സംസ്ഥാന സര്‍ക്കാറിന്റെ വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതിക വിദ്യാമേഖലകളിലെ വിഷന്‍ ഡോക്യുമെന്റിന്റെ കരട് പുറത്തിറക്കി.
2031 ഓടെ സംസ്ഥാനത്തിന്റെ ഐടി മേഖലയില്‍ 50 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും അഞ്ച് ലക്ഷം ഹൈവാല്യൂ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യംവെക്കുന്നത്. 20,000 കോടി സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐടി ഓഫീസുകള്‍ തുടങ്ങിയ ലക്ഷ്യങ്ങളും കരട് വിഷന്‍ ഡോക്യുമെന്റ് മുന്നോട്ടുവെക്കുന്നു.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു വേണ്ടി കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍ (K-AIM), കേരള സെമികോണ്‍ മിഷന്‍, കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍ (KFTM), ദ ഫ്യൂചര്‍ കോര്‍പറേഷന്‍ (TFC) എന്നിങ്ങനെ നാല് സ്ട്രാറ്റജിക് മിഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്റെ ഭാഗമായി 2030 ഓടെ നൈതികവും സുതാര്യവുമായ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം ഉറപ്പാക്കുന്നതിനുവേണ്ടി 'Kerala AI Bill of Rights' നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്. സൈബര്‍ സുരക്ഷയും ഗ്രീന്‍ കമ്പ്യൂട്ടിംഗ് പാര്‍ക്കുകളും ഉള്‍പ്പെടുന്ന ഭാവി ടെക് മേഖലയക്ക് രൂപം നല്‍കുന്നതിനാണ് ഫ്യൂചര്‍ ടെക് മിഷന്‍ രൂപീകരിച്ചിട്ടുള്ളത്. Kerala: Global Talent. Ethical Tech. Sustainable Growth എന്ന ബ്രാന്‍ഡിനു കീഴില്‍ ആഗോള നിക്ഷേപ ആകര്‍ഷണ ഏജന്‍സിയായി ദ ഫ്യൂചര്‍ കോര്‍പറേഷന്‍ പ്രവര്‍ത്തിക്കും.
ഇതിനു പുറമേ, Free and Open-Source Software (FOSS) ഉപയോഗം ശക്തിപ്പെടുത്തി സര്‍ക്കാര്‍ സോഫ്റ്റ്‌വെയര്‍ ചെലവ് 30% കുറയ്ക്കുക, ഐസിടി അക്കാദമിവഴി 10 ലക്ഷം പേരെ എഐ അടക്കമുള്ള മേഖലകളില്‍ പരിശീലിപ്പിക്കുക, ടെക്‌നോസിറ്റി, ഇന്‍ഫൊപാര്‍ക്ക് ഫേസ് 3, സൈബര്‍ പാര്‍ക്കിന്റെ വിപുലീകരണം, കെ-സ്‌പേസ് എയ്‌റോസ്‌പേസ് ക്ലസ്റ്റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിങ്ങനെ വിഷന്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീ സംരഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 50 ലീപ് സെന്ററുകള്‍, 250 ഏര്‍ലി ഇന്നോവേഷന്‍ സെന്ററുകള്‍, 14 ജില്ലകളിലും ഫ്രീഡം സ്‌ക്വയറുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിഷന്‍ ഡോക്യുമെന്റിലുണ്ട്. 2029ഓടെ ആനിമേഷന്‍,ഗെയിമിംഗ്, വിഷ്വല്‍ ഇഫക്റ്റ്‌സ് മേഖലയില്‍ 250 കമ്പനികള്‍ സ്ഥാപിച്ച് 10 ശതമാനം ദേശീയ കയറ്റുമതി പങ്കാളിത്തം, ഡിജിറ്റല്‍ ഗവേണന്‍സില്‍ കേരള മോഡല്‍ സൃഷ്ടിച്ച് 100% ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളും വിഷന്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവര സാങ്കേതിക മേഖലയില്‍ 2031നകം 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്‍േറതാകണമെന്നും ഇതിനു പറ്റിയ വിധത്തില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മാതൃകയെ ശക്തിപ്പെടുത്തി അതിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിന്റെ പ്രത്യേകത എന്ന് ചടങ്ങില്‍ അധ്യക്ഷനായ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഉല്‍പാദന മേഖലയിലെ മുരടിപ്പും പശ്ചാത്തല സൗകര്യ വികസനത്തിന്റെ പരിമിതിയും മറികടക്കാനുള്ള ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന രീതിയില്‍ സൃഷ്ടിക്കപ്പെട്ടിരുന്ന പ്രതീതിയെ മറികടന്ന് ലോക ശ്രദ്ധ ആകര്‍ഷിക്കാനും നമുക്കായി.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന പ്രീമിയം കോ വര്‍ക്കിംഗ് സ്‌പേസ് 'ഐ ബൈ ഇന്‍ഫോപാര്‍ക്കി' ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഐ ബൈ ഇന്‍ഫോപാര്‍ക്കിലെ ആദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ അനുമതിപത്രം സോഹോ യു എസ് എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഐ.ടി വകുപ്പിന്റെ വിഷന്‍ 2031 ഡ്രാഫ്റ്റ് ഡോക്യുമെന്റ് മന്ത്രി പി.രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂര്‍ണ്ണമായി കേരളത്തില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയം സര്‍ക്യൂട്ട് സി.ഇ.ഒ റിജില്‍ ജോണിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കി. കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine