Image courtesy: Canva
Tech

എ.ഐ മേഖലയിൽ വലിയൊരു 'കുമിള' രൂപപ്പെടുന്നുണ്ടോ? ലോകരാജ്യങ്ങൾക്ക് നിർണായക മുന്നറിയിപ്പുമായി സത്യ നാദെല്ല

എ.ഐയുടെ ഗുണഫലങ്ങൾ ലോകമെമ്പാടും തുല്യമായി വിതരണം ചെയ്യപ്പെടാത്ത പക്ഷം, അതൊരു താൽക്കാലിക പ്രതിഭാസമായി മാറും

Dhanam News Desk

നിർമ്മിത ബുദ്ധി (AI) മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സുപ്രധാനമായ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. നിർമ്മിത ബുദ്ധിയുടെ പ്രയോജനങ്ങൾ കേവലം വൻകിട ടെക് കമ്പനികളിലും സമ്പന്ന രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിനിൽക്കുകയാണെങ്കിൽ, ഈ മേഖല ഒരു 'കുമിള' (Bubble) ആയി മാറാൻ സാധ്യതയുണ്ടെന്നും നാദെല്ല പറഞ്ഞു.

എപ്പോഴാണ് എ.ഐ കുമിളയാകാന്‍ സാധ്യത

നിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും കേവലം സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കമ്പനികളിൽ (Supply side) മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. എ.ഐയുടെ ഗുണഫലങ്ങൾ ലോകമെമ്പാടും തുല്യമായി വിതരണം ചെയ്യപ്പെടാത്ത പക്ഷം, അതൊരു താൽക്കാലിക പ്രതിഭാസമായി മാറിയേക്കാം. എഐ ഉപയോഗിച്ച് സാമ്പത്തിക വളർച്ചയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനു പകരം, പണം ചെലവാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അപകടകരമാണെന്നും സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) നാദെല്ല പറഞ്ഞു.

പരിഹാര മാർഗങ്ങൾ

എഐ സാങ്കേതികവിദ്യ ആരോഗ്യരംഗം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലേക്ക് പടരേണ്ടതുണ്ട്. ഔഷധ നിർമ്മാണം വേഗത്തിലാക്കാനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കണം. വൻകിട കമ്പനികൾക്ക് പുറത്തുള്ള സാധാരണക്കാരിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഈ സാങ്കേതികവിദ്യ എത്തണം. എങ്കിൽ മാത്രമേ ഇതിന് ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുള്ളൂ.

ക്ലൗഡ്, മൊബൈൽ സാങ്കേതികവിദ്യകൾ പടർന്നതുപോലെ എഐയും വേഗത്തിൽ വ്യാപിപ്പിക്കാൻ നമുക്ക് കഴിയണം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഇതിനാവശ്യമായ ഊർജ-സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും നാദെല്ല ആവശ്യപ്പെട്ടു. നിർമ്മിത ബുദ്ധി വെറുമൊരു സാങ്കേതിക വിദ്യ എന്നതിലുപരി മനുഷ്യജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒന്നായാൽ മാത്രമേ അതിന് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Microsoft CEO Satya Nadella warns that AI could become a bubble if its benefits remain limited to rich nations and tech giants.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT