റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വി.ഐ) തുടങ്ങിയവയുടെ ഡാറ്റ പ്ലാനുകളുമായി സബ്‌സ്‌ക്രിപ്‌ഷനുകൾ സംയോജിപ്പിക്കുന്നതിനുളള നീക്കത്തില്‍ ജിയോസ്റ്റാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിന് മുന്നോടിയായാണ് ഈ നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സഹകരണങ്ങൾ വഴി ഉപയോക്താക്കൾക്ക് പ്രത്യേക സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ലാതെ തന്നെ പ്രീമിയം ജിയോഹോട്ട്‌സ്റ്റാർ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ സാധിക്കും. ഐപിഎല്ലില്‍ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി 100 കോടിയിലധികം കാഴ്ചക്കാരിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് ജിയോസ്റ്റാറിനുളളത്.
പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകൾ സംയോജിപ്പിക്കുന്നത് ടെലികോം ഡാറ്റ ഉപഭോഗം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെ 100 രൂപ, 195 രൂപ, 949 രൂപ എന്നിങ്ങനെ ജിയോഹോട്ട്‌സ്റ്റാറിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കുന്നത്.
ഡീലുകൾ അന്തിമമാക്കിക്കഴിഞ്ഞാൽ, ഐപിഎല്ലിലേക്കും മറ്റ് ഉള്ളടക്കത്തിലേക്കും തടസ്സമില്ലാത്ത ആക്‌സസ് നൽകുന്ന സമാനമായ ജിയോഹോട്ട്‌സ്റ്റാർ പ്ലാനുകൾ എയർടെല്ലും വിഐയും ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.
ഐപിഎൽ 2025 ല്‍ നിന്ന് ജിയോസ്റ്റാര്‍ 4,500 കോടിയുടെ പരസ്യ വരുമാനമാണ് ലക്ഷ്യമിടുന്നത്. 20 സ്പോൺസർമാരാണ് ഇവന്റിനുളളത്. ഡിസംബർ വരെ ജിയോയ്ക്ക് 47.65 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരാണ് ഉണ്ടായിരുന്നത്. എയർടെല്ലിന് 28.93 കോടിയും വി.ഐ ക്ക് 12.63 കോടിയുമാണ് ഉളളതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2024 ൽ, ജിയോസിനിമയിൽ ഐപിഎൽ കാഴ്ചക്കാരുടെ എണ്ണം 62 കോടിയും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ 54.1 കോടിയും എത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine