Tech

റഷ്യയുടെ സ്വന്തം ഇന്റര്‍നെറ്റ് പിറവിയെടുത്തു: 'റുനെറ്റ്'

Dhanam News Desk

സ്വന്തമായി ദേശീയ ഇന്റര്‍നെറ്റ് സംവിധാനം റഷ്യ വിജയകരമായി പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പ്രസിഡന്റ് പുടിന്‍ ഈ വര്‍ഷം ആദ്യം ഇതിനായുള്ള നിയമത്തില്‍ ഒപ്പുവെച്ചതിന്റെ അനുബന്ധമായാണ് 'വേള്‍ഡ് വൈഡ് വെബി'ല്‍ നിന്നു സ്വതന്ത്രമായ 'റുനെറ്റ്' ഔദ്യോഗികമായി പിറവിയെടുത്തത്.

ചൈനയ്ക്ക് പിന്നാലെയാണ് സ്വന്തം ഇന്റര്‍നെറ്റ് വികസിപ്പിക്കാന്‍ റഷ്യ ശ്രമം ആരംഭിച്ചത്.സമൂഹ മാധ്യമങ്ങള്‍ക്ക് സിദ്ധിച്ചുവരുന്ന പ്രചാരത്തിന് കടിഞ്ഞാണിടുക എന്നതാണ് പുതിയ ഉദ്യമത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ അമേരിക്കന്‍ ഭീമന്മാരെ പുറത്താക്കാനും തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം ക്രമീകരിക്കാനുമൊക്കെയാണ് ചൈനയുടെ നീക്കം. 

റഷ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റാണ് പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കിവരുന്ന റുനെറ്റ്. വേള്‍ഡ് വൈഡ് വെബുമായി വിച്ഛേദിച്ച ശേഷമുള്ള റുനെറ്റിന്റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച പരീക്ഷണം നടന്നുവരികയാണെന്ന് റഷ്യയുടെ ഡെപ്യൂട്ടി കമ്യൂണിക്കേഷന്‍സ് മന്ത്രി അലക്സെയ് സൊകൊളോവ് അറിയിച്ചു.സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കും മെസഞ്ചറുകളും ഇമെയില്‍ സേവനദാതാക്കളുമെല്ലാം പരീക്ഷണത്തില്‍ പങ്കെടുത്തു. ഏതു സാഹചര്യത്തിലും റഷ്യയ്ക്കുള്ളില്‍ ഇന്റര്‍നെറ്റ് മുറിയാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൊകൊളോവ് പറഞ്ഞു.പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

റഷ്യയ്ക്കു പുറത്തുള്ള പ്രശ്നങ്ങള്‍ അകത്തുള്ള ഇന്റര്‍നെറ്റിനെ ബാധിക്കില്ലെന്നു കണ്ടെത്തിയെന്നും സൊകൊളോവ്  പറഞ്ഞു. സ്വതന്ത്ര ഇന്റര്‍നെറ്റ് ബില്‍ അവതരിപ്പിച്ചപ്പോള്‍ റഷ്യ പറഞ്ഞത് അമേരിക്കയുടെ പുതിയ സൈബര്‍ സെക്യൂരിറ്റി തന്ത്രങ്ങള്‍  പ്രതിരോധിക്കാനാണ് ഇതെന്നാണ്. പ്രത്യക്ഷത്തില്‍ ഇതാണു കാരണമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയിലെപ്പോലെ തന്നെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം തന്നെയാണ് റഷ്യയ്ക്കുള്ളതെന്നും ചിലര്‍ പറയുന്നു.

നിലവിലെ ഇന്റര്‍നെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ കരുതുന്നത്. വിദേശ ടെക്നോളജിയെ ആശ്രയിക്കുന്നതിനെതിരെയും റഷ്യയില്‍ പുതിയ വാദങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളൊക്കെ വിദേശ നെറ്റുമായി കണക്ടു ചെയ്തിരിക്കുന്നതിനെതിരെയുള്ള നീക്കമാണ് പ്രാഥമികമായി റുനെറ്റ്. പുറമെ നിന്നുള്ള ശക്തികള്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അത് അറിയാനാകുമെന്നും പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് റഷ്യയെക്കൊണ്ടു പുതിയ വഴി തേടാന്‍ ചിന്തിപ്പിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്. വിവരങ്ങള്‍ സ്വതന്ത്രമായി പ്രവഹിക്കുന്നത് റഷ്യയിലേതു പോലെയുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനു ഭീഷണിയാണെന്ന് ന്യൂ അമേരിക്കയുടെ ഇന്റര്‍നെറ്റ് വിദഗ്ധനായ ജസ്റ്റിന്‍ ഷെര്‍മാന്‍ അഭിപ്രായപ്പെട്ടു.സൈബര്‍ സ്വാതന്ത്ര്യം എന്ന ആശയമുയര്‍ത്തുന്ന ലോകത്തെ വിവിധ സ്വേച്ഛാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകള്‍ റഷ്യയുടെ പാത തിരഞ്ഞെടുത്താല്‍ അദ്ഭുതപ്പെടേണ്ടെന്ന നിരീക്ഷണവും ശക്തം.

റുനെറ്റ് പൂര്‍ണമായി നിലവില്‍ വരുമ്പോള്‍ റഷ്യന്‍ പൗരന്മാര്‍ ചില വെബ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. 2006ല്‍ ലിങ്ക്ട്ഇന്‍, ടെലിഗ്രാം തുടങ്ങിയവ ആക്സസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രധാനപ്പെട്ട 9 വിപിഎന്‍ സേവനദാതാക്കളെ 2019 ജൂണില്‍ റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. പുതിയ നടപടിക്രമങ്ങള്‍ വഴി ഇന്റര്‍നെറ്റ് നീക്കങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കാനും ഉദ്ദേശ്യമുണ്ട്.  

രാജ്യത്തിനുള്ളിലെ ഇന്റര്‍നെറ്റ് ട്രാഫിക് ഡാറ്റ മുഴുവന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള അക്സസ് പോയിന്റുകളിലൂടെ കടത്തിവിടാനും ദേശീയ ഡൊമെയിന്‍ നെയിം സിസ്റ്റം സൃഷ്ടിച്ച് വേള്‍ഡ് വൈഡ് വെബുമായുള്ള ബന്ധം വിച്ഛേദിക്കാനുമാണ് റഷ്യ ശ്രമിക്കുന്നത്. റോസ്‌കോംനദ്‌സര്‍ ആയിരിക്കും ഇനി റഷ്യയുടെ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കൈവശം വയ്ക്കുന്ന സംഘടന. വ്യക്തികളുടെ  ഡാറ്റയും ഈ സംഘടന പരിശോധിക്കും. വിക്കിപീഡിയ, പോണ്‍ഹബ്, ആമസോണിന്റെ ചില പ്രവര്‍ത്തന മേഖലകള്‍ തുടങ്ങിയവയൊക്കെ മുന്‍പ് ബ്ലോക്ക് ചെയ്ത പരിചയവും ഈ സംഘടനയ്ക്ക് ഉണ്ട്.

ലോകവുമായുള്ള റഷ്യക്കാരുടെ ബന്ധം വേര്‍പെടുത്താനുള്ള ശ്രമമാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.അതേസമയം, തങ്ങള്‍ ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുകയല്ലെന്നും അങ്ങനെ ഒരു ഉദ്ദേശ്യവുമില്ലെന്നും പുടിന്‍ പറഞ്ഞു.

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും സര്‍വ്വാധികാരമുള്ള ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും രണ്ടു കാര്യങ്ങളല്ല. ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പ്രശ്നങ്ങള്‍ ഉറപ്പാണ്. അതു സംഭവിക്കരുതെന്നു കരുതിയാണ് പുതിയ നടപടിക്രമങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേള്‍ഡ് വൈഡ് വെബിന്റെ നിയന്ത്രണം വിദേശ രാജ്യങ്ങളുടെ കയ്യിലാണെന്നും പുടിന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT