image credit : canva 
Tech

ഇനി കണക്കുസാറിനെ ഭയക്കേണ്ടതില്ല, എത് പ്രശ്‌നവും ഈ സ്‌ട്രോബറി മോഡല്‍ തീര്‍പ്പാക്കും

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്‌ട്രോബറി സീരീസ് എ.ഐ മോഡലുകളുമായി ഓപ്പണ്‍ എ.ഐ

Dhanam News Desk

മനുഷ്യന് മണിക്കൂറുകളെടുത്ത് മാത്രം പരിഹരിക്കാവുന്ന ഗണിത പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മോഡലുകള്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ. സ്‌ട്രോബറി സീരീസ് എന്ന പേരില്‍ പുറത്തിറക്കിയ മോഡലുകള്‍ക്ക് സയന്‍സ്, കോഡിംഗ്, മാത്തമറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും. 01 , 01 മിനി എന്നീ പേരുകളിലാണ് ഇവ ലഭ്യമാവുക. നിര്‍മിത ബുദ്ധി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എ.ഐ.  ഇന്നലെ മുതല്‍ ചാറ്റ് ജി.പി.ടിയില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

മാത്ത് ഒളിമ്പ്യാഡില്‍ 83 ശതമാനം മാര്‍ക്ക്

ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓപ്പണ്‍ എ.ഐ നേരത്തെ പുറത്തിറക്കിയ ജി.പി.ടി-4ഒ (ജി.പി.ടി-4o) മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡിന്റെ യോഗ്യതാ മത്സരത്തില്‍ 13 ശതമാനം മാര്‍ക്കാണ് നേടിയത്. എന്നാല്‍ പുതിയ സ്‌ട്രോബറി സീരീസിലെ 01 മോഡല്‍ മാത്ത് ഒളിമ്പ്യാഡിലെ യോഗ്യതാ പരീക്ഷയില്‍ 83 ശതമാനം മാര്‍ക്ക് നേടിയതായി ഓപ്പണ്‍ എ.ഐ പറഞ്ഞു. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ട കോംപറ്റീറ്റീവ് പ്രോഗ്രാമിംഗ് ചോദ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച പ്രകടനമാണ് പുതിയ മോഡലുകള്‍ കാഴ്ച വച്ചത്. ഏറ്റവും കഠിനമായ സയന്‍സ് പ്രോബ്ലംസ് പരിഹരിക്കാന്‍ പി.എച്.ഡി നിലവാരത്തിന് മുകളിലുള്ള പ്രകടനം പുറത്തെടുക്കാനും സ്‌ട്രോബറി മോഡലുകള്‍ക്ക് കഴിഞ്ഞു. വലിയ പ്രശ്‌നങ്ങളെ ചെറിയ ലോജിക്കല്‍ യൂണിറ്റുകളാക്കി ചിന്തയുടെ ഒരു ശൃംഖല തീര്‍ത്താണ് (Chain Of Thought) സ്‌ട്രോബറി യൂണിറ്റുകള്‍ പ്രവർത്തിക്കുന്നത്.

സമാനമായ മോഡലുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന കുറവുകള്‍ തീര്‍ക്കാനും സ്‌ട്രോബറിക്ക് കഴിഞ്ഞിട്ടുണ്ട്. മറുപടി പറയുന്നതിന് മുമ്പ് മനുഷ്യനെ പോലെ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും ചിന്തിക്കാന്‍ ഇവയ്ക്ക് കഴിയും. മനുഷ്യന് സമാനമായ നിര്‍മിത ബുദ്ധി മോഡലുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമാണ് കമ്പനി ഇവയെ വികസിപ്പിച്ചത്. അടുത്ത അപ്‌ഡേറ്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT