image: @canva 
Tech

കിടിലന്‍ ഓഫറുകളുമായി ജിയോ എയർ ഫൈബര്‍ എത്തി; സവിശേഷതകള്‍ അറിയാം

599 രൂപ മുതല്‍ പ്ലാനുകള്‍

Dhanam News Desk

ഗണേശ ചതുര്‍ത്ഥി ദിനമായ ഇന്ന് റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ സര്‍വീസ് എത്തി. ജിയോ എയര്‍ ഫൈബര്‍ എന്ന പേരില്‍ റിലയന്‍സ് പുതിയ സേവനം അവതരിപ്പിക്കുമെന്ന് ഓഗസ്റ്റ് 28ന് നടന്ന റിലയന്‍സ് എ.ജി.എമ്മില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത് സാക്ഷാത്കരിച്ചിരിക്കുകയാണ്.

ജിയോ ഫൈബര്‍ ലോഞ്ച് ചെയ്ത വിവരം റിലയന്‍സ് ജിയോയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കമ്പനി പുറത്തുവിട്ടു. ഒപ്പം ആകര്‍ഷകമായ പ്ലാനുകളും തുകയും മറ്റ് വിശദാംശങ്ങളും പുറത്തു വിട്ടിട്ടുണ്ട്. 599 രൂപയ്ക്കാണ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 30എം.ബി.പി.എസ് ലഭ്യമാക്കുന്ന ഈ പാക്കേജില്‍ 550 ചാനലുകള്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമോ പ്രീമിയം എന്നിവയുള്‍പ്പെടെ 14 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലേക്ക് ആക്‌സസുമുണ്ടാകും.

899, 1,199 എന്നിങ്ങനെ വിവിധ പ്ലാനുകള്‍ ലഭ്യമാണ്. 300 ബി.പി.എസിന് 1,499 രൂപയുടെ പ്ലാനും 500എം.ബി.പി.എസിന് 2,499 രൂപയും 1ജ.ബി.പി.എസിന് 3,999 രൂപയുമായിരിക്കും ചെലവ്.

ജിയോ അവതരിപ്പിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഒരു കോടി ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. 15 കോടി കിലോമീറ്ററിലേക്ക് വ്യാപിച്ച് കിടക്കുകയാണ് ഈ സേവനമെങ്കിലും ഇനിയും പല സ്ഥലങ്ങളിലും ജിയോ ഇന്റര്‍നെറ്റ് എത്തിയിട്ടില്ല. ഇവിടങ്ങളിലേക്ക് 5ജി എയര്‍ ഫൈബര്‍ സേവനം എത്തിക്കുകയാണ് ലക്ഷ്യം.

വീടുകളിലോ ഓഫീസുകളിലോ കേബിളുകള്‍ വലിക്കാതെ തന്നെ അവിടേക്കാവശ്യമായ ഇന്റര്‍നെറ്റ് റൗട്ടറുകള്‍ വഴി നല്‍കുകയാണ് ലക്ഷ്യം. 5ജി ടവറുകള്‍ സ്ഥാപിക്കുക വഴിയാണ് ഇത് സാധ്യമാകുക.

നിലവില്‍ എട്ട് സിറ്റികളിലാണ് ജിയോ എയര്‍ഫൈബര്‍ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ആണ് സേവനം ആദ്യം എത്തുക. 5ജി ടവറുകള്‍ ഉള്ളിടത്ത് എയര്‍ ഫൈബര്‍ സേവനമെത്തുമെന്നതിനാല്‍ തന്നെ കേരളത്തിലും ഉടൻ സേവനം പ്രതീക്ഷിക്കാം.  

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT