Pic Courtesy : Rajeev Chandrasekhar / Twitter 
Tech

കുട്ടിക്കളിയല്ല ഇനി ഓണ്‍ലൈന്‍ ഗെയിമിംഗ്; പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളെ ഒരു തരത്തിലുമുള്ള വാതുവെപ്പില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല

Dhanam News Desk

രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിം (Online gaming) ഉപയോഗിക്കാന്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം (MeitY) ഇത് സംബന്ധിച്ച കരട് രേഖ പുറത്തിറക്കി.

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളെ ഒരു തരത്തിലുമുള്ള വാതുവെപ്പില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏകദേശം 200 ബില്യണ്‍ ഡോളര്‍ പ്രതീക്ഷിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെയാണ് ഈ നിയമം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കരടില്‍ പറയുന്നു. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെയും രൂപീകരിക്കും.

കരട് അനുസരിച്ച് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനി നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും ഓഫീസര്‍മാരുമായും 24x7 ഏകോപനത്തിനായി ഒരു നോഡല്‍ കോണ്‍ടാക്റ്റ് വ്യക്തിയെ നിയമിക്കേണ്ടതുണ്ട്. കമ്പനി ഒരു ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണം. ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല വളര്‍ത്തുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ഭേദഗതികളെ ഗെയിമിംഗ് വ്യവസായം സ്വാഗതം ചെയ്തു. ടെക്നോളജിയിലും ഐപി നിര്‍മ്മാണത്തിലും നിക്ഷേപം നടത്താന്‍ കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും കമ്മീഷനില്‍ 18 ശതമാനം ജിഎസ്ടി നിലനിര്‍ത്തിക്കൊണ്ട് ഈ മേഖലയുടെ നിലനില്‍പ്പ് പരിഗണിക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിന്‍സോ ഗെയിംസ് സഹസ്ഥാപക സൗമ്യ സിംഗ് റാത്തോഡ് പറഞ്ഞു.

വ്യവസായത്തിനായി ഒരു സ്വയം നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നത് രാജ്യത്ത് ഉത്തരവാദിത്തമുള്ള ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഗെയിംസ് 24x7-ന്റെ സഹസ്ഥാപകനും കോ-സിഇഒയുമായ ത്രിവിക്രമന്‍ തമ്പി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. നിയമങ്ങള്‍ അടുത്ത മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും.

നിലവില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളുടെ ഓഹരി വില ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഉദാഹരണത്തിന് നസാരാ ടെക്‌നോളജീസിന്റെ ഓഹരി വില ഇന്നലെ നേട്ടത്തില്‍ ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ ഇത്തരം കമ്പനികളുടെ ഓഹരി വിലയെ ബാധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT