ബുദ്ധിപരമായ ജോലികൾക്ക് (Intellectual tasks) മനുഷ്യാധ്വാനത്തേക്കാൾ വിലകുറഞ്ഞതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓപ്പൺഎഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ. ആഗോള സാമ്പത്തിക ക്രമം ഇതിനകം തന്നെ ഈ ദിശയിലേക്ക് മാറിക്കഴിഞ്ഞു. ഒരു നിശ്ചിത ബുദ്ധിപരമായ ഔട്ട്‌പുട്ട് ലഭ്യമാക്കാന്‍ ഒരു മനുഷ്യന് ആവശ്യമായ ഊർജത്തേക്കാൾ വളരെ കുറഞ്ഞ ചെലവ് മാത്രമേ എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ (Inference stage) ആവശ്യമുള്ളൂവെന്നും ഫോബ്സിന് നൽകിയ അഭിമുഖത്തിൽ ആൾട്ട്മാൻ പറഞ്ഞു.
മനുഷ്യ ബുദ്ധി വികസിപ്പിക്കാൻ പതിറ്റാണ്ടുകളോളം നീളുന്ന ജൈവിക പ്രക്രിയ ആവശ്യമാണെങ്കിൽ, എഐ സിസ്റ്റങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന കാര്യക്ഷമത കൈവരിക്കുന്നു. ഇത് ഭാവിയിൽ തൊഴിൽ വിപണിയിൽ വലിയ ആഘാതമുണ്ടാക്കും. ചില ജോലികൾ ഭാഗികമായി യന്ത്രവൽക്കരിക്കപ്പെടുമ്പോൾ, കണ്ടന്റ് ക്രിയേറ്റർമാരെപ്പോലെ മുൻപ് നിലവിലില്ലാത്ത പുതിയ തൊഴിൽ വിഭാഗങ്ങൾ ഉയർന്നുവരാനും സാധ്യതയുണ്ട്.
ഇന്ത്യ നിലവിൽ ഓപ്പൺഎഐയുടെ അതിവേഗം വളരുന്ന വിപണിയാണ്, പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ മേഖലയിലെ കോഡിംഗ് ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒന്നാമതെത്തിയേക്കാം. ഭാവിയിൽ കേവലം കോഡിംഗ് പരിജ്ഞാനത്തേക്കാൾ അഡാപ്റ്റബിലിറ്റി (Adaptability), പ്രതിരോധശേഷി, എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം എന്നിവയ്ക്കായിരിക്കും മുൻഗണന ലഭിക്കുക.
എഐ ടൂളുകൾ വിപണിയില്‍ ലഭ്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് വിമർശനാത്മക ചിന്തയ്ക്കും സർഗാത്മകതയ്ക്കും മുൻഗണന നൽകുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. പശ്ചാത്തല സൗകര്യങ്ങളും വിഭവങ്ങളുടെ കൃത്യമായ വിനിയോഗവുമാകും ഇനി എഐ രംഗത്തെ യഥാർത്ഥ മത്സരം നിശ്ചയിക്കുകയെന്നും ആൾട്ട്മാൻ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine