canva, Apple website
Tech

ദീപാവലി കച്ചവടത്തിന് ഐഫോണ്‍ 17 സ്‌റ്റോക്കില്ലെന്ന്, എല്ലാം കടല്‍ കടത്തുന്നെന്ന് വ്യാപാരികള്‍, മെയിഡ് ഇന്ത്യ ഫോണുകള്‍ എന്നെത്തും?

വിപണിയില്‍ കിട്ടാനില്ലെങ്കിലും ഐഫോണ്‍ മോഡലുകളുടെ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Dhanam News Desk

ദീപാവലി തിരക്ക് വര്‍ധിക്കുന്നതിനിടെ രാജ്യത്തെ പല നഗരങ്ങളിലും ഐഫോണ്‍ 17 സീരീസിലുള്ള ഫോണുകള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ നിര്‍മിക്കുന്നെങ്കിലും കൃത്യമായി ഷോറൂമുകളില്‍ എത്തുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. അതേസമയം, മെയിഡ് ഇന്ത്യ ഐഫോണ്‍ 17 ഫോണുകള്‍ ഈ ആഴ്ചയോടെ ഷോറൂമുകളില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്താണ് പ്രതിസന്ധി

ഏറെക്കാലത്തിന് ശേഷം വിപണിയില്‍ ഓളമുണ്ടാക്കിയ മോഡലാണ് ആപ്പിളിന്റെ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍. ഇതിനൊപ്പം രാജ്യത്ത് ഉത്സവ സീസണും അടുത്തതോടെ വില്‍പ്പന പൊടിപൊടിക്കുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വിപണിയായ ഡല്‍ഹി നെഹ്‌റു പ്ലേസില്‍ പോലും ഐഫോണ്‍ സ്‌റ്റോക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിദിനം 10-12 ഉപയോക്താക്കളെ വരെ ഓരോ ഷോപ്പുകള്‍ക്കും തിരിച്ചയക്കേണ്ടി വരുന്നെന്നാണ് വിവരം. ഉത്സവ സീസണിലെ വില്‍പ്പന നഷ്ടമാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

കാരണമെന്ത്?

ആപ്പിളിന്റെ വിതരണ സംവിധാനത്തിലെ പോരായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ആപ്പിളിന്റെ സ്വന്തം ഷോറൂമുകളിലേക്കും ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും മാത്രമാണ് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ നല്‍കുന്നത്. തേര്‍ഡ് പാര്‍ട്ടി ഷോറൂമുകള്‍ക്ക് വേണ്ടി കുറച്ച് മാത്രം സ്‌റ്റോക്ക് മാത്രമാണ് അനുവദിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഡിമാന്‍ഡും ഉത്പാദനവും തമ്മിലുള്ള അന്തരമാണ് പ്രതിസന്ധിക്ക് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

മെയിഡ് ഇന്ത്യ ഫോണുകള്‍ എവിടെ

ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 17 ഫോണുകളുടെ ആദ്യ ബാച്ച് പൂര്‍ണമായും കയറ്റുമതി ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതും ഐഫോണ്‍ ക്ഷാമത്തിന് കാരണമായി. എന്നാല്‍ അടുത്ത ആഴ്ചയോടെ ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 17 ഫോണുകള്‍ ഷോറൂമുകളില്‍ എത്തിയേക്കും. ഇതോടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

ഫോക്‌സ്‌കോണ്‍-ടാറ്റ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന പെഗാട്രോണാണ് ഇന്ത്യയില്‍ ഐഫോണ്‍ 17 പ്രോ ഫോണുകള്‍ നിര്‍മിക്കുന്നത്. കര്‍ണാടകയിലും ഹൊസൂരിലുമുള്ള വിസ്‌ട്രോണ്‍ ഫാക്ടറിയിലാണ് ഐഫോണ്‍ 17 ബേസ് മോഡലുകളുടെ അസംബ്ലി. ആപ്പിളിന്റെ മെലിഞ്ഞുണങ്ങിയ മോഡലായ ഐഫോണ്‍ 17 എയര്‍ മോഡല്‍ നിര്‍മിക്കുന്നതാകട്ടെ ഫോക്‌സ്‌കോണിന്റെ ശ്രീപെരുമ്പത്തൂരിലെ യൂണിറ്റിലും. ആദ്യം നിര്‍മിച്ച ഫോണുകളെല്ലാം യൂറോപ്പിലേക്കും യു.എസിലേക്കും പറന്നുകഴിഞ്ഞു. എന്നാല്‍ ഇക്കുറി കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നേരത്തെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ആഭ്യന്തര വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗോള ലോഞ്ച് കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 ഫോണുകള്‍ ആഭ്യന്തര വിപണിയിലെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT