കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ റിലയൻസ് ജിയോ 'ജിയോഷീൽഡ്' അവതരിപ്പിച്ചു. ഈ സബ്‌സ്‌ക്രിപ്ഷൻ സേവനത്തിന് കീഴിൽ ലൊക്കേഷൻ ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, എസ്.ഒ.എസ് അലർട്ട്, ബസ്സ് ഫോൺ, സ്ക്രീൻ ടൈം നിയന്ത്രണം, ആപ്പ് അനുമതി, കോളുകൾ-മെസേജുകൾ നിയന്ത്രണം, ബാറ്ററി മുന്നറിയിപ്പ്, സേഫ്റ്റി കോൾ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാകും. ഇതുവഴി കുടുംബങ്ങൾക്ക് സമഗ്രമായ ഡിജിറ്റൽ സുരക്ഷാ കവചം ഒരുക്കുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത സുരക്ഷാ സേവനമായ 'ജിയോഷീൽഡ്' (JioShield) അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ലൊക്കേഷൻ ട്രാക്കിംഗ്, എസ്.ഒ.എസ് അലർട്ടുകൾ, പാരന്റൽ കൺട്രോളുകൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
ഒരു വർഷത്തേക്ക് 1,000 രൂപ എൻറോൾമെന്റ് ഫീസിലാണ് ജിയോഷീൽഡ് ലഭ്യമാകുന്നത്. പ്രതിമാസം ശരാശരി 83 രൂപയാകും. ജിയോയുടെ പത്താം വാർഷിക ഓഫറിന്റെ ഭാഗമായി സെപ്റ്റംബർ 26 മുതൽ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
റീചാർജ് വൗച്ചറുകൾ: 100 രൂപ വീതമുള്ള 10 ജിയോ റീചാർജ് വൗച്ചറുകൾ (മൊത്തം 1,000 രൂപ) തിരികെ ലഭിക്കും. 399 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള അൺലിമിറ്റഡ് 5-ജി പ്രീപെയ്ഡ് പ്ലാനുകളിൽ ഇവ ഉപയോഗിക്കാം.
കാൻവ പ്രോ സബ്‌സ്‌ക്രിപ്ഷൻ: 4,000 രൂപ മൂല്യം കണക്കാക്കുന്ന 12 മാസത്തെ കാൻവ പ്രോ (Canva Pro) സൗജന്യ സേവനം.
5-ജി അൺലിമിറ്റഡ് അപ്‌ഗ്രേഡ്: 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5-ജി കണക്റ്റിവിറ്റി.
തുടക്കത്തിൽ 1,000 രൂപ പൂർണമായി നൽകണം; വൗച്ചറുകൾ വ്യവസ്ഥകൾക്ക് വിധേയമായി തുടർന്നുള്ള റീചാർജുകളിലൂടെ മാത്രമാണ് ലഭ്യമാകുക.
രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ജിയോഷീൽഡ് പ്രവർത്തിക്കുന്നത്:
ലൊക്കേഷൻ ട്രാക്കിംഗ്: തത്സമയ ലൊക്കേഷൻ വിവരങ്ങളും 30 ദിവസത്തെ മുൻകാല യാത്രാ വിവരങ്ങളും പരിശോധിക്കാം.
ജിയോ-ഫെൻസിംഗ് (Geo-fencing): വീട്, സ്കൂൾ തുടങ്ങിയ സുരക്ഷിത മേഖലകൾ നിശ്ചയിക്കാനും, അവിടെ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും അലേർട്ടുകൾ ലഭിക്കാനും സാധിക്കും.
എസ്.ഒ.എസ് & ബസ്സ് ഫോൺ (Buzz Phone): അടിയന്തര ഘട്ടങ്ങളിൽ കുട്ടികൾക്ക് ലൊക്കേഷൻ സഹിതം എസ്.ഒ.എസ് സന്ദേശം അയക്കാം. ഫോൺ സൈലന്റ് മോഡിൽ ആണെങ്കിലും രക്ഷിതാക്കൾക്ക് റിംഗ് ചെയ്യിക്കാൻ കഴിയും.
ഡിജിറ്റൽ നിയന്ത്രണങ്ങൾ: സ്ക്രീൻ ടൈം പരിധി നിശ്ചയിക്കൽ, കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾക്ക് അനുമതി നൽകൽ, അനാവശ്യ കോളുകളും മെസേജുകളും നിയന്ത്രിക്കൽ എന്നിവ ഇതിലൂടെ സാധ്യമാണ്.
ബാറ്ററി ലെവൽ & സേഫ്റ്റി കോൾ: ഫോണിലെ ബാറ്ററി കുറയുമ്പോൾ മുന്നറിയിപ്പ് ലഭിക്കും. ആവശ്യമെങ്കിൽ ഫോണിന് ചുറ്റുമുള്ള ശബ്ദങ്ങൾ മനസ്സിലാക്കാനുള്ള 'സേഫ്റ്റി കോൾ' സംവിധാനവും ലഭ്യമാണ്.
രക്ഷിതാക്കളുടെ ഫോണിൽ 'ജിയോതിങ്സ്' (JioThings) ആപ്പും കുട്ടികളുടെ ഫോണിൽ 'ജിയോഷീൽഡ്' ആപ്പും ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ ഇരുവർക്കും സജീവമായ ജിയോ മൊബൈൽ കണക്ഷൻ ഉണ്ടായിരിക്കണം. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിലും ഉയർന്ന പതിപ്പുകളിലോ പ്രവർത്തിക്കുന്ന ഫോണുകളിലാണ് കുട്ടികളുടെ ആപ്പ് പിന്തുണയ്ക്കുക.
നിലവിൽ രക്ഷിതാക്കൾക്കുള്ള മൊബൈൽ ആപ്പ് ആൻഡ്രോയിഡിൽ ലഭ്യമാണ്; ഐ.ഒ.എസ് (iOS) പതിപ്പ് ഒക്ടോബർ 1 മുതൽ ഡൗൺലോഡ് ചെയ്യാം. കുട്ടികൾക്ക് പുറമെ, പ്രായമായ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് റിലയൻസ് ജിയോ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine