Image courtesy: Canva
Tech

ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു: ബിസിനസുകളെ ബാധിച്ചതെങ്ങനെ? സേവനങ്ങൾ എപ്പോൾ തിരികെ എത്തും?

ഒരു സെർവറിലെ തടസം മറ്റ് സെർവറുകളിലേക്ക് അധിക ജോലിഭാരം ഉണ്ടാക്കുകയും സിസ്റ്റത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്തു

Dhanam News Desk

ലോകമെമ്പാടുമുള്ള ബിസിനസുകളെയും ധനകാര്യ സ്ഥാപനങ്ങളെയും എയർലൈനുകളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് (Outlook), ടീംസ് (Teams), കോപൈലറ്റ് (Copilot), ഷെയർപോയിന്റ് (SharePoint), ഡിഫെൻഡർ (Microsoft Defender) തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം തടസപ്പെട്ടു. സെർവറുകളിലെ പ്രധാന കോർ പ്രോസസുകളിൽ അമിതഭാരം (Overwhelmed) അനുഭവപ്പെടുകയും സെർവറുകൾ പ്രതികരിക്കാതാവുകയും ചെയ്തതാണ് ഐ.ടി അടിസ്ഥാന സൗകര്യ ശേഷി കുറയുന്നതിനും പ്രശ്നങ്ങൾക്കും കാരണമായത്. ഒരു സെർവറിലെ തടസം മറ്റ് സെർവറുകളിലേക്ക് അധിക ജോലിഭാരം ഉണ്ടാക്കുകയും സിസ്റ്റത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

എന്നാൽ ഇതിനുപിന്നിൽ ദുരുദ്ദേശ്യപരമായ ആക്രമണങ്ങൾ (Malicious activity) ഉള്ളതായി തെളിവുകളില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഡൗൺഡിറ്റക്ടറിൽ (Downdetector) രണ്ട് ലക്ഷത്തോളം പരാതികളാണ് രേഖപ്പെടുത്തിയത്.

ബിസിനസുകളെ ബാധിച്ചതെങ്ങനെ?

ഈ സേവന തടസം ആഗോള ബിസിനസ് ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി:

എയർലൈനുകൾ: എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ ഇന്ത്യൻ എയർലൈനുകളുടെ ഇമെയിൽ, കസ്റ്റമർ സപ്പോർട്ട് സേവനങ്ങളെ ബാധിച്ചു. ഡൽഹി എയർപോർട്ട് യാത്രക്കാരോട് വിമാന സമയക്രമം പരിശോധിക്കാൻ നിർദ്ദേശിച്ചു.

ധനകാര്യ സ്ഥാപനങ്ങൾ: ഏഷ്യയിലെ യു.ബി.എസ് (UBS), സി.എം.സി മാർക്കറ്റ്സ് (CMC Markets) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഫോൺ കോളുകൾ, വാട്ട്‌സ്ആപ്പ്, ഫാക്സ് മെഷീനുകൾ എന്നിവയെ ആശ്രയിക്കേണ്ടിവന്നു. സാമ്പത്തിക ഇടപാടുകൾ വൈകുകയും ട്രേഡ് കൺഫർമേഷനുകൾ കെട്ടിക്കിടക്കുകയും ചെയ്തു.

സർക്കാർ സ്ഥാപനങ്ങൾ: ജപ്പാൻ ധനമന്ത്രാലയത്തിന് ഇമെയിലുകൾ ലഭിക്കുന്നത് തടസപ്പെടുകയും ന്യൂസിലാൻഡ് ഇമിഗ്രേഷൻ അതോറിറ്റി വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

സേവനങ്ങൾ എപ്പോൾ പൂർണമായി തിരികെ എത്തും?

സേവനങ്ങൾ പൂർണമായും സാധാരണ നിലയിലാകാൻ കൃത്യമായ സമയക്രമമൊന്നും മൈക്രോസോഫ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തടസപ്പെട്ട സെർവറുകൾ പുനരാരംഭിക്കാനും ട്രാഫിക് വഴിതിരിച്ചുവിടാനുമുള്ള കമ്പനിയുടെ ആദ്യഘട്ട ശ്രമങ്ങൾ പ്രതീക്ഷിച്ച വിജയം കണ്ടില്ല. അസന്തുലിതമായ ട്രാഫിക് പരിഹരിക്കാനും സെർവർ ശേഷി വർദ്ധിപ്പിക്കാനുമുള്ള ബദൽ വഴികൾ കമ്പനി അന്വേഷിച്ചുവരികയാണ്. ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റിന്റെ സർവീസ് ഹെൽത്ത് ഡാഷ്‌ബോർഡിൽ 'EX1550543', 'MO1550821' എന്നീ റഫറൻസ് നമ്പറുകൾ വഴി തത്സമയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT