Representational Image From Canva 
Tech

ഓഫീസ് ചില്ലുകൂടുകള്‍ തകരും! ഫാക്ടറി തൊഴിലാളികളേക്കാള്‍ പെടുന്നത് 'ബുദ്ധി'ജീവികള്‍; ഊഹം പോലെയല്ല, എ.ഐ വരുന്നതിന്റെ ആഘാതം

ബിപിഒ മേഖലയില്‍ ഒരിക്കല്‍ പതിനായിരക്കണക്കിന് പുതിയ നിയമനങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വാര്‍ഷിക വര്‍ധന 20,000-ല്‍ താഴെയാണെന്ന് വ്യവസായ കണക്ക് സൂചിപ്പിക്കുന്നു

Dhanam News Desk

ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നിര്‍ണായകമായിരുന്നു വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥ. ഇംഗ്ലീഷ് പഠിക്കുക, വിശകലനപരമായ കഴിവുകള്‍ കൈവരിക്കുക, ബിപിഒ, കെപിഒ, ഐടി സര്‍വീസ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ബാങ്കുകളുടെ ബാക്ക്-ഓഫീസ് ജോലികള്‍ നേടുക - ഈ ലളിതമായ വഴിയാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ മധ്യവര്‍ഗത്തിലേക്ക് ഉയര്‍ത്തിയത്. അങ്ങനെയെല്ലാം ടയര്‍-2 നഗരങ്ങള്‍ ഗ്ലാസ് ഓഫീസ് പാര്‍ക്കുകളുമായി വളര്‍ന്നു. ഏതു യന്ത്രമോ സാങ്കേതിക വിദ്യയോ വന്നാലും മനസ്സിന്റെ ജോലി പിടിച്ചടക്കാന്‍ അവയ്ക്ക് കഴിയില്ല എന്ന ഉറച്ച വിശ്വാസം മാതാപിതാക്കള്‍ മക്കളുമായി പങ്കുവെച്ചു.

എന്നാല്‍ 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ പഠനം ആ വിശ്വാസം ചോദ്യം ചെയ്യുന്നു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഗവേഷകരായ വില്‍ബര്‍ ഷിന്യുവാന്‍ ചെന്‍, സൂരജ് ശ്രീനിവാസന്‍, സലേഹ് സാകെരിനിയ എന്നിവര്‍ 2022 നവംബറില്‍ ചാറ്റ് ജിപിടി പുറത്തിറങ്ങിയതിന് മുമ്പും ശേഷവും യുഎസിലെ ലക്ഷക്കണക്കിന് ജോലി വിജ്ഞാപനങ്ങള്‍ വിശകലനം ചെയ്തു. ജനറേറ്റീവ് എഐയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ജോലികളിലെ പുതിയ നിയമന വിജ്ഞാപനങ്ങള്‍ ഓരോ സ്ഥാപനത്തിലും ഓരോ ത്രൈമാസത്തിലും ശരാശരി 17% കുറഞ്ഞതായി അവര്‍ കണ്ടെത്തി.

നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് ഏറ്റവും ബാധിച്ചിരിക്കുന്നത് ഫാക്ടറി തൊഴിലാളികളെയല്ല. പകരം കറസ്‌പോണ്ടന്റുമാര്‍, വിവര്‍ത്തകര്‍, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റുകള്‍, ഡാറ്റ ക്ലര്‍ക്കുകള്‍, ഡോക്യുമെന്റ് പ്രോസസര്‍മാര്‍ പോലെ ബുദ്ധിപരമായ ജോലികള്‍ ചെയ്യുന്നവരെയാണ്. ഇന്ത്യയുടെ ഏകദേശം 280 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഔട്ട്സോഴ്‌സിംഗ് മേഖലയിലെ അടിസ്ഥാന ജോലികള്‍ ഇതുതന്നെയാണ്. പഠനം ചൂണ്ടിക്കാണിക്കുന്നത്, ഇത്തരം ജോലികളില്‍ ജനറേറ്റീവ് എഐക്ക് പ്രവര്‍ത്തന സമയം പകുതിയിലധികം കുറയ്ക്കാന്‍ കഴിയും. ഗുണനിലവാരത്തില്‍ വലിയ കുറവില്ലാതെ തന്നെയാണിത്. ഇതോടെ വലിയ മനുഷ്യശേഷി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്ത്യയില്‍ ആഘാതം ഏല്‍ക്കുന്ന വിധം

ഇന്ത്യയിലെ ബിപിഒ മേഖലയില്‍ ഏകദേശം 16.5 ലക്ഷം പേര്‍ വോയ്‌സ് സപ്പോര്‍ട്ട്, ഡാറ്റ പ്രോസസ്സിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. ആവര്‍ത്തന കോഡിംഗ്, ടെസ്റ്റിംഗ്, മെയിന്റനന്‍സ് ജോലികള്‍ക്ക് അടിത്തറയായ ഐടി സര്‍വീസ് മേഖലയില്‍ ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നു.

ബിപിഒ മേഖലയില്‍ ഒരിക്കല്‍ പതിനായിരക്കണക്കിന് പുതിയ നിയമനങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വാര്‍ഷിക വര്‍ധന 20,000-ല്‍ താഴെയാണെന്ന് വ്യവസായ കണക്ക് സൂചിപ്പിക്കുന്നു. എഐ ഏജന്റുമാര്‍ക്ക് ഉപഭോക്തൃ ഇടപെടലുകളുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ കമ്പനികള്‍ സാങ്കേതികവിദ്യ വിനിയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2025-ല്‍ ഫിക്കി (FICCI) സംഘടിപ്പിച്ച എഐ ഇന്ത്യ കോണ്‍ക്ലേവില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണന്‍ തുറന്നുപറഞ്ഞത് ശ്രദ്ധേയമായിരുന്നു: ആദ്യമായാണ് എഐ ബുദ്ധിപരമായ ജോലികളെ തന്നെ മാറ്റിമറിക്കുന്നത്. മനസിന്റെ സംഭാവന കൊണ്ട് ചെയ്യേണ്ട ജോലികളാണ് ഇപ്പോള്‍ കൂടുതല്‍ അപകടത്തിലെന്ന് അദ്ദേഹം പറഞ്ഞു.

നിതി ആയോഗ് (NITI Aayog) പുറത്തിറക്കിയ എഐ സമ്പദ്‌വ്യവസ്ഥയിലെ തൊഴില്‍ദാന രൂപരേഖ റിപ്പോര്‍ട്ട് പ്രകാരം, ഇന്നത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ 2031ഓടെ ഇന്ത്യയുടെ ടെക് മേഖലയില്‍ 15 ലക്ഷം വരെ തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ജോലി ഇല്ലാതാവുക മാത്രമല്ല, രൂപവും മാറും

അതേസമയം, ഹാര്‍വാര്‍ഡ് പഠനം മുഴുവന്‍ നാശകഥയല്ല. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ മനുഷ്യന്റെ വിവേചന ബുദ്ധി അനിവാര്യമായ ജോലികളില്‍ ഡിമാന്റ് ഉയരുകയാണ്. എന്നാല്‍ അപകടത്തിലായ ജോലികളില്‍ നിന്ന് ഇത്തരം ജോലികളിലേക്ക് മാറാന്‍ ആവശ്യമായ പരിശീലനവും സംവിധാനവും പരിമിതമാണെന്നതാണ് ഇന്ത്യയുടെ വെല്ലുവിളി.

ഇന്ത്യയിലെ 45% കമ്പനികള്‍ ഇപ്പോഴും എഐ ഉള്‍ച്ചേര്‍ക്കലിന്റ പ്രാരംഭ ഘട്ടത്തിലാണ്. 54% സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഔദ്യോഗിക എഐ പരിശീലന പരിപാടികള്‍ ഉള്ളത്. ബജറ്റ് കുറവ്, യോഗ്യരായ പരിശീലകരുടെ അഭാവം, റീസ്‌കില്ലിംഗ് പരിപാടികളിലേക്കുള്ള ജീവനക്കാരുടെ അവിശ്വാസം എന്നിവ പ്രധാന തടസങ്ങളാണ്. അതേസമയം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐടി, ഫിനാന്‍സ്, കസ്റ്റമര്‍ സര്‍വീസ് മേഖലകളിലെ ചില വൈറ്റ്-കോളര്‍ ജോലികളുടെ 68% വരെ എഐ ഓട്ടോമേഷന്‍ ബാധിക്കാമെന്നാണു പ്രവചനങ്ങള്‍.

മിഡ്-കരിയര്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അപകടം

15 മുതല്‍ 25 വര്‍ഷം പരിചയമുള്ള മിഡ്-കരിയര്‍ പ്രൊഫഷണലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അവരുടെ കഴിവുകള്‍ പലപ്പോഴും പഴയ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പുതുതായി പരിശീലനം നേടാനുള്ള സമയപരിധി ചുരുങ്ങിയതുമാണ്. കാമ്പസ് നിയമനങ്ങള്‍ മന്ദഗതിയിലാകുകയും ചില സ്ഥാപനങ്ങള്‍ ഓഫറുകള്‍ നീട്ടിവയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടയര്‍-2 കോളേജുകളില്‍ നിന്ന് വലിയ തോതില്‍ നിയമനം പ്രതീക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.

ഹാര്‍വാര്‍ഡ് പഠനം വ്യക്തമാക്കുന്നത്, സൃഷ്ടിക്കപ്പെടുന്ന ജോലികളും ഇല്ലാതാകുന്ന ജോലികളും ഒരേ സ്വഭാവത്തിലുള്ളതല്ല, ഒരേ കഴിവുകള്‍ ആവശ്യപ്പെടുന്നതുമല്ല എന്നതാണ്. ആവശ്യമായ റീസ്‌കില്ലിംഗ്, വിദ്യാഭ്യാസ പരിഷ്‌കാരം, തൊഴില്‍മാറ്റ നയങ്ങള്‍ എന്നിവയില്ലെങ്കില്‍ വളര്‍ച്ചയുടെ നേട്ടം നഷ്ടം ഏറ്റുവാങ്ങുന്ന വിഭാഗങ്ങളിലേക്ക് എത്തണമെന്നില്ല.

ഇപ്പോള്‍ ഗ്ലാസ് ഓഫീസുകള്‍ ശൂന്യമല്ല. എന്നാല്‍ അവയുടെ പുറത്തെ നിയമന ബോര്‍ഡുകള്‍ പഴയ പോലെ നിറഞ്ഞിട്ടില്ല. ഇന്ത്യയുടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥ ഘടനാപരമായ ഒരു മാറ്റത്തിന്റെ പടിവാതിലിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT