Tech

നോക്കിയ സി 30 ഇന്ത്യയില്‍ അവതരിപ്പിച്ചു, സവിശേഷതകളറിയാം

പൂര്‍ണ ചാര്‍ജില്‍ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്

Dhanam News Desk

ഉത്സവകാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതിയ നീക്കവുമായി നോക്കിയ. ജിയോയുമായുള്ള പങ്കാളിത്തത്തോടെ, ബജറ്റ് സൗഹൃദ സ്മാര്‍ട്ട് ഫോണായ നോക്കിയ സി 30 ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്‌ക്രീനുമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ജിയോ നേട്ടങ്ങളുമായി വരുന്ന നാലാമത്തെ നോക്കിയ സ്മാര്‍ട്ട്‌ഫോണാണിത്.

6.82 ഇഞ്ച് എച്ച്ഡി+ വലിയ ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. പൂര്‍ണ ചാര്‍ജില്‍ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഈ മോഡലിനുള്ളത്. പോളികാര്‍ബണേറ്റ് കവറിംഗ് ഫോണിന് ഏറെ കാലത്തെ ഈടും ഉറപ്പാക്കുന്നു. ചിത്രങ്ങള്‍ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ നല്‍കുന്ന 13എംപി കാമറയാണ് സി 30 ല്‍ ഉള്ളത്. ഫിംഗര്‍ പ്രിന്റ്്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

3/32ജിബി, 4/64 ജിബി എന്നിങ്ങനെ വകഭേദങ്ങളില്‍ നോക്കിയ സി 30 പച്ചയും വെള്ളയും നിറത്തിലാണ് ഇന്ത്യയില്‍ ലഭ്യമാവുക. 10,999 രൂപ, 11,999 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭിക്കും.

ജിയോ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 10 ശതമാനം അല്ലെങ്കില്‍ 1000 രൂപവരെ ഇളവ് ലഭിക്കും. ഫോണ്‍ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ജിയോ ഓഫര്‍ സ്വീകരിച്ചാല്‍ മതി. വിലയിലെ ഇളവ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് യുപിഐ നേരിട്ടെത്തും. 249 രൂപയ്‌ക്കോ അതിനു മുകളിലേക്കോ റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 4000 രൂപ വിലമതിക്കുന്ന നേട്ടങ്ങള്‍ മിന്ത്ര, ഫാംഈസി, ഒയോ, മേക്ക് മൈ ട്രിപ്പ് എന്നിവയിലൂടെ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT