ഡിജിറ്റൽ ഭീമന്മാരായ മെറ്റയ്ക്ക് കനത്ത തിരിച്ചടിയായി ഡാറ്റ സ്വകാര്യതാ ലംഘന കേസിൽ ഭീമമായ പിഴ ശിക്ഷ. 2016-ലെ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്ക (Cambridge Analytica) ഡാറ്റാ ചോർച്ചാ വിവാദത്തിൽ മെറ്റ (Meta) 2500 കോടി ഡോളർ (ഏകദേശം 2 ലക്ഷം കോടി രൂപയോളം) പിഴയടയ്ക്കാൻ ന്യൂ മെക്സിക്കോ കോടതി ഉത്തരവിട്ടു. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി വഞ്ചിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഉത്തരവ്.
സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ഈ വൻ തുക പിഴ വിധിച്ചിരിക്കുന്നത്. ദശകത്തിലേറെ പഴക്കമുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോർച്ചാ വിവാദത്തിൽ ദശകത്തിന്റെ ഒടുവിൽ നടക്കുന്ന കടുത്ത നടപടിയാണിത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ ചോർത്തി വോട്ടർമാരെ ലക്ഷ്യമിടാൻ ഉപയോഗിച്ചുവെന്ന ആരോപണമാണ് കേസിന് ആധാരം. തുടക്കത്തിൽ 219 ബില്യൺ ഡോളറിലധികം പിഴ ഈടാക്കാൻ നിയമപരമായി സാധ്യതയുണ്ടായിരുന്നെങ്കിലും പിന്നീട് കോടതി അത് 25 ബില്യൺ ഡോളറായി കുറയ്ക്കുകയായിരുന്നു. ഈ തുക മുഴുവൻ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാനാണ് അധികൃതരുടെ തീരുമാനം.
ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് തെറ്റായ രീതിയിൽ അവകാശപ്പെടുകയും, വിദ്വേഷ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിൽ കമ്പനി പരാജയപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഉപയോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് വിശ്വസിപ്പിച്ച് മെറ്റ കബളിപ്പിച്ചതായി ജൂറി കണ്ടെത്തിയിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്നും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ വിപണി മൂല്യത്തെയും ഓഹരി വിപണിയെയും ഈ നിയമപോരാട്ടങ്ങൾ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലെങ്കിലും, സാങ്കേതികവിദ്യാരംഗത്തെ വമ്പൻ കമ്പനികൾക്ക് ഇതൊരു കടുത്ത മുന്നറിയിപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine