ഒരു വര്‍ഷത്തേക്ക് ചാറ്റ് ജി.പി.ടി ഗോ പ്ലാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍ എ.ഐ. പ്രതിമാസം 399 രൂപ വിലവരുന്ന പ്ലാന്‍ നവംബര്‍ നാല് മുതലാണ് ലഭ്യമാവുക. അന്നേ ദിവസം ബംഗളൂരുവില്‍ നടക്കുന്ന ഓപ്പണ്‍ എ.ഐയുടെ ദേവ്‌ഡേ (DevDay) എക്‌സ്‌ചേഞ്ച് ഡവലപ്പര്‍ സമ്മിറ്റിന്റെ ഭാഗമായാണ് സൗജന്യ പ്ലാനെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതിലൂടെ ഇന്ത്യക്കാര്‍ക്ക് എ.ഐ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സൗജന്യമായി അനുഭവിക്കാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചാറ്റ് ജി.പി.ടിയുടെ പ്രധാന ഫീച്ചറുകള്‍ ലഭ്യമാകുന്ന പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാന്‍ ആണിത്. ഓഗസ്റ്റിലാണ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യ അടക്കമുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. നിലവില്‍ പ്രതിമാസം 399 രൂപയാണ് ഈ പ്ലാനിന് ഈടാക്കുന്നത്. ചാറ്റ് ജി.പി.ടിയുടെ സൗജന്യ പ്ലാനിനും പ്ലസ് പ്ലാനിനും ഇടയിലുള്ളതാണിത്. നിലവിലുള്ള ചാറ്റ് ജി.പി.ടി ഗോ ഉപയോക്താക്കള്‍ക്കും സൗജന്യ പ്ലാന്‍ ലഭിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നാണ് കമ്പനിയുടെ വിശദീകരണം.
ചാറ്റ് ജി.പി.ടിയുടെ ഏറ്റവും പുതിയ മോഡലായ ജി.പി.ടി 5യിലെ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. ജിബിലി പോലുള്ള ട്രെന്‍ഡൊക്കെ വരുമ്പോള്‍ സൗജന്യ പ്ലാനുള്ളവര്‍ക്ക് ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നു. ഇനിയത് വേണ്ട. കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാന്‍ ഈ പ്ലാനില്‍ കഴിയും. ഡോക്യുമെന്റുകള്‍, സ്‌പ്രെഡ് ഷീറ്റുകള്‍ പോലുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും അവയില്‍ നിന്ന് റിസര്‍ട്ടുകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഡാറ്റ അനാലിസിസിനുള്ള പൈത്തന്‍ പോലുള്ള ടൂളുകളും കൂടുതലായി ഉപയോഗിക്കാം. നിങ്ങളുടെ ചോയ്‌സുകള്‍ ഓര്‍ത്തുവെക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഫലങ്ങള്‍ തരാനും ചാറ്റ് ജി.പി.ടി ഗോക്ക് കഴിയും. എന്നാല്‍ പ്ലസ്, പ്രോ പ്ലാനുകളിലുള്ള ഡീപ്പ് സെര്‍ച്ച് പോലുള്ള ഫീച്ചറുകള്‍ പരിമിതമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
ആദ്യം ചാറ്റ് ജി.പി.ടിയില്‍ നിങ്ങളുടെ ഇ-മെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ അപ്‌ഗ്രേഡ് പ്ലാന്‍ എന്നൊരു ഓപ്ഷന്‍ കാണാനാകും. ഇതില്‍ ചാറ്റ് ജി.പി.ടി ഗോ ട്രൈ ചെയ്യാനുള്ള ടാബില്‍ ക്ലിക്ക് ചെയ്താല്‍ സംഗതി ഫ്രീയായി കിട്ടും. ഓര്‍ക്കുക ഈ പ്ലാന്‍ നവംബര്‍ നാലിന് ശേഷമേ ലഭ്യമാകൂ.
ഒരു വര്‍ഷത്തേക്ക് 4,788 രൂപ ഈടാക്കുന്ന പ്ലാന്‍ സൗജന്യമായി നല്‍കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും സംശയം കാണും. ഇന്ത്യയെന്ന വിപണി തന്നെയാണ് ഇതിനുള്ള ഉത്തരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ.ഐ വിപണിയാണ് നിലവില്‍ ഇന്ത്യ. അടുത്തിടെ പെര്‍പ്ലെക്‌സിറ്റി, ഗൂഗ്ള്‍ ജെമിനി തുടങ്ങിയ എ.ഐ മോഡലുകള്‍ തങ്ങളുടെ പ്രോ പതിപ്പുകള്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ ചാറ്റ് ജി.പി.ടി ഗോ പതിപ്പ് ഇറക്കിയെങ്കിലും സൗജന്യമായി നല്‍കിയാല്‍ കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിലൂടെ കോടികളുടെ നഷ്ടമുണ്ടാകുമെങ്കിലും സൗജന്യ പ്ലാന്‍ ഉപയോഗിക്കുന്നവരില്‍ ചിലരെങ്കിലും പണം കൊടുത്ത് പ്രോ പ്ലാനിലേക്ക് മാറുമെന്നും ഓപ്പണ്‍ എ.ഐ കരുതുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine