Samsung S25 Edge Samsung website
Tech

ആപ്പിളിന് മുമ്പ് സ്ലിം സുന്ദരിയെ കളത്തിലിറക്കി സാംസംഗ്, എസ് 25 എഡ്ജിന്റെ ഇന്ത്യയിലെ വിലയെത്രയെന്ന് അറിയാമോ?

എസ് സീരീസില്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും കനം കുറഞ്ഞ ഫോണാണിതെന്ന് സാംസംഗ്

Dhanam News Desk

എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസില്‍ സ്ലിം ഫോണ്‍ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗാലക്‌സി എസ് 25 എഡ്ജ് വിപണിയിലെത്തിച്ചാണ് സാംസംഗ് ഞെട്ടിച്ചിരിക്കുന്നത്.

163 ഗ്രാം ഭാരവും 5.8 മില്ലിമീറ്റര്‍ കനവുമുള്ള എസ് 25 ടൈറ്റാനിയം ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. സുരക്ഷക്കായി മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉള്‍പ്പെടുത്തി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിന്‍ഭാഗത്തുള്ളത്. ഐ.പി 68 റേറ്റിംഗില്‍ വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉറപ്പാക്കിയിട്ടുണ്ട്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് അമോലെഡ് (AMOLED) ഡിസ്‌പ്ലേ 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റും നല്‍കും. ആന്‍ഡ്രോയിഡ് 15ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ 7ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫൈവ് ജി, ബ്ലൂടൂത്ത് 5.4, എന്‍.എഫ്.സി, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്യാമറ

പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന 200 മെഗാപിക്‌സലിന്റെ വൈഡ് ലെന്‍സാണ് ഇവയിലൊന്ന്. കൂടാതെ 12 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സില്‍ മാക്രോ ഫോട്ടോഗ്രാഫിക്കായി ഓട്ടോ ഫോക്കസും നല്‍കിയിട്ടുണ്ട്. സാംസംഗിന്റെ പ്രോവിഷ്വല്‍ എഞ്ചിനും നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ എഡിറ്റിംഗ് ടൂളുകളും എസ്25 എഡ്ജിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീലുകള്‍ നിര്‍മിക്കാനായി പ്രത്യേക ടൂളുകളും ഫോണിലുണ്ടെന്നാണ് സാംസംഗ് പറയുന്നത്.

ഉള്ളിലെന്താ

ഗ്യാലക്‌സി ഫോണുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റാണ് ഫോണിലുള്ളത്. 45 ശതമാനം കൂടുതല്‍ പെര്‍ഫോമന്‍സും 44 ശതമാനം പവര്‍ എഫിഷ്യന്‍സിയും ഉറപ്പാക്കുന്ന ചിപ്പ്‌സെറ്റാണിത്. കൂടുതല്‍ എ.ഐ ഫംഗ്ഷന്‍സും സപ്പോര്‍ട്ട് ചെയ്യാന്‍ ഇതിനാകും. റിയല്‍ ടൈം ട്രേസിംഗും വുള്‍ക്കാന്‍ ഒപ്ടിമൈസേഷനും (Vulkan Optimisation) മികച്ച ഗെയിമിംഗ് അനുഭവം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി മറ്റൊരു പ്രത്യേകതയാണ്. മറ്റ് എസ്25 സീരീസുകളില്‍ നിന്ന് വ്യത്യസ്തമായി 3,900 എം.എ.എച്ചിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 25 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം വയര്‍ലെസ് ചാര്‍ജിംഗും സപ്പോര്‍ട്ട് ചെയ്യും.

വിലയെത്ര?

12 ജി.ബി റാമില്‍ 256 ജി.ബി, 512 ജി.ബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. 12 ജി.ബി-256 ജി.ബി പതിപ്പിന് 1,09,999 രൂപയാണ് ഇന്ത്യയിലെ വില. 512 ജി.ബി പതിപ്പിന് 1,21,999 രൂപയാകും. സാംസംഗിന്റെ ഇ-സ്‌റ്റോറുകള്‍ വഴി നിലവില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. പ്രീ ഓര്‍ഡര്‍ ഓഫറായി 256 ജി.ബി പതിപ്പിന്റെ വിലക്ക് 512 ജി.ബി പതിപ്പ് വാങ്ങാന്‍ അവസരമുണ്ട്. മേയ് 30 മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം.

Samsung launches Galaxy S25 Edge in India with pre-orders open; get 512GB variant at 256GB price until May 29, 2025

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT