Tech

ഇത് സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം; ജിയോഫോണ്‍ നെക്സ്റ്റ് എത്തി, 1,999 രൂപ നല്‍കി സ്വന്തമാക്കാം

ഡാറ്റ റീചാര്‍ജിങ്ങും-ഇഎംഐയും അടങ്ങിയ 300 രൂപ മുതലുള്ള തവണ വ്യവസ്ഥകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.

Dhanam News Desk

സാധാരണക്കാര്‍ക്കായി ഒരു സ്മാര്‍ട്ട്‌ഫോണ്‍, അതും ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്നത് ഫോണിൻ്റെ വില അറിയാനാണ്. ഇപ്പോള്‍ ജിയോഫോണ്‍ നെക്‌സ്റ്റിൻ്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ്.

6,499 രൂപയാണ് ജിയോഫോണ്‍ നെക്‌സ്റ്റിൻ്റെ വില. എന്നാല്‍ 1,999 രൂപ നല്‍കി ഫോണ്‍ സ്വന്തമാക്കാം. ബാക്കി തുക വിവിധ പ്ലാനുകളുടെ റീചാര്‍ജിങ്ങ് കൂടി അടങ്ങിയ തവണ വ്യവസ്ഥയില്‍ അടച്ചാല്‍ മതി.

രാജ്യത്ത് 350 മില്യണില്‍ അധികം ഫ്യൂച്ചര്‍ ഫോണുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്ക്. ഫ്യൂച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ സ്മാര്‍ട്ട്‌ഫോണിലേക്ക് എത്തിക്കുകയാണ് റിലയന്‍സിൻ്റെ ലക്ഷ്യം.

ഇഎംഐ പ്ലാനുകള്‍

300 രൂപ മുതല്‍ 600 രൂപവരെ മാസത്തവണകളായി അടയ്ക്കാവുന്ന ഓള്‍വെയ്‌സ് ഓണ്‍, ലാര്‍ജ് , എക്‌സ്എല്‍ പ്ലാന്‍, എക്‌സ് എക്‌സ് എല്‍ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്. ഇതിലൂടെ 18 മാസം അല്ലെങ്കില്‍ 28 മാസത്തേക്കുള്ള തവണ വ്യവസ്ഥ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.കൂട്ടത്തില്‍ ദിവസവും 2.5 ജിബി വരെയുള്ള ഡാറ്റാ പ്ലാനും ലഭിക്കും.

എങ്ങനെ ജിയോഫോണ്‍ നെക്‌സ്റ്റ് സ്വന്തമാക്കാം

നവംബര്‍ നാല് മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ജിയോഫോണ്‍ നെക്‌സ്റ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജിയോ വെബ്‌സൈറ്റിലോ അടുത്തുള്ള ജിയോ റീട്ടെയില്‍ കടകളിലോ പോയി രജിസ്റ്റര്‍ ചെയ്യണം. വാട്‌സ്ആപ്പിലൂടെയും ഫോണ്‍ രജിസ്റ്റര്‍ ചെയ്യാം. അതിനായി 7018270182 എന്ന നമ്പറിലേക്ക് ഒരു hi അയച്ചാല്‍ മാത്രം മതി. ജിയോയുടെ റീട്ടെയില്‍ കടകളിലൂടെയാവും ഫോണിൻ്റെ വിതരണം.

ആന്‍ഡ്രോയിഡിൻ്റെ പ്രഗതി ഒഎസ് Jiophone Next സവിശേഷതകള്‍

  • ജിയോ ഫോണ്‍ നെക്‌സ്റ്റിനായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രായിഡിൻ്റെ പ്രത്യേക പതിപ്പാണ് പ്രഗതി. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനപ്പെടുത്തിയാണ് പ്രഗതി ഒരുക്കിയത്.
  • 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
  • 1.3 Ghz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 215 ക്വാഡ്-കോര്‍ പ്രൊസസര്‍ ആണ് ഫോണിൻ്റെ കരുത്ത്. 2ജിബി റാമും 32 ജിബി ഇൻ്റെണൽ സ്‌റ്റോറേജും നല്‍കിയിരിക്കുന്നു. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാം.
  • 13 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. 8 മെഗാപിക്‌സലിൻ്റെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. ഇന്ത്യ-ഓഗ്മെന്റ് റിയാലിറ്റി ഫില്‍റ്റര്‍, പോട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, തുടങ്ങിയ സവിശേഷതകളും ക്യാമറ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
  • ഡ്യുവല്‍ സിം സപ്പോര്‍ട്ടടെ എത്തുന്ന ഫോണിന് 3500 എംഎഎച്ചിൻ്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT