''വര്‍ക്ക് ഫ്രം ഹോം വീണ്ടും വരുമോ...?'' -ഐ.ടി ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യം ഇതാണ്! പശ്ചിമേഷ്യന്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതോടെയാണ് ചര്‍ച്ച വീണ്ടും ചൂടുപിടിച്ചത്. പക്ഷേ, കോവിഡ് കാലത്തെ പോലെ ഐടി കമ്പനികള്‍ വീണ്ടും പൂര്‍ണമായും വീട്ടിലിരുന്ന് ജോലി എന്ന രീതിയിലേ്ക്ക് മടങ്ങുമോ? അല്ലെങ്കില്‍ ഇത് വെറും താല്‍ക്കാലിക ചര്‍ച്ച മാത്രമോ?
ഇപ്പോഴത്തെ പ്രധാന ആശങ്ക ക്രൂഡ് ഓയില്‍ വിലയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം എണ്ണവില ഉയരുന്നു. അതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവും കൂടുന്നു. അതിനാല്‍ ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കഴിവതും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ സൂചന. ഇത് കേട്ടതോടെ നിരവധി ഐടി ജീവനക്കാര്‍ക്ക് വീണ്ടും പ്രതീക്ഷ. കാരണം, ട്രാഫിക് ഇല്ല, ദീര്‍ഘയാത്ര ഒഴിവാക്കാം. ഫാമിലിക്കൊപ്പം കൂടുതല്‍ സമയം കിട്ടും. അങ്ങനെയെല്ലാം ഓര്‍ക്കുമ്പോള്‍ പലര്‍ക്കും WFH ഇന്നും ഇഷ്ട മോഡലാണ്. ഐടി ജീവനക്കാരുടെ സംഘടനകള്‍ പോലും ഇപ്പോള്‍ സര്‍ക്കാരിനോട് ഔദ്യോഗിക നിര്‍ദേശം ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
കമ്പനികള്‍ പഴയ രീതിയിലൊരു പൂര്‍ണ WFH മോഡലിലേക്ക് മടങ്ങാന്‍ സാധ്യത കുറവാണ്. കാരണമുണ്ട്. കോവിഡ് കഴിഞ്ഞ ശേഷം മിക്ക ഐടി കമ്പനികളും ഇപ്പോള്‍ ഹൈബ്രിഡ് മോഡലിലാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓഫീസ്. ബാക്കി ദിവസങ്ങള്‍ വീട്ടില്‍ നിന്ന് ജോലി. ഇതിന് വേണ്ടിയാണ് കമ്പനികള്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്. പുതിയ ക്യാംപസുകള്‍, കൊളാബൊറേഷന്‍ സ്‌പേസുകള്‍, ദീര്‍ഘകാല ഓഫീസ് ലീസുകള്‍ -ഇതെല്ലാം ഇതിനകം ആയിക്കഴിഞ്ഞു.
അതിന് പുറമെ, പല ഗ്ലോബല്‍ ക്ലയന്റുകള്‍ക്കും ജീവനക്കാര്‍ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നതാണ് ഇഷ്ടം. ടീം കോര്‍ഡിനേഷന്‍ മെച്ചമാകുമെന്ന് കമ്പനികള്‍ വിശ്വസിക്കുന്നു. HR ടീമുകള്‍ക്ക് മറ്റൊരു ആശങ്കയും ഉണ്ട്. പുതുതായി ജോലിയില്‍ വരുന്നവര്‍ക്ക് ഓഫീസ് എക്സ്പോഷര്‍, മെന്ററിംഗ്, ടീമിലുള്ളവരുമായി നേരിട്ട് ആശയ വിനിമയം -ഇവയെല്ലാം വളരെ പ്രധാനമാണെന്നാണ് അവരുടെ അഭിപ്രായം.
അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ തോതിലൊരു വര്‍ക്ക് ഫ്രം ഹോം രീതി തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. ഇന്ധനവില വീണ്ടും കുതിച്ചുയരുകയോ, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയോ ചെയ്താല്‍ ചില കമ്പനികള്‍ താല്‍ക്കാലിക ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നു മാത്രം. അതായത്, Flexible Hybrid ആയിരിക്കും ഇനി ഐടി ലോകത്തിന്റെ പുതിയ റിയാലിറ്റി!
ഐടി ജീവനക്കാരുടെ സംഘടനയായ NITES, സാധ്യമായിടത്ത് ഐടി-ഐടിഇഎസ് മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഔദ്യോഗിക നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ഇന്ത്യയുടെ ഐടി മേഖല വലിയ പ്രശ്നങ്ങളില്ലാതെ റിമോട്ട് വര്‍ക്കിംഗ് കൈകാര്യം ചെയ്തുവെന്നാണ് സംഘടനയുടെ വാദം.
അതേസമയം, മറ്റൊരു ജീവനക്കാരുടെ കൂട്ടായ്മയായ FITE പറയുന്നത് പ്രധാനമന്ത്രിയുടെ പൊതുവായ ആഹ്വാനം മാത്രം അടിസ്ഥാനമാക്കി കമ്പനികള്‍ നയം മാറ്റാന്‍ സാധ്യതയില്ലെന്നാണ്. ഔദ്യോഗിക സര്‍ക്കാര്‍ സര്‍ക്കുലറോ മന്ത്രാലയ നിര്‍ദേശമോ വന്നാല്‍ മാത്രമേ വലിയ കമ്പനികള്‍ നടപടി സ്വീകരിക്കൂവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
വര്‍ക്ക് ഫ്രം ഹോം ചര്‍ച്ചയെക്കാള്‍ വലുതാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് കൂടുന്ന സാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കുക, അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കുക, വിദേശനാണയ ശേഖരം സംരക്ഷിക്കുക എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine