ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്‌സാപ്പിന്റെ (WhatsApp) തലപ്പത്ത് ഇനി ഇന്ത്യൻ ടെക് സംരംഭകൻ. പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമായ ക്രെഡിന്റെ (CRED) സ്ഥാപകൻ കുനാൽ ഷായാണ് ആഗോളതലത്തിൽ വാട്‌സാപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ചുമതലയേൽക്കുന്നത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ (Meta) ക്രെഡിൽ 900 മില്യൺ ഡോളറിന്റെ (ഏകദേശം 8,550 കോടി രൂപ) വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റാർട്ടപ്പ് ലോകത്തെ ഞെട്ടിച്ച ഈ തന്ത്രപരമായ നേതൃമാറ്റം പുറത്തുവന്നത്. പ്രൈമറി, സെക്കൻഡറി ഓഹരി വാങ്ങലുകളിലൂടെയാണ് മെറ്റയുടെ ഈ നിക്ഷേപം. ഇതോടെ ക്രെഡിന്റെ മൈനോറിറ്റി ഓഹരിപങ്കാളിയായി മെറ്റാ മാറും. നിലവിലെ വാട്‌സാപ്പ് മേധാവി വിൽ കാത്കാർട്ടിന് പകരക്കാരനായാണ് കുനാൽ ഷായുടെ നിയമനം.
ക്രെഡിന്റെ സി.ഇ.ഒ പദവിയിൽ നിന്ന് കുനാൽ ഷാ ഒഴിഞ്ഞതിനെ തുടർന്ന് കമ്പനിയുടെ സ്ട്രാറ്റജി ആൻഡ് ഫിനാൻസ് വിഭാഗം മേധാവിയായിരുന്ന മിറ്റൻ സമ്പത്ത് താല്ക്കാലിക സി.ഇ. ആയി അടിയന്തരമായി ചുമതലയേറ്റു.
ഈ വമ്പൻ നിക്ഷേപത്തോടെ ക്രെഡിന്റെ മൂല്യം 4.5 ബില്യൺ ഡോളറായി (ഏകദേശം 42,588 കോടി രൂപ) ഉയർന്നു. 2018-ൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നവർക്കുള്ള ഒരു റിവാർഡ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച കമ്പനി ഇന്ന് പേയ്‌മെന്റുകൾ, വായ്പകൾ, ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങി വിപുലമായ സാമ്പത്തിക സേവന മേഖലകളിലേക്ക് വളർന്നു പന്തലിച്ചിരിക്കുകയാണ്.
കമ്പനി ഒടുവിൽ ലാഭത്തിലേക്ക് (Profitability) എത്തിയതായും കുനാൽ ഷാ വ്യക്തമാക്കി. ബിസിനസ് മോഡലിനെക്കുറിച്ചും വരുമാനമാർഗ്ഗങ്ങളെക്കുറിച്ചും ഉയർന്നുവന്ന നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ക്രെഡിന്റെ ഈ നേട്ടം. നിലവിൽ 1.7 കോടി ഉപയോക്താക്കളുള്ള ക്രെഡ്, ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകളുടെ 40 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നുണ്ട്. പങ്കാളികളായ ധനകാര്യ സ്ഥാപനങ്ങൾക്കായി 24,000 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റും (AUM) കമ്പനിക്കിപ്പോഴുണ്ട്.
മെറ്റയുടെ നിക്ഷേപം ഒരു മൈനോറിറ്റി ഓഹരി പങ്കാളിത്തം മാത്രമാണെന്നും ഇതിലൂടെ ഉപയോക്താക്കളുടെ യാതൊരുവിധ ഡാറ്റയും മെറ്റയോടെ പങ്കുവെക്കില്ലെന്നും കുനാൽ ഷാ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ക്രെഡിന്റെ അഞ്ചാമത് എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ESOP) ബൈബാക്ക് ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ മൂലധനം ബിസിനസ് വളർച്ച വേഗത്തിലാക്കാനും വിവിധ വിഭാഗങ്ങളിലെ നേതൃശേഷി ശക്തിപ്പെടുത്താനും ഉപയോഗിക്കും. കൂടാതെ കമ്പനിയെ ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയാക്കി മാറ്റുന്നതിനുള്ള ഐ.പി.ഒ (Initial Public Offering) പ്രക്രിയകൾക്ക് ബോർഡും നേതൃത്വവും തുടക്കം കുറിച്ചതായും കമ്പനി അറിയിച്ചു.
കുനാൽ ഷായുടെ നിയമനത്തെ മെറ്റാ സി.ഇ.ഓ മാർക്ക് സക്കർബർഗും നിലവിലെ വാട്‌സാപ്പ് മേധാവി വിൽ കാത്കാർട്ടും സ്വാഗതം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളിലൊന്ന് കെട്ടിപ്പടുത്ത കുനാൽ ഷായുടെ ആഗോള വീക്ഷണവും കഠിനാധ്വാനവും ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പിനെ നയിക്കാൻ ഏറെ സഹായകരമാകുമെന്ന് സക്കർബർഗ് പറഞ്ഞു. ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ ആഗോള ടെക് ഭീമന്മാരുടെ ഏറ്റവും നിർണ്ണായകമായ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയുടെ അടയാളം കൂടിയാണ്.
സ്വന്തം സമ്പാദ്യത്തിൽ നിന്ന് 1 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 8.3 കോടി രൂപ) മുടക്കിയാണ് അദ്ദേഹം 'ക്രെഡ്' (CRED) എന്ന സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്ന നല്ല ഉപഭോക്താക്കൾക്ക് അർഹമായ റിവാർഡുകൾ നൽകുക എന്നതായിരുന്നു ലക്ഷ്യം.
തുടർന്ന് 2019 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ക്രെഡ് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. പൂജ്യത്തിൽ നിന്ന് 1.7 കോടി (17 million) അംഗങ്ങളിലേക്ക് കമ്പനി വളർന്നു. ആഗോള നിക്ഷേപകരിൽ നിന്ന് 900 ദശലക്ഷം ഡോളറിലധികം ഫണ്ട് സമാഹരിച്ച ക്രെഡ്, ബിൽ പേയ്‌മെന്റുകളിൽ മാത്രം ഒതുങ്ങാതെ വായ്പകൾ, ഇൻഷുറൻസ്, കൊമേഴ്‌സ്, വെൽത്ത് മാനേജ്‌മെന്റ്, സ്വന്തം ക്രെഡിറ്റ് കാർഡുകൾ എന്നിവയിലേക്കെല്ലാം ബിസിനസ് വ്യാപിപ്പിച്ചു. ഇതിനിടയിൽ ജീവനക്കാർക്കായി നാല് തവണ 'എസ്‌പി' (ESOP) ബൈബാക്കുകൾ നടത്താനും, കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം 3,200 കോടി രൂപയായി ($325 million) ഉയർത്താനും കഴിഞ്ഞതായി ഷാ വ്യക്തമാക്കി.
1979-ൽ മുംബൈയിൽ ജനിച്ച കുനാൽ ഷാ, പഠന കാര്യത്തിൽ അല്പം വ്യത്യസ്തമായ വഴിയാണ് തിരഞ്ഞെടുത്തത്. മുംബൈ വിൽസൺ കോളേജിൽ നിന്ന് 'ഫിലോസഫിയിൽ' (തത്ത്വശാസ്ത്രം) ബിരുദം നേടിയ അദ്ദേഹം, പിന്നീട് എൻ.എം.ഐ.എം.എസ്-ൽ (NMIMS) എം.ബി.എ-യ്ക്ക് ചേർന്നുവെങ്കിലും ബിസിനസ്സ് സ്വപ്നങ്ങൾ പിന്തുടരാനായി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു (Drop out).
ഇന്ത്യൻ ഫിൻടെക് രംഗത്തെ ഏറ്റവും പ്രമുഖരായ മുൻനിര സംരംഭകരിൽ ഒരാളാണ് കുനാൽ ഷാ. ക്രെഡിന് മുൻപ്, ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'ഫ്രീചാർജ്' (FreeCharge) എന്ന പ്ലാറ്റ്‌ഫോം 2010-ൽ തുടങ്ങിയത് ഇദ്ദേഹമാണ്. 2015-ൽ വലിയൊരു തുകയ്ക്ക് (450 ദശലക്ഷം ഡോളർ) പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ സ്നാപ്ഡീൽ ഫ്രീചാർജ് ഏറ്റെടുത്തു.
In a major global leadership transition, CRED founder Kunal Shah steps down as CEO to lead WhatsApp, following Meta's $900 million investment in the Indian fintech major.
Read DhanamOnline in English
Subscribe to Dhanam Magazine