Tech

'കോപ്പിയടി ബ്രാന്‍ഡ് 'ആരോപണം: ഷവോമി, റിയല്‍മീ പോര് മുറുകി

Dhanam News Desk

റിയല്‍മീയെ 'കോപ്പിയടി ബ്രാന്‍ഡ് 'എന്ന ആക്ഷേപിച്ച ഷവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജയിനെതിരെ പ്രതികരണവുമായി റിയല്‍ മീ മേധാവി മാധവ് സേത്ത്. ട്വിറ്ററിലാണ് ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ കമ്പനികളുടെ തലവന്മാര്‍ക്കിടയില്‍ വാക്‌പോര് മൂക്കുന്നത്. 'അന്തസ്സും ധാര്‍മ്മികതയും നിലനിര്‍ത്തണം' -ജയിനോട് മാധവ് സേത്ത് ആവശ്യപ്പെട്ടു.

ഒരു യഥാര്‍ത്ഥ നൂതന ബ്രാന്‍ഡും മാര്‍ക്കറ്റ് ലീഡറും ഇങ്ങനെ പെരുമാറില്ല. നിങ്ങളുടെ എതിരാളിയുടെ വളര്‍ച്ചയില്‍ നിങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകാം.പക്ഷേ, അന്തസ്സും ധാര്‍മ്മികതയും മറക്കരുത് -മാധവ് സേത്ത് ട്വീറ്റ് ചെയ്തു.നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന, വിപണിയില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡ് ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ല. റിയല്‍മീയെ 2020 ലെ ഏറ്റവും മികച്ച ബ്രാന്‍ഡ് ആക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ, ബാക്കിയെല്ലാം അവരുടെ കാര്യമാണ്. ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നേയില്ല - മാധവ് ട്വീറ്റ് ചെയ്തു.

നിമിഷ് ദൂബേ എന്ന ഉപയോക്താവ് 'റിയല്‍ മീ അവരുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഷവോമിയെ കണ്ടിട്ടാണ് എന്ന് ചിലര്‍ പറയുന്നു' എന്ന് ട്വീറ്റ് ചെയ്തിടത്തുനിന്നാണ് പോരിന്റെ തുടക്കം. ട്വീറ്റിന് അനുബന്ധമായി ഷവോമി ഇന്ത്യ തലവന്‍ മനുകുമാര്‍ ജെയിന്‍ രംഗത്ത് എത്തി.

'തമാശയായി തോന്നുന്നു, ഒരു കോപ്പിയടി ബ്രാന്‍ഡ് ഞങ്ങളെ അനുകരിക്കുന്നു. അവസാനം ഈ ബ്രാന്‍ഡ് പരസ്യം ചെയ്താല്‍ പോലും ചിലയാളുകള്‍ ഞങ്ങളെ കുറ്റം പറയുന്നു. എല്ലാ ബ്രാന്‍ഡുകളും ഒഎസില്‍ പരസ്യം ചെയ്യുന്നു. എന്നാല്‍ കുറ്റം ഷവോമിക്കാണ്. കാരണം ഞങ്ങളുടെ ബിസിനസ് മോഡല്‍ തീര്‍ത്തും സുതാര്യമാണ് ' - മനുകുമാര്‍ ജെയിന്‍ പ്രതികരിച്ചതിങ്ങനെ.

മനുകുമാറിന്റെ 'കോപ്പിയടി' പ്രയോഗം ഷവോമിയുടെ മാര്‍ക്കറ്റിംഗ് മേധാവി അനൂജ് ശര്‍മ്മ തുടങ്ങി മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ഏറ്റുപിടിച്ചു. പിന്നാലെ ഷവോമി സബ് ബ്രാന്‍ഡായ പോക്കോയുടെ മേധാവി സി.മന്‍മോഹന്‍ 'മിസ്റ്റര്‍ ബീനി'ന്റെ പ്രശസ്തമായ പരീക്ഷ കോപ്പിയടി വീഡിയോ പങ്ക് വച്ച് ഇങ്ങനെ കുറിച്ചു: കോപ്പിയടിയാണ് നിങ്ങളെ ഇത്രദൂരം എത്തിച്ചത്.

അതേസമയം, സി മന്‍മോഹന്‍ പോക്കോ എക്‌സ് 2 അവതരിപ്പിക്കുന്ന പോസ്റ്റില്‍ വണ്‍പ്ലസിന്റെ എക്‌സിക്യൂട്ടീവ് സീമോന്‍ കോപ്പെ വന്ന് ഇത് 'വണ്‍പ്ലസിന്റെ ടാഗ് ലൈന്‍ കോപ്പിയല്ലേ ? ' എന്ന് ചോദിച്ചു. ഇത് റീട്വീറ്റ് ചെയ്ത ഒരാള്‍ റിയല്‍മീയുടെ അഭിപ്രായം തേടിയത് മാധവ് സേത്ത് പ്രയോജനപ്പെടുത്തുകയും ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT