Tech

ഒറ്റ ദിവസത്തെ ശമ്പളം 48 കോടി; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരന്‍; ജഗദീപ് സിംഗിന്റെ ജോലി എന്താണ്?

ഹരിയാനയില്‍ ജനിച്ച ജഗദീപ് സിംഗ് അമേരിക്കയില്‍ നിന്ന് കൈവരിക്കുന്ന നേട്ടം

Dhanam News Desk

ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി. വാര്‍ഷിക ശമ്പളം 17,800 കോടി. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും വലിയ ചര്‍ച്ചയാകുകയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ മികവിന്റെ ഉദാഹരണമായും ഈ ഹരിയാനക്കാരന്‍ ഉയര്‍ന്നു കഴിഞ്ഞു. വ്യവസായം വളര്‍ച്ച നേടുമ്പോള്‍ കമ്പനികളെ നയിക്കുന്നവരുടെ ശമ്പളം എങ്ങനെ വര്‍ധിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സിംഗിന്റെ ജീവിതം.

ഇത്രയധികം വരുമാനം എവിടെ നിന്ന്?

കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്‌കേപ് ടെക്‌നോളജി കമ്പനിയുടെ സിഇഒയാണ് 52കാരനായ ജഗ്ദീപ് സിംഗ്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച സിംഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക്കും  കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത ശേഷമാണ് ജോലിക്കിറങ്ങിയത്. പത്തു വര്‍ഷം വിവിധ ടെക് കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് ഇവി ബാറ്ററികളുടെ നിര്‍മാണം നടത്തുന്ന ക്വാണ്ടംസ്‌പേസ് എന്ന കമ്പനിക്ക് 2010 ല്‍ രൂപം നല്‍കിയത്. വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി സ്റ്റോറേജ് മേഖലയില്‍ കമ്പനി കുതിച്ചു വളരുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര ഗതാഗത മേഖലയില്‍ പുത്തന്‍ കണ്ടെത്തലുകളിലൂടെ മികച്ച വരുമാനം കമ്പനി സ്വന്തമാക്കുന്നു.

വിജയത്തിന്റെ മാതൃക

ഇന്ത്യയിലെ പല കമ്പനികളുടെയും വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ് ജഗദീപ് സിംഗ് വാങ്ങുന്ന വാര്‍ഷിക ശമ്പളം. റിന്യൂവബിള്‍ എനര്‍ജി, സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ മേഖലകളില്‍ വ്യവസായങ്ങള്‍ക്കുള്ള വളര്‍ച്ചാ സാധ്യതകള്‍ക്കും അതുവഴി പ്രൊഫഷണലുകളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനക്കും ജഗ്ദീപ് സിംഗിന്റെ ജീവിതം ഉദാഹരണമാണ്. യുവ സംരംഭകള്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ ഇന്ത്യന്‍ വംശജനായ വ്യവസായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT