Tech

ഭരണഘടനാ വിരുദ്ധമെന്ന് കമ്പനികൾ ; ഓൺലൈൻ റമ്മി വിലക്കിയ സംസ്ഥാന നടപടി റദ്ദാക്കി ഹൈക്കോടതി

ജംഗ്ലീ ഗെയിംസ് ഇന്ത്യ , പ്ലേ ഗെയിംസ് 24x7, ഹെഡ് ഡിജിറ്റൽ വർക്സ്, ലിമിറ്റഡ്, ഗെയിംസ്ക്രാഫ്റ്റ് ടെക്നോളജീസ് എന്നീ കമ്പനികളാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയെ സമീപിച്ചത്.

Dhanam News Desk

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി കേരള ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ട പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

1960 ലെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഉൾപ്പെടുത്തിയാണ് ഓണ്‍ലൈന്‍ റമ്മി നിയ വിരുദ്ധമായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കമ്പനികള്‍ കോടിതിയെ സമീപിക്കുകയായിരുന്നു. റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

പണം ഉപയോഗിച്ചുള്ള ഓൺലൈൻ റമ്മി കളി സമ്പാദ്യ നഷ്ടവും ആത്മഹത്യകളും ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് സംസ്ഥാനം വാദിച്ചു. പണത്തിനായി റമ്മി കളിക്കുന്നത് ചൂതാട്ടത്തിന് തുല്യമാകുമെന്ന 2019ലെ കേരളം ഹൈക്കോടതി വിധിയും സംസ്ഥാനം ചൂണ്ടിക്കാട്ടി.

ജംഗ്ലീ ഗെയിംസ് ഇന്ത്യ , പ്ലേ ഗെയിംസ് 24x7, ഹെഡ് ഡിജിറ്റൽ വർക്സ്, ലിമിറ്റഡ്, ഗെയിംസ്ക്രാഫ്റ്റ് ടെക്നോളജീസ് എന്നീ കമ്പനികളാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയെ സമീപിച്ചത്. യഥാക്രമം എയ്‌സ്‌ 2 ത്രീ, ജംഗ്ലീ റമ്മി, റമ്മി സർക്കിൾ , റമ്മികൾച്ചർ എന്നീ പ്ലാറ്റ് ഫോമുകളുടെ ഉടമകളാണ് ഈ കമ്പനികൾ.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നു. നിരവധി ഗെയിമിംഗ് കമ്പനികള്‍ ബംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്ത് നിന്ന് പ്രവര്‍ത്തനം മാറ്റാനും കമ്പനികളെ പ്രേരിപ്പിച്ചേക്കും. സമാനമായി തമിഴ്‌നാട് സര്‍ക്കാരും കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ നിരോധിക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT