അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പെർപ്ലെക്സിറ്റി (Perplexity), നിലവിലെ എല്ലാ എഐ സാങ്കേതികവിദ്യകളെയും ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന 'പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ' എന്ന സൂപ്പർ ഏജന്റ് പുറത്തിറക്കി. ഇതൊരു സാധാരണ ചാറ്റ് ഇന്റർഫേസ് അല്ല, മറിച്ച് ജോലികൾ പൂർണമായി ചെയ്തുതീർക്കാൻ ശേഷിയുള്ള ഒരു ഡിജിറ്റൽ വർക്കര്‍ എന്ന വിശേഷണത്തോടെയാണ് കമ്പനി പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന് ആവശ്യമുള്ള അന്തിമ ഉൽപ്പന്നം എന്താണെന്ന് ഈ എ.ഐ ടൂളിനോട് വിവരിച്ചാൽ മാത്രം മതി. ബാക്കി കാര്യങ്ങൾ പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ ചെയ്യും. സങ്കീർണമായ ഒരു വലിയ ജോലിയെ ചെറിയ ഭാഗങ്ങളായി വിഭജിക്കുകയും ഓരോന്നിനും പ്രത്യേക സബ്-ഏജന്റുകളെ നിയോഗിക്കുകയും ചെയ്തുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. മണിക്കൂറുകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന സങ്കീർണമായ വർക്ക്ഫ്ലോകൾ പ്രവർത്തിപ്പിക്കാൻ ഇതിന് സാധിക്കും.
മൾട്ടി-മോഡൽ ഉപയോഗം: ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ ജോലിക്കും ഏറ്റവും അനുയോജ്യമായ എഐ മോഡലുകളെ തിരഞ്ഞെടുക്കാനുള്ള കഴിവാണ്. ഓപസ് 4.6 (Opus 4.6) ആണ് ഇതിന്റെ പ്രധാന എൻജിൻ എങ്കിലും, ഗവേഷണത്തിനായി ജെമിനിയും (Gemini), ചിത്രങ്ങൾ നിർമ്മിക്കാൻ നാനോ ബനാനയും (Nano Banana), വീഡിയോകൾക്കായി വീയോ 3.1-ഉം (Veo 3.1) ഇത് ഉപയോഗിക്കുന്നു. കൂടാതെ വേഗതയേറിയ ജോലികൾക്കായി ഗ്രോക്കും (Grok), പഴയ വിവരങ്ങൾ ഓർത്തെടുക്കാൻ ചാറ്റ് ജിപിടിയും (ChatGPT 5.2) ഈ സിസ്റ്റം പ്രയോജനപ്പെടുത്തുന്നു.
ബിസിനസ് മേഖലകളെ നിരീക്ഷിക്കാനും, ഇൻവെസ്റ്റ്‌മെന്റ് പോർട്ട്‌ഫോളിയോ മാനേജ് ചെയ്യാനും ഇത് ഉപയോഗിക്കാം. ഏകദേശം 30,000 ഡോളർ ചെലവ് വരുന്ന ബ്ലൂംബെർഗ് ടെർമിനലിന് (Bloomberg Terminal) പകരമായി ഒരു റിയൽ ടൈം ഡാറ്റാ ടെർമിനൽ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സിഇഒ അരവിന്ദ് ശ്രീനിവാസ് അവകാശപ്പെടുന്നു.
നിലവിൽ പെർപ്ലെക്സിറ്റി മാക്സ് (Perplexity Max) വരിക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. ഉടൻ തന്നെ എന്റർപ്രൈസ് മാക്സ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും. കൃത്യതയോടെ സങ്കീർണമായ ജോലികൾ വിഭജിച്ച് ചെയ്യുന്നതിനാലാണ് ഈ പുതിയ സംവിധാനത്തിന് 'കമ്പ്യൂട്ടർ' എന്ന പേര് നൽകിയതെന്ന് കമ്പനി വിശദീകരിക്കുന്നു.
Perplexity has launched “Perplexity Computer,” a unified AI super-agent platform that integrates multiple AI models to execute complex workflows.
Read DhanamOnline in English
Subscribe to Dhanam Magazine