ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. പ്രകടന മികവ് കാഴ്ചവെക്കാത്ത ജീവനക്കാരെയാണ് കുറയ്ക്കുന്നത്. മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതേകുറിച്ച് ജീവനക്കാര്‍ക്ക് അറിയിപ്പു നല്‍കി. 'മൂവ് ഔട്ട് ലോ പെര്‍ഫോമേഴ്‌സ് ഫാസ്റ്റര്‍' എന്നാണ് ഇന്റേണല്‍ വര്‍ക്ക്‌പ്ലേസ് ഫോറത്തില്‍ സക്കര്‍ബര്‍ഗ് കുറിച്ചത്. 2025 കടുത്ത വര്‍ഷമായിരിക്കുമെന്നും ജീവനക്കാരോട് പറഞ്ഞു. ബ്ലൂംബെര്‍ഗാണ് ഇന്റേണല്‍ മെമോയിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മികച്ച ജീവനക്കാരെ മാത്രം ടീമിന്റെ ഭാഗമായി നിലനിര്‍ത്തുക എന്ന മെറ്റയുടെ നയത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ മെറ്റയ്ക്ക് കീഴില്‍ മൊത്തം 72,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന അഞ്ച് ശതമാനം ജീവനക്കാരാണ് ഉടന്‍ പുറത്താകുക. ഫെബ്രുവരി ഫെബ്രുവരി 10ന് പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിക്കും. മുന്‍കാലങ്ങളില്‍ കമ്പനി നല്‍കി വന്ന പിരിച്ചു വിടല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും. ഇതിനു മുന്‍പ് 2022ലും 2023ലുമായി 21,000 പേരെ, അതായത് കാല്‍ ഭാഗത്തോളം ജീവനക്കാരെ മെറ്റ പിരിച്ചു വിട്ടിരുന്നു.
നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് മെറ്റയ്ക്കുള്ളിലെ നിരവധി പ്രധാന പ്രവര്‍ത്തനങ്ങളില്‍ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine