കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ എത്തിച്ചത് നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ്. ആ റോബോട്ട് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. അസിമോവ് റോബോട്ടിക്‌സ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി ഉടമ ജയകൃഷ്ണന്‍ നിര്‍മിച്ച കര്‍മി ബോട്ട് എന്ന റോബോട്ടാണിത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് നിര്‍മ്മിച്ച കര്‍മിബോട്ട് ലോകോത്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ്. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയെല്ലാം ചെയ്യുന്ന റോബോട്ട് ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് സജ്ജമായിട്ടുള്ളത്. ഇതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.
രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കല്‍ ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവര്‍ത്തനരീതി. റോബോട്ട് നടക്കുമ്പോള്‍ അല്ലെങ്കില്‍ നിര്‍ദേശം നല്‍കുമ്പോള്‍ വ്യക്തികള്‍ക്ക് ആരോഗ്യകരമായ സുരക്ഷിതത്വം ഉറപ്പു നല്‍കിക്കൊണ്ട് മാത്രം അത് സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം നടത്തുന്നു.
കര്‍മി ബോട്ടിനെക്കുറിച്ച് നേരത്തെ പുറത്തു വന്ന വാര്‍ത്തകളോടൊപ്പം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അവ നിര്‍മിക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ ജയകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുപോലും 500 ഓളം പുതിയ ഓര്‍ഡറുകള്‍ ജയകൃഷ്ണനും അസിമോവ് റോബോട്ടിക്‌സിനും ലഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയെ അടുത്ത തലത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കലും സാധ്യമാകുകയുള്ളു. എന്നാല്‍ സാങ്കേതികതയുടെ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ നിക്ഷേപകര്‍ രംഗത്തു വരാന്‍ തയ്യാറാകണം.
സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഇന്ത്യന്‍ നിര്‍മിത മെഡിക്കല്‍ സങ്കേതങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്താനും ഗുണനിസവാരം കാത്തുസൂക്ഷിക്കാനും വേണ്ട പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണം. പ്രത്യേകിച്ച് കോവിഡ് മഹാമാരി പോലെയുള്ള അനിയന്ത്രിത ആപത് ഘട്ടങ്ങളെ നേരിടാന്‍ മറ്റു മുന്‍ കരുതലുകള്‍ പോലെ ഇത്തരത്തിലുള്ള വ്യവസായങ്ങളെ പിന്തുണയ്ക്കാനുള്ള പുതിയ പദ്ധതികളും വരണം.
കയ്യുറയും മറ്റ് പിപിഇ കിറ്റുകളും നിര്‍മിക്കുന്ന ചെറുതും വലുതുമായ ധാരാളം കമ്പനികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് പോലുള്ള സാഹചര്യം വരുന്നത് വരെ സാദാരണ ഗതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ക്ക് പെട്ടെന്ന് ഉല്‍പ്പാദന ക്ഷമത കൂട്ടേണ്ടതായി വന്നു. ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ മൂലം തുണി പോലുള്ള അസംസ്‌കൃത വസ്തുക്കളും എത്തിക്കാന്‍ പാടാണ്. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം. ലോകോത്തര നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ അസംസ്‌കൃത വസ്തുക്കളുടെ ക്രോഡീകരണം മുതല്‍ അവസാനഘട്ടം വരെ കരുതേണ്ട അടിസ്ഥാനപരമായ സുരക്ഷിതത്വ സംവിധാനങ്ങള്‍ ഇവയ്‌ക്കെല്ലാം ഈ രംഗത്തേക്ക് സഹായമെത്തേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടേണ്ടത്.
നിക്ഷേപ സാധ്യതകള്‍ കൂടെ കണക്കിലെടുത്തു കൊണ്ട് സര്‍ക്കാര്‍ പദ്ധതികളും സബ്‌സിഡികളും ധനസഹായങ്ങളും വരും ദിനങ്ങളില്‍ മേഖലയിലെ സംരംഭകര്‍ പ്രതീക്ഷിക്കുന്നു. അത്തരം സഹായങ്ങളെത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകോത്തര നിലവാരമുള്ള റോബോട്ടിക്‌സ് ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്തെ മാറ്റി മറിയ്ക്കുവാനുള്ള ഉല്‍പ്പന്നങ്ങളുടെ ഈറ്റില്ലമായി മാറും കേരളം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine