Artificial Intelligence image credit : canva
Tech

ഓപ്പണ്‍ എഐ ഞെട്ടിക്കുമോ? സ്റ്റാറാകാന്‍ സ്റ്റാര്‍ഗേറ്റ്; ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റ സെന്റര്‍ അബൂദബിയില്‍

160 ചതുരശ്ര കിലോമീറ്ററില്‍ അബൂദബിയില്‍ വികസിച്ചു വരുന്ന വ്യവസായ മേഖലയിലാണ് പുതിയ എഐ കാമ്പസ്.

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോക തലസ്ഥാന പദവി യുഎഇ സ്വന്തമാക്കുമോ? ഓപ്പന്‍ എഐയുമായുള്ള പുതിയ കരാര്‍ അബൂദബിക്ക് നല്‍കുന്നത് പുതിയ തിലകക്കുറി. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററിന് അരങ്ങൊരുങ്ങുകയാണ്. നിര്‍മിത ബുദ്ധിയുടെ സിരാകേന്ദ്രമായി അബൂദബിയിലെ സ്റ്റാര്‍ഗേറ്റ് യുഎഇ മാറുമെന്നാണ് കണക്കുകൂട്ടല്‍.

5 ഗിഗാവാട്ട് കാമ്പസ്

അബുദബിയിലെ യുഎഇ-യുഎസ് കാമ്പസാണ് പുതിയ സംരംഭത്തിന് വേദിയാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഓപ്പണ്‍ എഐയുടെ അഡ്വാന്‍സ്ഡ് ഇന്‍ഫ്രാ പ്ലാറ്റ്‌ഫോമായ സ്റ്റാര്‍ഗേറ്റിന്റെ വിദേശരാജ്യങ്ങളിലേക്കുള്ള ഏറ്റവും ശക്തമായ കടന്നു വരവ് കൂടിയാകും ഇത്. എഐ സാങ്കേതിക വിദ്യയില്‍ ലോക നമ്പര്‍ വണ്‍ ആകാനുള്ള യുഎഇയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതും.

എന്‍വിഡിയ പോലുള്ള ആഗോള ടെക് ഭീമന്മാരുടെ കൂടി സഹകരണത്തോടെയാണ് അഞ്ച് ഗിഗാവാട്ട് ശേഷിയുള്ള എഐ കാമ്പസ് ഒരുങ്ങുന്നത്. യുഎഇയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടിലെ ശക്തരായ ജി42, ഒറാക്ക്ള്‍, സിസ്‌കോ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികളും പദ്ധതിയിലുണ്ട്. ജി42 വിന്റെ നേതൃത്വത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓപ്പണ്‍ എഐയും ഒറാക്കിളുമാണ് നടത്തിപ്പ്. ലോകോത്തര നിലവാരത്തിലുള്ള എഐ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 200 മെഗാവാട്ട് എഐ ക്ലസ്റ്റര്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങും.

കുതിച്ചു ചാട്ടമെന്ന് സാം ആള്‍ട്ട്മാന്‍

160 ചതുരശ്ര കിലോമീറ്ററില്‍ അബൂദബിയില്‍ വികസിച്ചു വരുന്ന വ്യവസായ മേഖലയിലാണ് പുതിയ എഐ കാമ്പസ് ഉള്‍പ്പെടുന്നത്. നിര്‍മിത ബുദ്ധി വ്യവസായത്തിലെ ഏറ്റവും വലുതും ശക്തവുമായ കാല്‍വെപ്പാണ് യുഎഇയിലേതെന്ന് ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ പ്രതികരിച്ചു. അമേരിക്കക്ക് പുറത്ത് സ്റ്റാര്‍ഗേറ്റിന്റെ ഏറ്റവും വലിയ കാമ്പസാകും ഇത്. ഈ യുഗത്തിലെ ഏറ്റവും വലിയ വികസന സ്‌ഫോടനമാണിത്. വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് ലോകത്തിന് പ്രയോജനകമാക്കാന്‍ ഈ സംരംഭത്തിന് കഴിയും. ആള്‍ട്ട്മാന്‍ പറഞ്ഞു.

സ്റ്റാര്‍ഗേറ്റ് കളി മാറ്റും

സ്റ്റാര്‍ഗേറ്റിന്റെ ആഗോള പ്രവേശം കൂടിയാണ് അബൂദബിയിലേത്. ഇവിടെ ഇരുന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എഐ സേവനം എത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ ടെക് ഹബുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. യുഎഇ സര്‍ക്കാരുമായുള്ള കരാറിന്റെ ഭാഗമായി എമിറേറ്റുകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ചാറ്റ് ജിപിടി സേവനവും എഐ പിന്തുണ ടൂളുകളും അവതരിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT