image:@openai/twitter 
Tech

ചാറ്റ്ജിപിടിയുടെ ഐ.ഒ.എസ് ആപ്പ് അവതരിപ്പിച്ചു, ആന്‍ഡ്രോയിഡ് ആപ്പ് ഉടനെത്തും

ആപ്പ് നിലവില്‍ സൗജന്യം; യു.എസിൽ ആദ്യം, മറ്റ് രാജ്യങ്ങളിലേക്ക് ഉടനെത്തും

Dhanam News Desk

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ചാറ്റ്ജിപിടിക്ക്  (ChatGPT) ഔദ്യോഗിക ആപ്പ് എത്തി. ചാറ്റ്ജിപിടിയുടെ ഐ.ഓ.എസ് ആപ്പ് ഓപ്പണ്‍ എ.ഐ പുറത്തിറക്കി. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഇത് സൗജന്യമാണ്. ചാറ്റ്ജിപിടി ആരംഭിച്ചതു മുതല്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഉപയോക്താക്കള്‍.  

മറ്റ് രാജ്യങ്ങളിലേക്ക് ഉടനെത്തും

ഐ.ഓ.എസ് ആപ്പ് പുറത്തിറക്കിയതിനാല്‍ താമസിയാതെ ആന്‍ഡ്രോയിഡ് ആപ്പും കമ്പനി അവതരിപ്പിച്ചേക്കും. ഓപ്പണ്‍ എ.ഐയുടെ ഓപ്പണ്‍ സോഴ്സ് സ്പീച്ച് റെക്കഗ്‌നിഷന്‍ മോഡലായ വിസ്പറും ഈ ഐ.ഒ.എസ് ആപ്പിലുണ്ട്. യു.എസിലാണ് ആപ്പ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ ഇത് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ചാറ്റ്ജിപിടിയുടെ വരവ്

2022 നവംബര്‍ 30ന് ആണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. അതിവേഗം ഇത് ജനശ്രദ്ധയാകര്‍ഷിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇത് 10 കോടി ഉപയോക്താക്കളിലേക്ക് എത്തി. ഫെബ്രുവരിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ ചാറ്റ്ജിപിടി പ്ലസ് എന്ന സബ്സ്‌ക്രിപ്ഷന്‍ സേവനവും ഓപ്പണ്‍ എ.ഐ അവതരിപ്പിച്ചു. ചാറ്റ്ജിപിടിക്ക് ബദല്‍ എന്ന നിലയില്‍ ഈയടുത്ത് ഗൂഗിളിന്റെ ബാര്‍ഡ് എത്തി. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍, ബിംഗ് സെര്‍ച്ച് എന്‍ജിന്‍ എന്നിവയിലെല്ലാം ഇതിനകം ചാറ്റ്ജിപിടി സൗകര്യം എത്തിയിട്ടുണ്ട്.

വ്യാജന്‍മാരും പിടിമുറുക്കുന്നു

ചാറ്റ്ജിപിടി ജനപ്രിയമായതോടെ ഒന്നിലധികം വ്യാജ ചാറ്റ്ജിപിടി ചാറ്റ്‌ബോട്ടുകള്‍ രംഗത്തുവന്നെന്നും ഇവ  ഉപയോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസ് കണ്ടെത്തി. ഇത്തരത്തിലുള്ള പല ആപ്പുകളുടെയും ഫ്രീ വേര്‍ഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇടം നേടിയിട്ടുണ്ട്.

പരസ്യങ്ങളിലൂടെ ഇവ കാണുന്ന ഉപയോക്താക്കള്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും സബ്സ്‌ക്രിപ്ഷനായി സൈന്‍ അപ്പ് ചെയ്യുകയുമാണ് പതിവ്. സൗജന്യ ട്രയല്‍ അവസാനിച്ചതിന് ശേഷം ഉപയോക്താക്കള്‍ പ്രതിമാസം അല്ലെങ്കില്‍ പ്രതിവാര പേയ്മെന്റുകള്‍ നടത്തേണ്ടിവരുന്നു. ഇത്തരത്തില്‍ അവര്‍ തട്ടിപ്പിനിരയാകുന്നുവെന്ന് സോഫോസ് പറയുന്നു.

അതേസമയം ചാറ്റ്ജിപിടി നല്‍കുന്ന വിവരങ്ങളില്‍ പിഴവുകള്‍ സംഭവിക്കാമെന്നും മൊബൈല്‍ ആപ്പിലും ഇത്തരത്തില്‍ കണ്ടേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങള്‍ ചാറ്റ്ജിപിടിയുമായി പങ്കുവെക്കരുതെന്നും കമ്പനി നിര്‍ദേശിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT