ചാറ്റ് ജി.പി.ടി കരുത്തില്‍ വെബ് ബ്രൗസര്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ. ചാറ്റ് ജി.പി.ടിയുടെ പൂര്‍ണമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ബ്രൗസിംഗില്‍ സന്ദര്‍ഭോചിതമായി ചിന്തിക്കാനും റിസര്‍ട്ടുകള്‍ തരാനും അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ബ്രൗസറിനാകും. എ.ഐ ഉപയോഗിച്ചുള്ള ജോലികള്‍ ചാറ്റ് ജി.പി.ടി തുറക്കാതെ ബ്രൗസറില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത. പെര്‍പ്ലെക്‌സിറ്റി അടുത്തിടെ സമാന രീതിയിലുള്ള കോമറ്റ് ബ്രൗസര്‍ പുറത്തിറക്കിയിരുന്നു.
ഇത് വെറുമൊരു വെബ് ബ്രൗസറല്ല. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള ഒരു എഐ ലയറാണിത്. അതായത് നമ്മള്‍ ഉപയോഗിക്കുന്ന ക്രോം പോലുള്ള ബ്രൗസറില്‍ ചാറ്റ് ജി.പി.ടി കൂടി മെര്‍ജ് ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനും ഓര്‍ത്ത് വെക്കാനും ചില ജോലികള്‍ ഓട്ടോമേറ്റഡായി ചെയ്യാനും അറ്റ്‌ലസിന് കഴിയും. വെബ് ബ്രൗസര്‍ ഇന്റര്‍നെറ്റ് പരതാനുള്ള ഒരു ടൂള്‍ മാത്രമല്ലെന്ന് അര്‍ത്ഥം. നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനും അവ കൃത്യമായി ചെയ്തുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് പോലെ അറ്റ്‌ലസ് പ്രവര്‍ത്തിക്കുമെന്നാണ് ഓപ്പണ്‍ എ.ഐ പറയുന്നത്.
കണ്ടന്റ് ക്രിയേറ്റേര്‍സ്, എഴുത്തുകാര്‍. മാധ്യമ പ്രവര്‍ത്തകര്‍, മാര്‍ക്കറ്റിംഗ് ജോലിക്കാര്‍ എന്നിവര്‍ക്കൊക്കെ വേഗത്തില്‍ പണി തീര്‍ക്കാന്‍ ഇവ സഹായിക്കും. നിങ്ങളുടെ കൈവശമുള്ള വലിയൊരു രേഖയുടെ ഉള്ളടക്കം അറിഞ്ഞ് സാഹചര്യത്തിനൊത്ത വിധം അതിന്റെ സംക്ഷിപ്ത രൂപം തയാറാക്കാന്‍ അറ്റ്‌ലസിന് സാധിക്കും. നിങ്ങള്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍ ഓര്‍ത്ത് വെച്ച് അക്കാര്യത്തിലും റിപ്പോര്‍ട്ട് തരാന്‍ അറ്റ്‌ലസിനാകും. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ച പരതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ചൊരു റിപ്പോര്‍ട്ട് തരാന്‍ അറ്റ്‌ലസിനോട് പറഞ്ഞാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ സംഗതി റെഡിയാകും. കോഡിംഗ്, ഡാറ്റ അനലിറ്റിക്‌സ്, വെബ്‌സൈറ്റ് നിര്‍മാണം എന്നിവയെല്ലാം ബ്രൗസറില്‍ തന്നെ ചെയ്യാമെന്നതാണ് പ്രത്യേകത. ആഗോളതലത്തില്‍ ആപ്പിള്‍ മാക് ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് ആദ്യഘട്ടത്തില്‍ അറ്റ്‌ലസ് ലഭ്യമാവുക. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്നും ഓപ്പണ്‍ എ.ഐ പറയുന്നു.
സാധാരണ ബ്രൗസറുകളെപ്പോലെ നിര്‍ദ്ദേശങ്ങള്‍ മാത്രം തരാതെ ചില ജോലികള്‍ ചെയ്യാനും അറ്റ്‌ലസിന് കഴിയും. ഷോപ്പിംഗ് കാര്‍ട്ടില്‍ സാധനങ്ങള്‍ ആഡ് ചെയ്യാനും മീറ്റിംഗുകള്‍ നിശ്ചയിക്കാനും വിവിധ ഡോക്യുമെന്റുകളില്‍ നിന്ന് ഡാറ്റ ശേഖരിക്കാനുമൊക്കെ അറ്റ്‌ലസിനോട് നിര്‍ദ്ദേശിക്കാം. ഈ സമയങ്ങളില്‍ പുതിയൊരു ടാബ് ഓപ്പണ്‍ ചെയ്യാനും പേജുകളില്‍ പോയി ക്ലിക്ക് ചെയ്യാനും ഫോമുകള്‍ ഓട്ടോമാറ്റിക്കായി ഫില്‍ ചെയ്യാനും അറ്റ്‌ലസിന് കഴിയും. ഈ ഏജന്റ് മോഡ് നിലവില്‍ പ്ലസ്, പ്രോ, ബിസിനസ് യൂസര്‍മാര്‍ക്കായി പ്രിവ്യൂ രൂപത്തിലാണ് നല്‍കിയിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിലും അറ്റ്‌ലസ് മുന്നിലാണെന്നും ഓപ്പണ്‍ എ.ഐ വിശദീകരിക്കുന്നു. ഉപയോക്താവിന്റെ ഫയല്‍ സിസ്റ്റം, മറ്റ് ആപ്പുകള്‍ എന്നിവയിലേക്ക് പ്രവേശിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഏജന്റ് മോഡിന് കഴിയില്ല. ബാങ്കിംഗ് പോലുള്ള സെന്‍സിറ്റീവ് സൈറ്റുകളിലെത്തിയാല്‍ എ.ഐ താത്കാലികമായി പ്രവര്‍ത്തനം നിറുത്തുമെന്നാണ് ഓപ്പണ്‍ എ.ഐ പറയുന്നത്.
അപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും, പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റും ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന്. പക്ഷേ ഇവ രണ്ടും ഒന്നാണെന്ന് തോന്നുമെങ്കിലും കാര്യമായ ഒരു വ്യത്യാസമുണ്ട്. വേഗത്തില്‍ പണി തീര്‍ക്കാന്‍ കഴിയുന്ന ഒരു എ.ഐ അധിഷ്ഠിത വെബ് ബ്രൗസറാണ് അറ്റ്‌ലസ്. എന്നാല്‍ വെബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ വെച്ച് ആഴത്തിലുള്ള ഗവേഷണം നടത്താന്‍ കഴിയുന്ന ഇന്റലിജന്റ് റിസര്‍ച്ച് ടൂളാണ് കോമറ്റ്.
ഭാവിയില്‍ നമ്മള്‍ ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന കണ്ടെത്തലുകളാണ് കോമറ്റും അറ്റ്‌ലസുമെല്ലാം. അധികം വൈകാതെ ഇതൊരു പുതിയ ഫീച്ചറല്ലാതെ സാധാരണ കാര്യമായി മാറുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. കുറച്ച് കാലം മുമ്പ് ഇന്റര്‍നെറ്റിലെ വിവരശേഖരണത്തിന് ഗൂഗ്ള്‍ സെര്‍ച്ച് ഉപയോഗിച്ചിരുന്നവര്‍ ഇന്ന് എ.ഐ സെര്‍ച്ചിലേക്ക് മാറിയത് ഇതിന്റെ സൂചനയാണ്. ഭാവിയില്‍ വലിയ മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം, അറ്റ്‌ലസിന്റെ ലോഞ്ചിന് പിന്നാലെ ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി വിലയും ഇടിവിലാണ്. 2.37 ശതമാനം ഇടിവിലാണ് കമ്പനി ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 206 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. എന്നാല്‍ ചാറ്റ് ജി.പി.ടി അറ്റ്‌ലസ് ഗൂഗ്‌ളിന്റെ ബ്രൗസറായ ക്രോമിന് തിരിച്ചടിയാണെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരി വില ഇടിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine