Image : Canva 
Tech

യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയ്ക്ക് കഴിയും: റിപ്പോര്‍ട്ട്

ഈ രംഗത്ത് തൊഴിലെടുക്കാന്‍ താത്പര്യം അറിയിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും

Dhanam News Desk

സ്റ്റാര്‍ട്ടപ്പ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയ സംസ്ഥാനം ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയാല്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട്. ഇന്ത്യയിലാകെ  ഓണ്‍ലൈന്‍ സ്‌കില്‍ മേഖലയ്ക്ക് വലിയ സാദ്ധ്യതകളുള്ളതായും ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇ.ജി.എഫ്) കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കി.

സാങ്കേതികവിദ്യാ രംഗത്തുള്ളവരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ 4,644 സാങ്കേതിക വിദഗ്ധരും വിദ്യാര്‍ഥികളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയിലെ കരിയറിനോട് ഇവര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു. രാജ്യത്തെ 72.5 ശതമാനം പേരും ഈ രംഗത്തെ കരിയര്‍ വളര്‍ച്ചയോട് ശക്തമായ താല്‍പ്പര്യം അറിയിച്ചു.

വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്കില്‍ കുറവുവരുത്താന്‍ ഇന്ത്യയിലെ തദ്ദേശീയ ഗെയിമിംഗ് വ്യവസായത്തിന് കഴിയുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ശുഭമോയ് മുഖര്‍ജി പറഞ്ഞു.

കേരളത്തിലുള്ളവര്‍ക്കും താല്‍പ്പര്യം

കേരളത്തില്‍ നിന്ന് സര്‍വേയുടെ ഭാഗമായ 100 ശതമാനം പേരും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് 900ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 18 മുതല്‍ 22 വയസുവരെയുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളും 35-40 വയസുള്ള സീനിയര്‍ പ്രൊഫഷണലുകളും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

ഇവരില്‍ 99.8 ശതമാനം പേരും രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ഇന്ത്യക്ക് തിളങ്ങാന്‍ കഴിയുമെന്നും വിലയിരുത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമുള്ളതെന്നും ഇത് ഗെയിമിംഗ് മേഖലയിലെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT