പ്രതീകാത്മക ചിത്രം Courtesy: Canva
Tech

ഫോട്ടോ ആക്‌സസ് അനുമതി നൽകിയാൽ ഫോണിലെ എല്ലാം കാണാമോ? മെറ്റയ്ക്ക് ₹8,300 കോടിയുടെ പിഴ; ആപ്പ് പെർമിഷനിലെ സ്വകാര്യതാ പഴുതുകൾ അറിയാം

ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നതിൽ വ്യക്തമായ സമ്മതം തേടിയില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് മെറ്റയ്ക്ക് ഇറ്റലി 805 മില്യൺ യൂറോ പിഴ ചുമത്തി; ഫോട്ടോ ആക്‌സസ് പെർമിഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട സ്വകാര്യതാ കാര്യങ്ങളും അറിയാം

Dhanam News Desk

ഫോണിലെ ഫോട്ടോകൾ അപ്‌‍ലോഡ് ചെയ്യാൻ ഒരു മൊബൈൽ ആപ്പിന് അനുമതി നൽകിയാൽ, ഗാലറിയിലെ മറ്റ് ചിത്രങ്ങളും വീഡിയോകളും ആപ്പ് പരിശോധിക്കുന്നുണ്ടെങ്കിലോ? സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് നിർണായക ചോദ്യമുയർത്തുന്നതാണ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കെതിരേ ഇറ്റലി സ്വീകരിച്ച നടപടി. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും അനുബന്ധ വിവരങ്ങളും വ്യക്തമായ സമ്മതമില്ലാതെ ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് മെറ്റയ്ക്ക്, ഇറ്റലിയിലെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി 805 മില്യൺ യൂറോ (ഏകദേശം 8,300 കോടി രൂപ) പിഴ ചുമത്തി.

ഒരു അനുമതി, ഒന്നിലധികം ഉപയോഗങ്ങൾ

2023-ൽ ഫെയ്സ്ബുക്ക് അവതരിപ്പിച്ച 'ഗെറ്റ് സജഷൻസ് ഫ്രം ഗാലറി' എന്ന ഫീച്ചറാണ് നടപടിക്ക് കാരണമായത്. ഫോണിലെ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതിനായി നിർദേശിക്കുന്ന സംവിധാനമാണിത്. ചിത്രങ്ങൾ അപ്‌‍ലോഡ് ചെയ്യാനും ഗാലറി നിർദേശങ്ങൾ നൽകാനും ഒരേ ആൻഡ്രോയിഡ് അനുമതി ഉപയോഗിച്ചെങ്കിലും രണ്ടാമത്തെ കാര്യം ഉപയോക്താവിനോട് വ്യക്തമായി വിശദീകരിച്ചില്ലെന്നാണ് റെഗുലേറ്ററുടെ കണ്ടെത്തൽ.

ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനക്ഷമമായിരുന്നു. അനുമതി നൽകിയാൽ മീഡിയ ലൈബ്രറിയിലെ മുഴുവൻ ഉള്ളടക്കവും ആപ്പിന് പരിശോധിക്കാനാകുന്ന സാഹചര്യമുണ്ടായി. ഇറ്റലിയിൽ ഏകദേശം രണ്ട് കോടി ആൻഡ്രോയിഡ് ഉപയോക്താക്കളെ ഇത് ബാധിച്ചു. 60 ദിവസത്തിനകം ഫീച്ചർ ഡിഫോൾട്ടായി ഓഫ് ചെയ്യാനും പ്രത്യേക സമ്മതം തേടാനും മെറ്റയോട് ഇറ്റാലിയൻ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ അപ്പീൽ നൽകുമെന്നാണ് മെറ്റയുടെ നിലപാട്.

'ഗാലറി ആക്‌സസ്' എന്നതിന്റെ അർഥം എന്ത്?

ഫോട്ടോ ആക്‌സസ് അനുമതി എന്നത്, ഒരു ചിത്രം മാത്രം തിരഞ്ഞെടുക്കാനുള്ള അവകാശമല്ല. നൽകിയ അനുമതിയുടെ സ്വഭാവമനുസരിച്ച് ആപ്പിന് ഫോണിലെ മുഴുവൻ ചിത്രങ്ങളും വീഡിയോകളും വായിക്കാനായേക്കാം. എങ്കിലും, ആൻഡ്രോയിഡ് 14-ലെ സെലക്ടഡ് ഫോട്ടോസ് ആക്‌സസ്, ഗൂഗിളിന്റെ ഫോട്ടോ പിക്കർ എന്നിവയിലൂടെ തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രം പങ്കുവയ്ക്കാം. ഐഫോണിലും സമാന നിയന്ത്രണങ്ങളുണ്ട്. അതായത്, ഒരു ഫീച്ചറിന് ആവശ്യമായ ചിത്രങ്ങൾ മാത്രം ആപ്പുകൾക്ക് നൽകാനുള്ള നൽകാനുള്ള മാർഗങ്ങൾ ഫോണുകളിൽ ലഭ്യമാണ്.

പെർമിഷൻ നൽകിയാൽ സമ്മതം പൂർണമാകുമോ?

ഇല്ല. ഓപ്പറേറ്റിങ് സിസ്റ്റം നൽകുന്ന അനുമതി ആപ്പിന് ഫോണിൽ എന്തൊക്കെ പരിശോധിക്കാമെന്നു മാത്രമാണ് നിയന്ത്രിക്കുന്നത്. ശേഖരിച്ച വിവരങ്ങൾ എങ്ങനെ ഉപയോഗിക്കും, പരസ്യ-അനലിറ്റിക്സ് സേവനങ്ങളുമായി പങ്കുവയ്ക്കുമോ തുടങ്ങിയ കാര്യങ്ങൾ അതിലൂടെ വ്യക്തമാകില്ല. ആപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള തേഡ്-പാർട്ടി സോഫ്റ്റ്‌‍വെയർ സംവിധാനങ്ങൾക്കും ചില വിവരങ്ങൾ ലഭിച്ചേക്കാം. അനുമതി പിൻവലിച്ചാലും നേരത്തേ ശേഖരിച്ചതോ മറ്റുള്ളവരുമായി പങ്കുവെച്ചതോ ആയ വിവരങ്ങൾ സ്വയം ഇല്ലാതാകില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ഉപയോക്താക്കൾക്കും മുന്നറിയിപ്പ്

ഇന്ത്യയുടെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമപ്രകാരം, സമ്മതം സ്വതന്ത്രവും വ്യക്തവും അറിവോടെയുള്ളതുമായിരിക്കണം. എന്നാൽ ഇതിന്റെ പ്രധാന സമ്മത വ്യവസ്ഥകൾ 2027 മേയ് 13-നാണ് പ്രാബല്യത്തിൽ വരുന്നത്. അതുവരെ ഉപയോക്താക്കൾ ഓരോ ആപ്പിന്റെയും പെർമിഷനുകൾ സ്വയം പരിശോധിച്ച്, ആവശ്യത്തിന് മാത്രം ആക്സസ് അനുവദിക്കാൻ ശ്രദ്ധിക്കണം. ഫോണിൽ 'അനുവദിക്കുക' (Allow) അമർത്തുന്നത് വിവരങ്ങളുടെ എല്ലാ ഉപയോഗങ്ങൾക്കുമുള്ള പൂർണ സമ്മതമായി കണക്കാക്കാനാകില്ല.

Italy fined Meta ₹8,300 over alleged lack of clear consent for the use of Android users’ gallery photos and videos, raising questions about app permissions and privacy.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT