Image courtesy: Canva
Tech

ചെറുകിട ബിസിനസുകൾ തകരും, എഐ നിയന്ത്രണം ഏതാനും കമ്പനികളിൽ മാത്രമാകരുതെന്ന് സത്യ നാദെല്ല

എഐ മനുഷ്യന്റെ പകരക്കാരനാകരുത്, മറിച്ച് മനുഷ്യന്റെ അറിവുമായും അനുഭവസമ്പത്തുമായും ഇതിനെ സമന്വയിപ്പിക്കുകയാണ് വേണ്ടത്

Dhanam News Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ നിയന്ത്രണം ഏതാനും വൻകിട കമ്പനികളുടെ കൈകളിൽ മാത്രമായി ഒതുങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ലോകത്തിന്റെ ജിജ്ഞാസയെ ഏതാനും കമ്പനികളെ മാത്രം ഏൽപ്പിക്കുന്നത് പുരോഗതിയല്ല. മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ എഐ മോഡലുകളിലും ചിപ്പുകളിലും ഡാറ്റാ സെന്ററുകളിലും വൻതോതിൽ നിക്ഷേപം നടത്തുന്ന ഈ സാഹചര്യത്തിൽ, ഇതിന്റെ നിയന്ത്രണം പരിമിതമായ കമ്പനികള്‍ക്ക് മാത്രം പങ്കെടുക്കാവുന്ന പന്തയം (closed race) ആയി മാറരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വെള്ളക്കോളർ ജോലികൾ ഇല്ലാതാകുമെന്നും ഇതൊരു ആയുധമാകുമെന്നും പറഞ്ഞ് അധികാരം മുഴുവൻ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ശരിയല്ലെന്നും നാദെല്ല വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എഐ നിയന്ത്രിക്കുന്നത് ചുരുക്കം ചിലർ മാത്രമാണെങ്കിൽ അതിന്റെ സാമ്പത്തിക ലാഭവും അവരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും സാധാരണ തൊഴിലാളികൾക്കും ചെറുകിട ബിസിനസുകൾക്കും ഇത് വെല്ലുവിളിയാവുകയും ചെയ്യും.

വിവിധ എഐ മോഡലുകൾ തിരഞ്ഞെടുക്കാൻ കഴിയണം

മൈക്രോസോഫ്റ്റ് തന്നെ എഐ രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണെങ്കിലും ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ നൽകുന്ന നയമാണ് സ്വീകരിക്കേണ്ടത്. ഒരു നിശ്ചിത ഇക്കോസിസ്റ്റത്തിൽ മാത്രം തളയ്ക്കപ്പെടാതെ, ഗുണമേന്മയുടെയും ചെലവിന്റെയും അടിസ്ഥാനത്തിൽ വിവിധ എഐ മോഡലുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയണം. എഐ മനുഷ്യന്റെ പകരക്കാരനാകരുത് എന്നും, മറിച്ച് മനുഷ്യന്റെ അറിവുമായും അനുഭവസമ്പത്തുമായും ഇതിനെ സമന്വയിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ സാങ്കേതികവിദ്യ സാമൂഹികമായി അംഗീകരിക്കപ്പെടണമെങ്കിൽ കമ്പനികൾ കഠിനാധ്വാനത്തിലൂടെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. സിലിക്കൺ വാലിക്ക് അപ്പുറത്തേക്ക് ഇതിന്റെ ഗുണഫലങ്ങൾ വ്യാപിക്കുമ്പോൾ മാത്രമേ എഐ അതിന്റെ പൂർണ ലക്ഷ്യം കൈവരിക്കുകയുള്ളൂ. എഐയുടെ ഗുണഫലങ്ങൾ ചുരുക്കം ചില കമ്പനികളിൽ നിന്ന് മാറി ലോകം മുഴുവൻ ലഭ്യമാക്കേണ്ടത് സുസ്ഥിരമായ ഭാവിക്ക് അനിവാര്യമാണെന്നും നാദെല്ല പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT