Image created with Canva 
Tech

വൊഡാഫോണിന് നൽകിയ ആനുകൂല്യം തങ്ങൾക്കും വേണം; എജിആർ കുടിശികയിൽ കേന്ദ്രത്തെ വെട്ടിലാക്കി സ്വകാര്യ ടെലികോം കമ്പനികൾ

വൊഡാഫോൺ ഐഡിയക്ക് നൽകിയ ഇളവ് ടെലികോം വിപണിയുടെ മത്സരക്ഷമതയെ തകർക്കുമെന്ന് മറ്റ് ടെലികോം കമ്പനികള്‍

Dhanam News Desk

രാജ്യത്തെ ടെലികോം മേഖലയിൽ എജിആർ (AGR) കുടിശികയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ആളിക്കത്തുന്നു. വൊഡാഫോൺ ഐഡിയ (വിഐ) കമ്പനിക്ക് എജിആർ കുടിശിക അടച്ചുതീർക്കുന്നതിൽ പത്ത് വർഷത്തെ സാവകാശം അനുവദിച്ചതിന് സമാനമായ ആശ്വാസ നടപടികൾ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. എജിആർ കുടിശിക വിഷയത്തിൽ എല്ലാവർക്കും തുല്യ പരി​ഗണന നൽകാൻ സർക്കാ‌ർ തയ്യാറാകണം എന്നാണ് വൊ‍ഡാഫോൺ ഐഡിയ ഇതര സ്വകാര്യ ടെലികോം കമ്പനികളുടെ ആവശ്യമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എജിആർ കുടിശികയും പുതിയ പ്രതിസന്ധിയും

മുഖ്യ ടെലികോം പ്രവർത്തനങ്ങളിൽ നിന്നുള്ളതിന് ഉപരിയായി ഇതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും കൂടി കണക്കിലെടുത്ത് സർക്കാരിന് ടെലികോം കമ്പനികൾ നൽകാനുള്ള ബാധ്യതയാണ് എജിആർ കുടിശിക. 2019-ൽ കേന്ദ്ര സർക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതോടെയാണ് മുൻകാല പ്രാബല്യത്തോടെ ശതകോടിക്കണക്കിന് രൂപയുടെ എജിആർ കുടിശിക നൽകാൻ രാജ്യത്തെ ടെലികോം കമ്പനികൾക്ക് ബാധ്യത വന്നുചേർന്നത്. ഇതുപ്രകാരം വൊഡാഫോൺ ഐഡിയ കമ്പനിക്ക് 87,695 കോടി രൂപയുടെയും ഭാരതി എയർടെല്ലിന് 48,103 കോടി രൂപയുടെയും എജിആർ കുടിശികയുണ്ട്. ടാറ്റ ​ഗ്രൂപ്പിന്റെ ടെലികോം സംരംഭങ്ങളായ ടാറ്റ ടെലിസർവീസസ് ലിമിറ്റഡ് (TTSL), ടാറ്റ ടെലിസ‌ർവീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ് (TTML) എന്നിവയ്ക്ക് മൊത്തം 19,259 കോടി രൂപയുടെ എജിആർ കുടിശിക കേന്ദ്ര സർക്കാരിന് നൽകാനുണ്ട്.

ദീർ​ഘനാളത്തെ നിയമ വ്യവഹാരങ്ങൾക്കുശേഷം 2019-ൽ വന്ന പ്രതികൂല കോടതി വിധിയുടെ പശ്ചാത്തലത്തിൽ എജിആർ കുടിശിക അടച്ചു തീർക്കുന്നതിനായി എല്ലാ ടെലികോം കമ്പനികൾക്കും നാല് വർഷത്തെ സാവകാശം കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഈ മൊറട്ടോറിയത്തിന്റെ കാലാവധി 2025 സാമ്പത്തിക വർഷത്തോടെ അവസാനിച്ചതിനാൽ, 2026 മാർച്ച് തീരുന്നതിന് മുൻപേ ടെലികോം കമ്പനികൾക്ക് ആറ് ഘട്ടങ്ങളായുള്ള എജിആർ കുടിശികയുടെ തിരിച്ചടവ് ആരംഭിക്കേണ്ടതായുണ്ട്. എന്നാൽ ഗുരുതര കടക്കെണിയിലകപ്പെട്ട വൊഡാഫോൺ ഐഡിയ ഇതിനിടയിൽ കേന്ദ്ര സർക്കാരിന് നൽകാനുള്ള 87,695 കോടി രൂപയുടെ എജിആർ കുടിശികയിൽ 2035 വരെ സാവകാശം നീട്ടിയെടുത്തു. അതായത് വൊഡാഫോൺ ഐഡിയയ്ക്ക് ഒഴികെയുള്ള മറ്റ് ടെലികോം കമ്പനികൾക്ക് എജിആർ കുടിശികയിലുള്ള തിരിച്ചടവ് 2026 മാ‌ർച്ച് മുതൽ ആരംഭിക്കുമെന്ന് സാരം.

എന്തുകൊണ്ടാണ് കമ്പനികൾ ശബ്ദമുയർത്തുന്നത്?

മേൽസൂചിപ്പിച്ച പശ്ചാത്തലത്തിലാണ് എജിആർ കുടിശിക വിഷയത്തിൽ എല്ലാവർക്കും തുല്യ പരി​ഗണന നൽകുന്നതും സ്ഥിരതയാർന്നതുമായ ഭരണനയം രൂപീകരിക്കണമെന്ന് ഇതര ടെലികോം കമ്പനികൾ ആവശ്യം ഉന്നയിച്ച് രം​ഗത്തുവരുന്നത്. അല്ലാത്തപക്ഷം വൊഡാഫോൺ ഐഡിയക്ക് നൽകിയ ഇളവ് ടെലികോം വിപണിയുടെ മത്സരക്ഷമതയെ തകർക്കുകയും എജിആർ കുടിശിക അടയ്ക്കുന്ന ടെലികോം കമ്പനികൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത ഏൽപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് മുൻപാകെ സംയുക്ത നിവേദനം നൽകുന്നതിനും നിയമ നടപടികൾ അടക്കമുള്ള നീക്കങ്ങളും വൊഡാഫോൺ ഇതര കമ്പനികൾ പരി​ഗണിക്കുകയാണെന്നാണ് റിപ്പോർട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT