Tech

ഐസൊലേഷന്‍ വാര്‍ഡില്‍ സഹായത്തിനെത്തും കേരളത്തിന്റെ സ്വന്തം 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍'

Rakhi Parvathy

കൊറോണ ഏറ്റവും ഭീതിജനിപ്പിക്കുന്നത് അത് തന്നേക്കാവുന്ന വേദനകള്‍ക്കപ്പുറം കൊറോണ രോഗികളെ കാത്തിരിക്കുന്ന ഏകാന്തവാസമാണ്. സ്വന്തം രോഗം മാത്രമല്ല. മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പകരാവുന്ന മാരക രോഗമാണ് തന്നെ വേട്ടയാടുന്നതെന്ന തോന്നലാണ് ആ രോഗിയെ കൂടുതല്‍ തളര്‍ത്തിക്കളയുക. പ്രതിബദ്ധരായ മെഡിക്കല്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും നഴ്‌സുമാരും സ്വന്തം സുരക്ഷ മറന്ന് ഉറക്കമൊഴിഞ്ഞ് ഇവര്‍ക്കൊപ്പം ഉണ്ട്. എങ്കിലും രോഗമേല്‍ക്കാത്ത, രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്ന ഏതെങ്കിലും സംവിധാനമല്ലേ ഇവിടെ ഏറ്റവും സഹായകമാകുക. അത്തരമൊരു സംവിധാനമൊരുക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് (asimovrobotics.com) എന്ന പ്രസ്ഥാനവും അതിന്റെ സാരഥിയായ ജയകൃഷ്ണനും. അസിമോവിന്റെ 'കര്‍മി ബോട്‌സ്' എന്ന റോബോട്ടുകളാണ് ഐസൊലേഷന്‍ വാര്‍ഡില്‍ രോഗീ പരിചരണത്തിനായി തയ്യാറായിട്ടുള്ളത്.

നഴ്‌സിംഗ് പരിചരണം ഇങ്ങനെ

നേരത്തെ തന്നെ സായ എന്ന ഹ്യൂമന്‍ അസിസ്റ്റന്റ് റോബോട്ടുകള്‍ അസിമോവ് വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കര്‍മി ബോട്‌സ് മെഡിക്കല്‍ അസിസ്റ്റന്റ്‌സ് സെപ്ഷലിസ്റ്റുകളായ റോബോട്ടുകളാണ്. കൊറോണയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രോഗീ പരിചരണത്തില്‍ വേണ്ട കാര്യങ്ങള്‍ മനസ്സിലാക്കി പത്തു ദിവസം കൊണ്ടാണ് കര്‍മി ബോട്ട്് വികസിപ്പിച്ചെടുത്തത്. കസ്റ്റമൈസ്ഡ് റോബോട്ട്‌സ് ആണിവ. റോബോട്ടുകളെ സ്പര്‍ശിക്കാതെ തന്നെ അവയിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സോഫ്റ്റ് വെയറാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

അവയെ ഐസൊലേഷന്‍ വാര്‍ഡില്‍ വിന്യസിച്ചാല്‍ നഴ്‌സ് എത്തുന്നത് പോലെ രോഗികള്‍ക്കടുത്തെത്തി വേണ്ട അളവിലെ ഭക്ഷണം, മരുന്ന് എന്നിവ നല്‍കാനാകും. കഴിക്കേണ്ട വിധം രോഗിക്ക് പറഞ്ഞുകൊടുക്കാനും റോബോട്ടിന് കഴിയുന്നു. തിരികെ പ്ലേറ്റുകളും രോഗി ഉപയോഗിച്ച വസ്തുക്കളും അണുവിമുക്തമാക്കാനുള്ള സംവിധാനവും ഈ റോബോട്ടില്‍ സജ്ജം. അത്തരത്തില്‍ 10 ഓളം ബെഡുകളിലെ പരിചരണം വരെ ഒരു റോബോട്ടിന് ഒരു ദിവസം ചെയ്യാന്‍ പ്രാപ്തമാണ്.

കര്‍മി-ബോട്ട്
ചാറ്റ് ചെയ്യും റോബോട്ട്

രോഗികള്‍ക്കരികിലേക്ക് വെറും ഒരു മെഷീന്‍ പോലെ സഞ്ചരിക്കുന്നവയല്ല കര്‍മി ബോട്ടുകള്‍. രോഗിക്ക് കര്‍മി ബോട്ടിലൂടെ വീട്ടിലിരിക്കുന്നവരുമായോ സുഹൃത്തുക്കളുമായോ ഡോക്ടറുമായോ വിഡിയോ വഴി സംവദിക്കാം. ഈ റോബോട്ടുകളുമായി ചാറ്റ് ചെയ്യാം. വേണ്ടി വന്നാല്‍ പാട്ടു കേള്‍ക്കാം. കൊച്ചു വര്‍ത്തമാനം പറയാം. ക്വിസോ മറ്റോ കളിക്കാം. ക്രമീകരണം നടത്തണമെന്നു മാത്രം. അതീവ പരിചരണത്തിലുള്ള രോഗികളുടെ മുറിയിലേക്ക് എത്തിക്കേണ്ട അവശ്യ സാധനങ്ങള്‍ അവിടെ ഡ്യൂട്ടിയിലുള്ളവര്‍ക്ക് എത്തിക്കാം.

വ്യക്തികളുടെ ഉപയോഗം കുറച്ചു കൊണ്ട് രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മി ബോട്ടുകളെ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് റോബോട്ടിന് പിറവി നല്‍കിയ അസിമോവ് റോബോട്ടിക്‌സിന്റെ സ്ഥാപകന്‍ ജയകൃഷ്ണന്‍ എന്ന ജെകെ പറയുന്നു. 'ഫാസ്റ്റ് മൂവിംഗ്, ഡിസിന്‍ഫെക്ഷന്‍, ലോഡ് കാരിയിംഗ് കപ്പാസിറ്റി, ഇന്ററാക്റ്റീവ് സ്വഭാവം തുടങ്ങിയ ശേഷിയാണ് ഈ റോബോട്ടുകളെ വ്യത്യസ്തമാക്കുന്നത്. കൊറോണ പോലെ സമൂഹ വ്യാപനം തടയേണ്ട രോഗങ്ങളുള്ള സാഹചര്യങ്ങളില്‍ ഇത്തരം റോബോട്ടുകളുടെ ഉപയോഗം ഏറെ ഗുണം ചെയ്യും.

സൗത്ത് കൊറിയയില്‍ നിന്നുമാണ് ഇവയുടെ അസംസ്‌കൃത വസ്തുക്കളെത്തുന്നത്. അവ എത്തിക്കാനുള്ള സഹായങ്ങള്‍ കൂടെ സര്‍ക്കാര്‍ ചെയ്തു തന്നാല്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്കായി റോബോട്ടുകളെ എത്തിക്കാന്‍ കഴിയും. ഒരു ദിവസം ഒരു റോബോട്ടിനെ വീതം നിര്‍മിക്കാനുള്ള ശേഷി നമുക്കിവിടെയുണ്ട്. അതിനായുള്ള സഹായമാണ് വേണ്ടത്.'' ജയകൃഷ്ണന്‍ പറയുന്നു.

മുന്‍പ് കോവിഡ് ബോധവത്കരണം നടത്തുന്ന സായ എന്ന റോബോട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ഉപയോഗിക്കാനാവുന്ന റോബോട്ടുകളെ വികസിപ്പിക്കാനും അസിമോവിന് പദ്ധതിയുണ്ട്.

കര്‍മി ബോട്ടിന്റെ 10 പ്രത്യേകതകള്‍
  1. ചെലവ് കുറഞ്ഞ നിര്‍മാണ രീതി
  2. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആകൃതിയും തൂക്കക്കുറവും.
  3. 25 കിലോഗ്രാം വരെ ഒരു സമയം ഇതിന് വഹിക്കാന്‍ കപ്പാസിറ്റിയുണ്ട്.
  4. താനേ പ്രവര്‍ത്തിക്കുന്ന റോബോട്ട് റിമോട്ട് കണ്‍ട്രോള്‍ വഴിയും വേണ്ടി വന്നാല്‍ പ്രവര്‍ത്തിപ്പിക്കാം.
  5. വിഡിയോ സ്ട്രീമിംഗും കോണ്‍ഫറന്‍സിംഗും സാധ്യമാക്കുന്നു.
  6. വേര്‍തിരിക്കാനും സ്വയം അണുവിമുക്തമാക്കാനും കഴിയുന്ന കണ്ടെയ്‌നറുകള്‍ ഉണ്ട്.
  7. താനേ ചാര്‍ജ് ചെയ്യുന്നു.
  8. ഒരു ചെറുകാറില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാം.
  9. 1m/ sec സഞ്ചരിക്കാന്‍ കെല്‍പ്പുള്ളത്.
  10. നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയാല്‍ ഓരോ രോഗിക്കും വേണ്ട പരിചരണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT