക്, സില്‍വര്‍, ഗ്ലേസിയര്‍, ബര്‍ഗണ്ടി എന്നീ നാല് നിറങ്ങളില്‍ എത്തുന്ന ഈ ഫോണുകള്‍ 256GB, 512GB, 1TB, 2TB സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. രാജ്യത്ത് ഐഫോണ്‍ 18 പ്രോയ്ക്ക് 1,64,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 18 പ്രോ മാക്‌സിന് 1,79,900 രുപ മുതലുമാണ് വിലകള്‍ ആരംഭിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine