canva
Tech

കള്ളന്‍ സ്മാര്‍ട്ടെങ്കില്‍ നമ്മള്‍ ഡബിള്‍ സ്മാര്‍ട്ട്! ഫോണ്‍ മോഷണം പോയാല്‍ വീണ്ടെടുക്കാന്‍ വഴിയുണ്ട്, എങ്ങനെ ട്രാക്ക് ചെയ്യാം? മുന്‍കരുതലുകള്‍ എന്തൊക്കെ?

ഫോണ്‍ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ പുറത്തെടുക്കുന്ന ചില കണ്‍കെട്ട് വിദ്യകളും അവയെ നേരിടാനുള്ള മാര്‍ഗങ്ങളും പരിശോധിക്കാം

Dhanam News Desk

മോഷണം പോയാലും കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്നത്തെ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുന്നത്. എന്നാല്‍ ട്രാക്ക് ചെയ്യാന്‍ കഴിയാത്ത രീതിയില്‍ മോഷണം നടത്തുന്ന വിരുതന്മാരുള്ള കാലത്ത് അവരേക്കാള്‍ ഒരു പടി മുന്നില്‍ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സംവിധാനങ്ങളില്‍ ബില്‍റ്റ് ഇന്‍ ആയി വരുന്ന ട്രാക്കിംഗ് സംവിധാനങ്ങളെപ്പോലും കബളിപ്പിക്കാന്‍ കഴിയുമെന്നാണ് ടെക് വിദഗ്ധന്മാര്‍ പറയുന്നത്. ഫോണ്‍ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ പുറത്തെടുക്കുന്ന ചില കണ്‍കെട്ട് വിദ്യകളും അവയെ നേരിടാനുള്ള മാര്‍ഗങ്ങളും പരിശോധിക്കാം.

ട്രാക്കിംഗ് ഒഴിവാക്കാനായി കള്ളന്മാര്‍ ചെയ്യുന്ന സ്ഥിരം നമ്പരുകള്‍

1. സിം കാര്‍ഡ് ഊരിമാറ്റുക

സിം കാര്‍ഡ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മോഷ്ടാക്കള്‍ക്ക് വ്യക്തമായി അറിയാം. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, ഇന്റര്‍നെറ്റ് എന്നിവ വഴി ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള സാധ്യതകളെയും ഇതില്ലാതാക്കുന്നു. മോഷണം നടന്നയുടന്‍ സിം കാര്‍ഡ് ഊരിമാറ്റുന്നതാണ് ഇവരുടെ ആദ്യ രീതി. ഒരു ഇ-സിം ഉപയോഗിച്ചാല്‍ ഇത് തടയാവുന്നതേയുള്ളൂ.

2. എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റുക

മോഷണം നടത്തിയ ഉടന്‍ തന്നെ ഫോണ്‍ ഫ്‌ളൈറ്റ്മോഡിലേക്ക് മാറ്റുന്നത് മോഷ്ടാക്കളുടെ മറ്റൊരു ഫേവറിറ്റ് ട്രിക്കാണ്. സെല്ലുലാര്‍, വൈഫൈ, ബ്ലൂടൂത്ത് കണക്ഷനുകള്‍ വിഛേദിക്കാനുള്ള എളുപ്പവഴിയാണിത്. ഫോണിന്റെ ലോക്ക് മാറ്റാതെ ഫ്‌ളൈറ്റ് മോഡ് ആക്ടീവാക്കാനുള്ള സംവിധാനം മിക്ക ഫോണുകളിലുമുണ്ട്. ഐഫോണുകളില്‍ സ്‌ക്രീന്‍ ലോക്ക് മാറ്റാതെ ഇത് ചെയ്യാനാകില്ല. ആന്‍ഡ്രോയിഡ് ഫോണുകൡും ഇതേ സംവിധാനമുണ്ട്. നിങ്ങളുടെ ഫോണില്‍ ഈ സെറ്റിംഗ്‌സ് ഓണ്‍ അല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ ലോക്ക് സ്‌ക്രീന്‍ എന്ന ഒപ്ഷനില്‍ ആക്ടീവ് ചെയ്യാവുന്നതാണ്.

3. ഫാക്ടറി റീസെറ്റിംഗ്

ഫോണുകള്‍ ഫാക്ടറി റീസെറ്റ് ചെയ്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാര്‍ ചെയ്യുന്നതും മോഷ്ടാക്കളുടെ മറ്റൊരു രീതിയാണ്. ഇതോടെ ട്രാക്കിംഗ് സംവിധാനവും ഫോണിലെ അക്കൗണ്ടുകളും പ്രവര്‍ത്തിക്കാതെയാകും. പുതിയ ഫോണുകളില്‍ ഫാക്ടറി റീസെറ്റിംഗ് തടയാനുള്ള ചില സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതികള്‍ മോഷ്ടാക്കളുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐഫോണുകളില്‍ ഇങ്ങനെയൊരു തലവേദന പേടിക്കേണ്ട.

4. ഐ.എം.ഇ.ഐ നമ്പര്‍ മാറ്റം

മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ നിങ്ങളുടെ ഫോണിനെ അടയാളപ്പെടുത്തുന്ന 15 അക്ക യുണീക്ക് നമ്പരാണ് ഐ.എം.ഇ.ഐ ((International Mobile Equipment Identity) . ഇത് ഓരോ ഫോണിനും വ്യത്യാസമായിരിക്കും. രണ്ട് സിം കാര്‍ഡ് ഇടാന്‍ കഴിയുമെങ്കില്‍ ഓരോന്നിനും വ്യത്യസ്ത ഐ.എം.ഇ.ഐ നമ്പരാകും ലഭിക്കുക. സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ള മോഷ്ടാവാണെങ്കില്‍ ഫോണുകളിലെ ഐ.എം.ഇ.ഐ നമ്പര്‍ മാറ്റാന്‍ കഴിയും. പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഇത് ചെയ്യാന്‍ കഴിയുക.

5. ഫോണ്‍ പൊളിക്കും

മോഷണവണ്ടികള്‍ ഭാഗങ്ങളായി പൊളിച്ചുകടത്തുമെന്ന് കേട്ടിട്ടില്ലേ, അത്തരം സംഭവങ്ങള്‍ ഫോണുകളിലും സംഭവിക്കും. മോഷണ ഫോണുകളില്‍ നിന്നും ഇളക്കി മാറ്റുന്ന മൈക്രോപ്രോസസര്‍, ഡിസ്‌പ്ലേ, സ്പീക്കര്‍, മദര്‍ബോര്‍ഡ് തുടങ്ങിയ ഭാഗങ്ങള്‍ക്ക് വിപണിയില്‍ ആളുണ്ട്. ബജറ്റ് വിലയില്‍ ഫോണ്‍ അറ്റകുറ്റപ്പണി ചെയ്യുന്ന ചില കേന്ദ്രങ്ങളിലേക്ക് ഇവ പോകുന്നതെന്നാണ് സൂചന.

എങ്ങനെ തടയും?

സ്മാര്‍ട്ട് ഫോണുകള്‍ ഓരോ ദിവസവും സ്മാര്‍ട്ടാകുന്നതിന് അനുസരിച്ച് മോഷ്ടാക്കളും അപ്‌ഡേറ്റാവുകയാണ്. ഒരുപക്ഷേ മോഷ്ടാക്കളുടെ കയ്യിലെത്തിയാലും വീണ്ടെടുക്കാന്‍ കഴിയുന്ന രീതിയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് പരിശോധിക്കാം.

  • ഫോണിലെ സ്‌ക്രീന്‍ ലോക്ക്, അത് സിംപിള്‍ ആക്കണ്ട. മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാനാവാത്ത ലോക്ക് സ്‌ക്രീന്‍ സെറ്റ് ചെയ്യുന്നതാണ് ഉചിതം.

  • ഫോണിലെ ഫൈന്‍ഡ് മൈ ഡിവൈസ് അല്ലെങ്കില്‍ സമാനമായ ഫീച്ചര്‍ ഉറപ്പായും എനേബിള്‍ ചെയ്തിരിക്കണം. അണ്‍ലോക്ക് ചെയ്യാതെ ഫോണ്‍ ഓഫ് ചെയ്യാനോ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാനോ കഴിയുമോ എന്നും പരിശോധിക്കണം.

  • ഫോണിലെ ഡാറ്റ സ്ഥിരമായി ബാക്കപ്പ് ചെയ്യണം. ഫോണ്‍ കയ്യില്‍ ഇല്ലാതെ തന്നെ റിമോട്ടായി ഡാറ്റ ഡിലീറ്റ് ചെയ്യാനും ഫോണ്‍ ലോക്ക് ചെയ്യാനുമുള്ള സംവിധാനവും ഉറപ്പാക്കണം. വിലപ്പെട്ട ഡാറ്റ തെറ്റായ ആളുകളുടെ കയ്യിലെത്തുന്നത് തടയാനാണിത്.

  • ഫോണ്‍ മോഷണം പോയതായി മനസിലാക്കിയാല്‍ വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സമയം പോകുന്തോറും ഫോണ്‍ തിരിച്ചുകിട്ടാനുള്ള സാധ്യത കുറഞ്ഞുവരും.ട്രാക്ക് ചെയ്യാനുള്ള അവസരം നഷ്ടമാകുന്നതിന് മുമ്പ് ഫോണ്‍ ലോക്ക് ചെയ്യാനും ഡാറ്റ ഡിലീറ്റ് ചെയ്യാനും അധികാരികളെ അറിയിക്കാനും മറക്കരുത്. മറ്റൊരു ഫോണ്‍ ഉപയോഗിച്ചോ കമ്പ്യൂട്ടറിലൂടെയോ ഇത് ചെയ്യാവുന്നതാണ്.

Learn how thieves disable phone tracking and discover proven steps to secure your smartphone. Act now to protect your data and boost your device’s recovery chances.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT